നടന്‍ മാത്രമല്ല, ഇനി എഴുത്തുകാരനും; ടൊവിനോയുടെ ആദ്യ പുസ്തകം 'ഒരു (കു) സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' പുറത്തിറങ്ങി

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ടൊവിനോ തോമസിന്റെ ആദ്യ പുസ്തകം 'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' ഷാര്‍ജ പുസ്തകോത്സവത്തില്‍ പുറത്തിറങ്ങി. ഓര്‍മകള്‍, കാഴ്ചപ്പാടുകള്‍, യാത്ര, സിനിമ, ഭക്ഷണം, സോഷ്യല്‍ മീഡിയ, മതം, പ്രളയം...തുടങ്ങി വിവിധ വഴികളിലൂടെയുള്ള സഞ്ചാരമാണ് പുസ്തകത്തില്‍. ഒറ്റയിരുപ്പിന് വായിച്ചു പോകാവുന്ന തരത്തില്‍ ലളിതമായ ഭാഷയില്‍ സമാഹരിച്ച പുസ്തകം കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ടൊവീനോയെ അടുത്തറിയാന്‍ സഹായിക്കും. പ്രിയപ്പെട്ട സുഹൃത്ത് തോളില്‍ കൈകെട്ടി സംസാരിക്കുന്ന അനുഭവമാണ് ഈ പുസ്തകം തരുന്നത്.
ടൊവിനോ തോമസ് തന്റെ ഇത്രയും കാലത്തെ ജീവിതത്തെ ഒതുക്കിപ്പറയാന്‍ ശ്രമിക്കുകയാണ് 'ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍. 29 വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ അത്ര സംഭവബഹുലമായതുകൊണ്ടല്ല വായനക്കാര്‍ ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ക്കാന്‍ പോകുന്നത്. പരിധിയില്ലാത്ത സഹജീവി സ്നേഹം കൊണ്ടും നിലപാടുകൊണ്ടും സ്ഫടികപാത്രം കണക്കെ വ്യക്തതയുള്ള കാഴ്ചപ്പാടുകൊണ്ടുമാണ്. യുവതലമുറയ്ക്ക് അനുകരിക്കാവുന്ന ഒരുപാട് നന്മകള്‍ ഈ യുവാവിനുണ്ട്. പ്രശസ്തിയുടെ ആകാശത്തേക്ക് അനുദിനം കുതിക്കുമ്പോഴും കാലുകള്‍ മണ്ണിലുറപ്പിച്ചുവെക്കാന്‍ ടൊവീനോ തോമസ് എന്ന കലാകാരന് കഴിയുന്നു.

പുസ്തത്തിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ മാത്രം വളര്‍ന്നോ എന്ന് ടൊവീനോ സന്ദേഹിക്കുന്നുണ്ട്. പക്ഷേ ഒറ്റയിരുപ്പിന് വായിച്ചുപോകാവുന്ന ഈ പുസ്തകം തീര്‍ച്ചയായും വായനക്കാരുടെ ചിന്തയില്‍ ഒരുപാട് ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഒട്ടും അതിശയോക്തിയോ ഏച്ചുകെട്ടോ ഇല്ലാതെ ലളിതമായി, ഒരു സുഹൃത്തിനോടെന്ന പോലെയാണ് ടൊവീനോ സംസാരിക്കുന്നത്. 30 അധ്യായങ്ങളിലായി സമാഹരിച്ച പുസ്തകത്തിന് അവതാരിക കുറിച്ചത് എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാലാണ്. മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന പുതിയ സിനിമയിലെ നായകനായ ടൊവീനോയെ ആകെയുഴിയാന്‍ മധുപാലിന്റെ കുറിപ്പിന് കഴിയുന്നു.
''ടൊവീനോയെ പോലുള്ള ചെറുപ്പക്കാര്‍ ഉണ്ടാവുന്നു എന്നത് തന്നെയാണ് നമ്മുടെയൊക്കെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതീക്ഷയായി ഞാന്‍ കാണുന്നത്. ഇങ്ങനെ ഒരു ആക്ടര്‍ മലയാളസിനിമയ്ക്ക് എല്ലാ നിലയിലും ഒരു ഭാഗ്യമാണ്.'' മധുപാല്‍ അവതാരികയില്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു.

ബഹുവര്‍ണ പേജുകളില്‍ ടൊവീനോയുടെ നിരവധി ചിത്രങ്ങളോടുകൂടി മികച്ച ലേ ഔട്ടിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്ക പുറത്തിറക്കിയ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് ഡെനിലാലാണ്. കഥാകൃത്തും നോവലിസ്റ്റുമായ വി എച്ച് നിഷാദാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായി കവി ശൈലനും ഇന്‍സൈറ്റ് പബ്ലിക്കയുടെ സാരഥി സുമേഷും പുസ്തകത്തിന്റെ പിന്നണിയിലുണ്ട്.
ഓര്‍മകള്‍
'ഒരു കുഞ്ഞു പ്രേക്ഷകൻ' എന്ന ആദ്യ അധ്യായത്തിൽ കുട്ടിക്കാലത്തെ സിനിമാ ഓർമ്മകളാണ് പങ്കുവെക്കുന്നത്. ''കുട്ടിക്കാലത്തു തന്നെ സിനിമ ജീവിതത്തിലേക്ക് നിശബ്ദമായി കടന്നുവന്നിരുന്നു. അപ്പനും അമ്മയും ചേട്ടനും ചേച്ചിയും അടങ്ങുന്ന ഞങ്ങളുടെ കൊച്ചുകുടുംബത്തിന്റെ ഇടയ്ക്കുള്ള സന്തോഷങ്ങൾ അവധിക്കാലത്തുള്ള ചില സിനിമാ തിയറ്റർ യാത്രകളായിരുന്നു.'' ഇരിങ്ങാലക്കുടയിലെ സിനിമാ ഓർമ്മകളാണ് ഈ അധ്യായം നിറയെ. സിനിമാ ഷൂട്ടിങ് കാണാൻ പോയ ഓർമ്മകളും ടൊവീനോ പങ്കുവെക്കുന്നുണ്ട്.

ഫാന്‍സ് അസോസിയേഷന്‍
ഫാൻസ് അസോസിയേഷനെ കുറിച്ചുതന്നെ രണ്ട് അധ്യായങ്ങൾ പുസ്തകത്തിൽ ഉണ്ട്. ഫാൻസുകാരുടെ നെഗറ്റീവ് മാത്രം പൊതുവേ ചർച്ച ചെയ്യപ്പെടുമ്പോൾ അതിന്റെ പോസിറ്റീവ് വശമാണ് ടൊവീനോ പറയുന്നത്. നടൻമാർക്കോ നടിമാർക്കോ വേണ്ടിയല്ല. മറിച്ച് സിനിമകൾക്കാണ് ഫാൻസ് അസോസിയേഷൻ ഉണ്ടാകേണ്ടത് എന്ന ഏറെ തെളിച്ചമുള്ള വാദമാണ് ടൊവീനോ മുന്നോട്ടുവെക്കുന്നത്.

വായന, പ്രണയം
ബാലരമ, ബാലഭൂമി, പൂമ്പാറ്റ എന്നിവയിലൂടെ വായന ശീലമാക്കിയ ടൊവീനോ എംടി, ബഷീർ, ഒ വി വിജയൻ, വേളൂർ കൃഷ്ണൻകുട്ടി... തുടങ്ങിയവരിലൂടെ ആ ലോകം വിപുലമാക്കി. കോയമ്പത്തൂരിലെ വാടകവീട്ടിൽ നിന്നും കിട്ടിയ 'ഖസാക്കിന്റെ ഇതിഹാസം' ചെലുത്തിയ സ്വാധീനം ഏറെയാണ്. പ്രണയത്തിന്റെ ലഹരിയെയും ഒരു കാമുകഭാവത്തിൽ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്.

3 ലക്ഷത്തിൽപരം വർഷത്തെ പഴക്കമുള്ള മനുഷ്യകുലത്തിന് രണ്ടരലക്ഷം വർഷത്തോളം മതമില്ലായിരുന്നു, എന്നിട്ടും മനുഷ്യൻ സുഖമായി ജീവിച്ചിരുന്നില്ലേ എന്ന് ചോദിക്കുന്ന ടൊവീനോ മനുഷ്യത്വത്തെ ഒരു മതമായും സഹജീവി സ്‌നേഹത്തെ രാഷ്ട്രീയ വിശ്വാസമായും കണ്ടാൽ എല്ലാം സിംപിളാണെന്ന് ഓർമ്മപ്പെടുത്തുന്നു. എല്ലാവരുടെ ഉള്ളിലും നന്മയുടെ ഒരു സിസ്റ്റമുണ്ടെന്നും ഇൻബിൽറ്റായ ആ സിസ്റ്റത്തെ ഉണർത്തുകയാണ് വേണ്ടതെന്നും പറഞ്ഞുവെച്ചുകൊണ്ടാണ് 'ഒരു (കു) സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ' അവസാനിപ്പിക്കുന്നത്.









0 comments