ഓണത്തിന‌് ഒരുകലക്ക‌് കലക്കും

ഓണാഘോഷത്തിന‌് പൊലിമ കൂട്ടാൻ ഇത്തവണയും സൂപ്പർ സ‌്റ്റാർ ചിത്രങ്ങൾ എത്തുന്നു. മമ്മൂട്ടി‐ സേതു കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു കുട്ടനാടൻ ബ്ലോഗ‌്, മോഹൻലാൽ ഇത്തിക്കര പക്കിയാകുന്ന നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നിവയാണ‌് താരചിത്രങ്ങൾ. ഇതോടൊപ്പം ബിജുമേനോന്റെ പടയോട്ടവും ഫഹദ‌് ഫാസിൽ നായകനാകുന്ന അമൽ നീരദിന്റെ വരത്തൻ എന്നിവയും പ്രേക്ഷകരെ ഹരംകൊള്ളിക്കും. ടൊവിനോ തോമസിന്റെ തീവണ്ടിയും വിനയൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിയും ഓണത്തിനുണ്ട‌്.
മമ്മൂട്ടി ഹരി എന്ന ബ്ലോഗെഴുത്തുകാരനായി എത്തുന്ന കുട്ടനാടൻ ബ്ലോഗിൽ അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാർ. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാനസംരംഭമാണിത്. സേതുതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. നടൻ ഉണ്ണി മുകുന്ദൻ സഹസംവിധായകനായി എത്തുന്നു.
കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളിയെത്തുന്ന ചിത്രം അഞ്ചിന് തിയറ്ററുകളിലെത്തും. ബോബി‐ സഞ്ജയ് ടീമാണ് തിരക്കഥ. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇത്തിക്കര പക്കിയായി മോഹൻലാലും എത്തുന്നു.
അമൽ നീരദ‌് സംവിധാനവും നസ്രിയ നിർമാതാവുമാകുന്ന വരത്തനിൽ ഐശ്വര്യ ലക്ഷ‌്മിയാണ‌് ഫഹദിന്റെ നായികയാകുന്നത‌്. രണ്ട‌് വ്യത്യസ‌്ത ഗെറ്റപ്പിലാണ‌് ഫഹദ‌് സിനിമയിൽ. പറവയുടെ ക്യാമറാമാനായി പേരെടുത്ത ലിറ്റിൽ സ്വയംപാണ‌് ക്യാമറ. 22ന‌് സിനിമ തിയറ്റിലെത്തും.
നവാഗതനായ ഫെലിനിയുടെ സംവിധാനത്തിൽ ടൊവിനോ നായകനായെത്തുന്ന തീവണ്ടിയും ഉടൻ തിയറ്ററിലെത്തും. ആക്ഷേപഹാസ്യ രൂപത്തിൽ ഒരുക്കുന്ന ചിത്രം ചെയിൻ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുൽഖർ സൽമാൻ ചിത്രമായ സെക്കൻഡ് ഷോയ്ക്കുവേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തിരക്കഥ. പുതുമുഖ നടി സംയുക്ത മേനോനാണ് നായിക.
ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ‌് പടയോട്ടം . 17ന് തിയറ്ററിലെത്തും. ചെങ്കൽ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശേരി ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.









0 comments