'ആമി'യുടെ ട്രെയിലര്‍ എത്തി; പ്രതീക്ഷയും നിരാശയും പങ്കുവെച്ച് പ്രേക്ഷകര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 19, 2018, 07:18 AM | 0 min read

കൊച്ചി > മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം 'ആമി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്‌‌‌‌‌‌‌‌‌‌‌ജുവാര്യറാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. ഒന്നര ലക്ഷത്തിലധികം ആളുകള്‍ യൂടൂബില്‍ ഇതുവരെ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി മഞ്‌‌‌‌‌‌‌ജു വെള്ളിത്തിരയിലെത്തുമ്പോള്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാധവിക്കുട്ടിയായുള്ള മഞ്‌‌‌ജുവാര്യരുടെ ഭാവമാറ്റത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മാധവിക്കുട്ടിയുടെ രൂപത്തിലും ഭാവത്തിലും വ്യത്യാസമേറെയുണ്ടെന്ന അഭിപ്രായവും പ്രേക്ഷകര്‍ പങ്കുവെക്കുന്നുണ്ട്. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ മതംമാറ്റം വിഷയമാകുന്ന പശ്ചാത്തലത്തില്‍ സംഘപരിവാര്‍ അനുകൂലികള്‍ രൂക്ഷമായ പ്രതികരണവും നടത്തുന്നുണ്ട്.

മുരളി ഗോപി, അനൂപ് മേനോന്‍, രഞ്‌‌‌ജി പണിക്കര്‍, ടോവിനോ തോമസ്, കെപിഎസി ലളിത എന്നിവരാണ് ട്രെയിലറില്‍ എത്തിയിട്ടുള്ള മറ്റു താരങ്ങള്‍. റഫേല്‍ തോമസ് പോഴോലിപറമ്പില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്‌ഠനാണ് നിര്‍വഹിച്ചിരിക്കുന്നത്.

ബോളിവുഡ് താരം വിദ്യാബാലന്‍ ആമിയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും ആമിയായി മഞ്‌‌‌ജുവാണ് എത്തുകയെന്നും കമല്‍ സ്ഥിരീകരിക്കുകയായിരുന്നു. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഫെബ്രുവരി ഒന്‍പതിന് ചിത്രം തീയേറ്ററിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home