മലയാളി സംവിധായകൻ ജോയ് കെ മാത്യുവിന് ക്യൂൻസ് ലാൻഡ് സർക്കാരിന്റെ ആദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2018, 04:22 PM | 0 min read

ബ്രിസ്ബെയ്ൻ > വിദേശ മലയാളി സംവിധായകൻ ജോയ് കെ മാത്യുവിന് ക്യൂൻസ് ലാൻഡ് സർക്കാരിന്റെയും ആർഎഡിഎഫിന്റെയും ബനാന ഷെയർ കൗൺസിലിന്റെയും ആദരം. സന്ദേശ ചലച്ചിത്ര നിർമാണ രംഗത്ത് ശ്രദ്ധേയനായ ജോയ് കെ മാത്യുവിന്റെ പുതിയ ഇംഗ്ലീഷ് ചിത്രമായ  'ദ ഡിപ്പെൻഡൻസി'ന്റെ മികവിനാണ് ആദരവ് നൽകിയത്. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

സെൻട്രൽ ക്യൂൻസ്ലാൻഡ് ബിലോയ്ലയിൽ ബനാന ഷെയർ കൗൺസിൽ  മേയർ നെവ് ജി ഫെറിയറുടെ  അധ്യക്ഷതയിൽ  സംഘടിപ്പിച്ച ചടങ്ങിലാണ് ഡെപ്യൂട്ടി മേയർ വാറൻ മിഡിൽടൺ പുരസ്കാരം നൽകി ആദരിച്ചത്. കൗൺസിലർ ഡേവിഡ് സ്നൽ  ബനാന ഷെയർ കൗൺസിൽ ടൈ അണിയിച്ചു.

ക്യൂൻസ് ലാൻഡിലെ ബിലോയേല സിവിക് സെന്ററിൽ നടന്ന ചിത്രത്തിന്റെ പ്രഥമ പ്രദർശനം ക്യൂൻസ് ലാൻഡ് പാർലമെന്റംഗം കോളിൻ ബോയ്സാണ് ഉദ്ഘാടനം ചെയ്തത്.  ജോയ് കെമാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബനാന ഷെയർ മേയർ നെവ് ജി ഫെറിയർ മുഖ്യ പ്രഭാഷണം നടത്തി. ബനാന ഷെയർ ഡെപ്യൂട്ടി മേയർ വാറൻ മിഡിൽടൺ, ക്യൂൻസ് ലാൻഡ് ചീഫ് പൊലീസ് ഓഫീസർ നിക്ക് പാറ്റൺ, കൗൺസിലർ ഡേവിഡ് സ്നൽ,  പ്രൊഡക്ഷൻ കൺട്രോളർ ടി ലാസർ എന്നിവർ  സംസാരിച്ചു. സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും ക്യൂൻസ് ലാൻഡ് സർക്കാർ പ്രതിനിധികളും ആദ്യപ്രദർശനത്തിൽ പങ്കെടുത്തു. കലാ, സാംസ്കാരിക പരിപാടികളും അരങ്ങേറി. ഇൽഡിക്കോ നേതൃത്വം കൊടുത്ത തുളിപ്യൻ അന്താരാഷ്ട്ര ഫോൾക്ക് ഡാൻസും വർഗീസ് വടക്കൻ, ജോബിഷ് ലൂക്ക്, സണ്ണി ജോർജ് എന്നിവർ നേതൃത്വം കൊടുത്ത റിഥം ഓഫ് കേരളയുടെ ചെണ്ടമേളവും അെലയ്ക്കി നേതൃത്വം കൊടുത്ത ഔർ ലേഡി സ്റ്റാർ ഓഫ് ദ സീ ഉകുലേലയുടെ സംഗീതവും ചടങ്ങിന് മിഴിവേകി.

ക്യൂൻസ്ലാൻഡ് സർക്കാർ, ബനാന ഷെയർ കൗൺസിൽ, ആർ എഡിഎഫ് എന്നിവയുടെ സഹകരണത്തോടെയാണ് നടനും എഴുത്തുകാരനും സംവിധായകനുമായ  ജോയ് കെ മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിർമ്മാണ കമ്പനിയായ വേൾഡ് മദർ വിഷന്റേയും കംഗാരു വിഷന്റേയും ബാനറിൽ 'ദി ഡിപ്പൻഡൻസ്’' നിർമിച്ചത്. ഇതാദ്യമായാണ് ഇന്ത്യൻ സംവിധായകന് ഓസ്ട്രേലിയയിൽ  സർക്കാരിന്റെ സഹകരണത്തോടെ ചിത്രം നിർമിക്കാൻ അവസരം ലഭിച്ചത്. ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ഫിലിപ്പൈൻസ്, ബെൽജിയം, ചൈന, മാൾട്ട, പാകിസ്ഥാൻ, വിയറ്റ്നാം, നെതർലാൻഡ്, ഹംഗറി തുടങ്ങി പതിനൊന്നിലധികം രാജ്യങ്ങളിൽ  നിന്നുള്ള സിനിമ പ്രവർത്തകരെ പങ്കെടുപ്പിച്ച് ഒരു ഇന്ത്യൻ സംവിധായകൻ ചെയ്യുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home