ജോയ് കെ മാത്യുവിന്റെ 'ദ ഡിപ്പെന്‍ഡന്‍സ്' ആദ്യ പ്രദര്‍ശനം മെയ് 11 ന്

ബ്രിസ്ബെയ്ന്‍> സന്ദേശ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ വിദേശ മലയാളി സംവിധായകന്‍ ജോയ് കെ മാത്യുവിന്റെ 'ദ ഡിപ്പെന്‍ഡന്‍സ് ' ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മെയ് 11ന് ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് ബിലോയല സിവിക് സെന്ററില്‍ നടക്കും. വൈകിട്ട് 5.30ന് ക്യൂന്‍സ് ലാന്‍ഡ് പാര്‍ലമെന്റ് അംഗം കോളിന്‍ ബോയ്സ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ജോയ് കെ മാത്യുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബനാന ഷെയര്‍ മേയര്‍ നെവ് ജി ഫെറിയര്‍ മുഖ്യാതിഥി ആയിരിക്കും.
ബനാന ഷെയര്‍ ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍, ക്യൂന്‍സ് ലാന്‍ഡ് ചീഫ് പൊലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടി ലാസര്‍ എന്നിവരെ കൂടാതെ സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സര്‍ക്കാര്‍ പ്രതിനിധികളും പ്രഥമ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. തുളിപ്യന്‍ അന്താരാഷ്ട്ര ഫോള്‍ക്ക് ഡാന്‍സിന്റെ നൃത്തവും റിഥം ഓഫ് കേരളയുടെ ചെണ്ടണ്ടമേളവും ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദ സീ ഉകുലേലയുടെ സംഗീതവും കോര്‍ത്തിണക്കി അതിഥികള്‍ക്ക് മികച്ച ദൃശ്യവിരുന്ന് ഒരുക്കിയാണ് 'ദ ഡിപ്പന്‍ഡന്‍സി'ന്റെ ആദ്യ പ്രദര്‍ശനം.
ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരിന്റെയും ആര്‍ എ ഡി എഫിന്റെയും ബനാനാ ഷെയര്‍ കൌണ്‍സിലിന്റേയും സഹകരണത്തോടെ ജോയ് കെ മാത്യു കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച 'ദ ഡിപ്പന്‍ഡന്‍സ'് സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റെയും കംഗാരു വിഷന്റെയും ബാനറിലാണ് നിര്‍മിച്ചത്.
പൌരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് പരസ്പരം വെറുപ്പിന്റെ വിത്ത് വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാനും അധികാരം ചോദ്യം ചെയ്യപ്പെടാതെ സൂക്ഷിക്കാനും ഭരണ സംവിധാനങ്ങള്‍ നിര്‍ണയിച്ച മനുഷ്യാവകാശ ലംഘനങ്ങളുടെ അതിര്‍ത്തികള്‍ ഉല്ലംഘിച്ച് മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിദ്ധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.









0 comments