മനസിനെ വരിഞ്ഞുമുറുക്കും ഭീതിയുടെ നീരാളിപ്പിടുത്തം

ഭയത്തെ ജയിക്കാന്‍ ഒളിച്ചോട്ടമാണ് എളുപ്പമാര്‍ഗം.പക്ഷെ മരണം തൊട്ടുമുന്നില്‍ എത്തിനില്‍ക്കുമ്പോഴോ? ഭീരുവും സാഹസികനാവാന്‍ ഒരു ശ്രമം നടത്തിനോക്കും. മനസിനെ വലിഞ്ഞുമുറുക്കുന്ന ഭീതിയുടെ നീരാളിപ്പിടുത്തം പൊട്ടിച്ചെറിയാനുള്ള വ്യഗ്രതയാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബോളീവുഡ് സംവിധായകനും എഡിറ്ററുമായ അജോയ് വര്‍മ ഒരുക്കിയ 'നീരാളി'.

രത്‌നക്കല്ലുകളുടെ മൂല്യനിര്‍ണയ വിദഗ്ദനായ സണ്ണിജോര്‍ജായാണ് മോഹന്‍ലാല്‍ എത്തുന്നത്. വീരപ്പക്കൊപ്പം(സുരാജ് വെഞ്ഞാറമൂട്) അയാളുടെ പിക്കപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന സണ്ണി. 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇരട്ടകുട്ടികളുടെ അച്ഛനാകുന്ന സന്തോഷവും പേറിയാണ് സണ്ണിയുടെ യാത്ര. വീരപ്പയാകട്ടെ നഷ്ടപ്പെടലുകളുടെ ഭാരവുംപേറിയാണ് പോകുന്നത്.

ഇവര്‍ സഞ്ചരിക്കുന്ന വാഹനം നിയന്ത്രണംവിട്ട് ഒരു കൊക്കയിലേക്ക് വീഴാറായി മരത്തടിയില്‍ ഉടക്കിനില്‍ക്കുന്നു. അതിനുള്ളില്‍ അനങ്ങാന്‍ പോലുമാകാതെ രണ്ടുപേര്‍. അറിയാതെ ഒന്നിളകിയാല്‍ മരണത്തിലേക്ക്. ഈ നിശ്ചലതയില്‍ നിന്നാണ് നീരാളിയെന്ന സിനിമ ചലിക്കുന്നത്.
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂ. പലവേളകളിലായി അവരിലെല്ലാംകാണാം
ഭയത്തിന്റെ നിഴലാട്ടം. യാത്ര തുടങ്ങുന്ന വേളമുതല്‍ സുരാജ് അവതരിപ്പിച്ച വീരപ്പയെന്ന കഥാപാത്രത്തിന്റെ കണ്ണില്‍ ഭീതിതെളിയുന്നുണ്ട്. ഫോണ്‍ ബെല്ലടിക്കുമ്പോള്‍പോലും അയാള്‍ ഞെട്ടിവിറക്കുന്നു.
മരത്തിലുടക്കി നില്‍ക്കുന്ന കാര്‍ കാഴ്ചക്കാരന്റെ ഉള്ളിലും ഭയം ജനിപ്പിക്കുമെന്ന് തീര്‍ച്ച.

സണ്ണിയുടെ ഫോണ്‍ മുതല്‍ വീരപ്പയുടെ പൊയ്ക്കാല്‍വരെ താഴേക്ക് പതിക്കുന്നത് പ്രേക്ഷകന്റെ ഉള്ളിലെ തീ ആളിക്കത്തിച്ചുകൊണ്ടാണ്. സന്തോഷ് തുണ്ടിലിന്റെ ക്യാമറാകണ്ണുകളും റോണിറാഫേലൊരുക്കിയ ബാക് ഗ്രൗണ്ട് സ്‌കോറും തീയേറ്ററിലിരിക്കുന്നവരെ ആ കൊക്കക്കരികിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്. സജു തോമസിന്റെ തിരക്കഥയും പുതുമയുള്ളതാണ്.

ഒരു വാഹനത്തിനുള്ളിലേക്ക് സിനിമ ചുരുങ്ങുമ്പോഴും സണ്ണിയുടെയും വീരപ്പയുടെയും ജീവിതസാഹചര്യങ്ങളും സമാന്തരമായി അവതരിപ്പിച്ചിട്ടുണ്ട്. അതിജീവിക്കാന്‍ മടിക്കുന്തോറും പേടി നമ്മെ പിന്തുടരുമെന്ന സത്യവും ചിത്രം മുന്നോട്ടുവയ്ക്കുന്നു. വനത്തിനുള്ളിലൂടെയുള്ള യാത്രക്കിടെ 'എനിക്ക് ആനയെ ഇഷ്ടമല്ല.. ഭരങ്കര ദേഷ്യമാണ്' എന്നാണ് സണ്ണി പറയുന്നത്. സണ്ണിയുടെ ഭാര്യയായെത്തുന്ന നദിയമൊയ്ദുവും തന്റെ പേടിയാണ് ഫോണിലൂടെ പങ്കുവയ്ക്കുന്നത്.

താരരാജാക്കന്മാരുടെ പതിവ് ചിത്രങ്ങള്‍ കാണാനെത്തിയവരെ സിനിമ പലപ്പോഴും നിരാശപ്പെടുത്തുന്നു. മുണ്ട് മടക്കിക്കുത്തലും, മീശപിരിക്കലും മാനറിസമായില്ലാത്ത സാഹസികതക്ക് അമിത പ്രാധാന്യം നല്‍കാത്ത ചിത്രത്തില്‍ ഭയം വില്ലനും ആത്മധൈര്യം നായകനുമായി മാറുന്നത് കാണാം.









0 comments