ഇതാ സ്വരയുടെ വിമര്‍ശന സ്വരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2018, 06:09 PM | 0 min read

 ലൈംഗികപീഡനക്കേസിൽ പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ ഹീനപരാമർശം നടത്തിയ പി സി ജോർജിനെതിരെ ബോളിവുഡിലും പ്രതിഷേധം. ജോർജിനെതിരെ ശക്തമായ വിമർശനവുമായി ബോളിവുഡ‌് താരം സ്വര ഭാസ്കർ രംഗത്തെത്തി. പരാതിപ്പെട്ടതിന്റെപേരിൽ കന്യാസ്ത്രീയെ കുറ്റക്കാരിയാക്കി ചിത്രീകരിക്കുന്ന പി സി ജോർജിന്റെ ഹീനപരാമർശം അറപ്പുളവാക്കുന്ന മാലിന്യമാണെന്നായിരുന്നു സ്വരയുടെ ട്വിറ്റർ പ്രതികരണം.താരങ്ങളടക്കം നിരവധിപേർ സ്വരയെ പിന്തുണച്ച് രംഗത്തുവന്നു.

എന്നാൽ, അതിന്റെപേരിൽ സ്വര ഭാസ്കറിനെ അപമാനിക്കാനാണ് ഒരുപറ്റം സംഘപരിവാർ അനുകൂലികൾ മുതിർന്നത്. സ്വരയെ മോശംസ്ത്രീയാണെന്ന് തോന്നിപ്പിക്കുന്ന പരാമർശം  രണ്ടാംകിട ബോളിവുഡ് സിനിമകളുടെ സംവിധായകനും കടുത്ത സംഘപരിവാർ അനുകൂലിയുമായ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് പ്രതിഷേധത്തെ തുടർന്ന് ട്വിറ്റർപരാമർശം പിൻവലിക്കേണ്ടിവന്നു. വിവേക് അഗ്നിഹോത്രിയുടെ മോശം പരാർശത്തിനെതിരെ സ്വര ഭാസ്കർ ട്വിറ്റർ അധികൃതർക്ക് പരാതിപ്പെട്ടു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട അധികൃതർ വിവാദപരാമർശം പിൻവലിച്ചില്ലെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതേ തുടർന്നാണ് വിവേക് അഗ്നിഹോത്രിക്ക് പരാമർശം ഡിലീറ്റ് ചെയ്യേണ്ടിവന്നത്. സൈബർ ഗുണ്ടായിസം നടത്തിയവർക്കെതിരായ സ്വരയുടെ വിജയത്തെ പിന്തുണച്ച് നിരവധിപേർ രംഗത്തുവന്നു. ഡൽഹി ജവാഹർലാൽ നെഹ്റു യുണിവേഴ്സിറ്റിയിൽ(ജെഎൻയു)നിന്ന് ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ സ്വര ഭാസ്കർ സാമൂഹ്യവിഷയങ്ങളിൽ ശക്തമായ നിലപാട് എടുക്കാറുണ്ട്. സംഘപരിവാറിന്റെ ജെഎൻയു വിരുദ്ധ നിലപാടുകളുടെ ശക്തയായ വിമർശകകൂടിയാണ് സ്വര.

തനു വെഡ്സ് മനു (2011) എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വര ഭാസ്കർ നിരവധി സ്വതന്ത്ര സിനിമാസംരംഭങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജാനാ, പ്രേം രത്തൻ ധൻ പായോ, അനാർക്കലി ഓഫ് ആറാ തുടങ്ങിയവ ശ്രദ്ധേയചിത്രങ്ങൾ. പെൺജീവിതക്കാഴ്ചകൾ തുറന്നവതരിപ്പിച്ച ശശാങ്ക ഘോഷിന്റെ വീരേ ഡി വെഡ്ഡിങ്ങിൽ സ്വരയുടെ കഥാപാത്രം ഏറെ ചർച്ചയായി. സ്ത്രീകളുടെ ലൈംഗികജീവിതം ചർച്ചചെയ്യുന്ന സിനിമയിൽ അഭിനയിച്ചതിന്റെപേരിൽ സ്വരഭാസ്കർ സാമൂഹ്യമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികളുടെ വേട്ടയാടലിന് ഇരയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home