'ഇരുപതാം നൂറ്റാണ്ടില്‍ അച്ഛന്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മകന്‍'; ആദിയ്ക്കു ശേഷം പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2018, 09:22 AM | 0 min read

കൊച്ചി > ഇരുപതാം നൂറ്റാണ്ടില്‍ അഭിനയിച്ച് അച്ഛന്‍ വിസ്മയിപ്പിച്ചെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ് മകന്‍. ആദി എന്ന ഹിറ്റ്ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഇരുപത്തിയൊന്നാം  നൂറ്റാണ്ട്'.മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഇരുപതാം നൂറ്റാണ്ടി'ന് സമാനമാണ് പേരെങ്കിലും 'ഇതൊരു ഡോണ്‍ സ്റ്റോറിയല്ല' എന്ന ടാഗ്‌ലൈ‌നോടെയാണ്  പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

'രാമലീല'ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം.'ആദി' പ്രണവിന്റെ  സംഘട്ടനരംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.പീറ്റര്‍ ഹെയ്‌നും പ്രണവും ഒരുമിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത 'ഇരുപതാം നൂറ്റാണ്ട്' 1987 ല്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ 'സാഗര്‍ ഏലിയാല്‍ ജാക്കി' എന്ന അധോലോക നേതാവിന്റെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി ഒന്ന് കൂടി ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ചിത്രമായിരുന്നു 'ഇരുപതാം നൂറ്റാണ്ട്'. മലയാളത്തിലെ എണ്ണം പറഞ്ഞ അധോലോക ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്.
 



deshabhimani section

Related News

View More
0 comments
Sort by

Home