ജസരി ഭാഷയുമായി ‘സിന്‍ജാര്‍’ അടുത്തമാസം തിയറ്ററുകളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 18, 2018, 06:30 PM | 0 min read


കൊച്ചി >  പ്രാദേശികഭാഷാ പുരസ്‌കാരം ഉള്‍പ്പടെ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'സിന്‍ജാര്‍' തിയറ്ററുകളിലേക്ക്. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ നിര്‍മിച്ച ചിത്രം അടുത്തമാസം അവസാനത്തോടെ തിയറ്ററിലെത്തുമെന്ന് സംവിധായകന്‍ പാമ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാഖിലേക്ക‌് നേഴ്‌സായി പോകുന്ന രണ്ടു സ്ത്രീകള്‍ ഐഎസ് തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നതും രക്ഷപ്പെട്ട് നാട്ടിലെത്തുന്ന ഇവര്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടുവെന്നറിയുമ്പോള്‍ സമൂഹത്തിന്റെ പ്രതികരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൈഥിലി, സൃന്ദ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. 

സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു ഭാഷയില്ലെന്നായിരുന്നു മറുപടിയെന്ന് സംവിധായകന്‍ പറഞ്ഞു. പിന്നീട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് നല്‍കിയതിനുശേഷമാണ് ചിത്രത്തിന്റെ സെന്‍സര്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപ് നിവാസികള്‍ക്കായി പ്രദര്‍ശനം നടത്തുന്നതിനായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന ജസരിഭാഷ പുത്തന്‍തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നിര്‍മാതാവ് ഷിബു ജി സുശീലന്‍ പറഞ്ഞു.  പ്രാദേശികഭാഷാ പുരസ്‌കാരത്തിനുപുറമെ, നവാഗത സംവിധായകന് ഇന്ദിരാഗാന്ധി അവാര്‍ഡും ചിത്രം കരസ്ഥമാക്കി. സതീഷ്ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home