തമിഴനെന്ട്രു സൊല്ലെടാ, തലൈ നിമിര്‍ന്തു നില്ലെടാ

തമിഴ്നാട്ടിലെയും ഇന്ത്യയിലെ തന്നെയും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ വീക്ഷണങ്ങളുടെ ജനപ്രിയ രേഖീകരണമായി 'മെര്‍സലി'ന് അനുകൂലമായി രൂപപ്പെട്ട ജനവികാരത്തെ വിലയിരുത്തുന്നതായിരിക്കും യുക്തിസഹം. മണിരത്നം സിനിമകളിലൂടെ മഹത്വവല്‍ക്കരിക്കപ്പെട്ട അഖണ്ഡ ദേശീയതയുടെ മഹാഖ്യാനങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ്, പ്രദേശവാസനകളുടെ ഭാഷയും സംസ്കാരവും ചരിത്രവും വീരാരാധനയും നിറഞ്ഞു തുളുമ്പുന്ന തമിഴത്തത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ സിനിമ...
നൂറ്റി മുപ്പത് കോടി രൂപ ചിലവാക്കി നിര്‍മിച്ച സിനിമയാണ് മെര്‍സല്‍ എന്ന് നിര്‍മാതാക്കള്‍ പറയുന്നു. ദീപാവലി ദിവസം തമിഴ് നാട്ടിലും ഇന്ത്യക്കകത്തും പുറത്തും പ്രദര്‍ശനം ആരംഭിച്ച മെര്‍സല്‍ അഞ്ചു ദിവസം പിന്നിട്ടപ്പോഴേക്ക് നൂറ്റി അമ്പതു കോടി രൂപ കളക്ട് ചെയ്തു കഴിഞ്ഞു. ഇതില്‍ എണ്‍പതു കോടിയും തമിഴ്നാട്ടില്‍ നിന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്ര, വിദേശത്തുനിന്നെത്ര എന്നീ വിശദാംശങ്ങളൊക്കെ അന്വേഷിച്ചാല്‍ ലഭ്യമാവും. ഏതായാലും മുടക്കുമുതലിന്റെ അത്രയും തുക ഇന്ത്യയില്‍ നിന്നുതന്നെ അഞ്ചുദിവസം കൊണ്ട് നേടിക്കഴിഞ്ഞു എന്ന് ഏകദേശം മനസ്സിലാക്കാം. അതോടൊപ്പം, മറ്റൊരു കാര്യം കൂടി മനസ്സിലാക്കാവുന്നതാണ്. ഏകദേശം ഇരുപതു കോടിയിലധികം രൂപ, ഈ വരുമാനത്തില്‍ നിന്ന് ജിഎസ്ടിയായി സര്‍ക്കാരിന് ലഭിക്കുമെന്നതാണത് (അതും രൂക്ഷമായ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുമ്പോള്‍).
ഞാന്‍ തന്നെ രണ്ടുതവണ, മെര്‍സല്‍ കണ്ടപ്പോള്‍ ഒരിടത്ത് റിസര്‍വേഷനടക്കം നൂറ്റിപതിനഞ്ചു രൂപയും മറ്റൊരിടത്ത് നൂറ്റിപതിനെട്ടു രൂപയും ചാര്‍ജ് കൊടുത്താണ് ടിക്കറ്റുകളെടുത്തത്. ഇതില്‍ ഓരോ ടിക്കറ്റിനും പതിനെട്ടു രൂപ വീതം ജിഎസ്ടി വരുന്നുണ്ടെന്നാണ് ടിക്കറ്റില്‍നിന്ന് മനസ്സിലാക്കുന്നത്. അതായത്, അഞ്ചു ദിവസം കൊണ്ട് ഇരുപതു കോടി രൂപ ജിഎസ്ടിയായി സര്‍ക്കാരിലേക്കൊടുക്കിയ; അഥവാ ഇന്ത്യയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതിനുശേഷം ഒറ്റ സിനിമയുടെ വരുമാനത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ജിഎസ്ടിയായി സര്‍ക്കാരിലേക്കൊടുക്കിയ മെര്‍സല്‍ പക്ഷേ, ജിഎസ്ടിയെ എതിര്‍ത്തു അല്ലെങ്കില്‍ പരിഹസിച്ചു എന്നതിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ്. മാത്രമല്ല, ഈ സിനിമയിലെ മൂന്ന് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ താരം വിജയിന്റെ മുഴുവന്‍ പേര് ജോസഫ് വിജയ് എന്നായതിനാലാണ് അദ്ദേഹം, ജിഎസ്ടിയെ എതിര്‍ത്തതെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവ് എച്ച് രാജ ആരോപിക്കുകയും ചെയ്തിരിക്കുന്നു.
തമിഴ് സിനിമയില്‍ എല്ലാക്കാലത്തും കാണാവുന്ന തരത്തിലുള്ള സൂപ്പര്‍താര പ്രഭാവം കൊണ്ടാടുന്ന ബിഗ് ബജറ്റ് ജനപ്രിയ സിനിമ തന്നെയാണ് മെര്‍സല്‍. ആറ്റ്ലി സംവിധാനം ചെയ്ത സിനിമ ആരംഭിക്കുന്നതുതന്നെ നാലു തട്ടിക്കൊണ്ടുപോകലുകളോടെയാണ്. ഇളയ ദളപതി എന്നറിയപ്പെട്ടിരുന്ന വിജയിന്, മെര്‍സലിന്റെ ടൈറ്റിലില്‍ ദളപതി എന്നു സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു. പ്രശസ്ത സംവിധായകനായ എസ് എ ചന്ദ്രശേഖറിന്റെ മകനാണ് വിജയ്. ബോളിവുഡിലും കോളിവുഡിലും തെലുങ്ക്, കന്നട ഇന്‍ഡസ്ട്രികളിലും എന്തിന് മലയാള സിനിമയിലടക്കം സാധാരണമായി നടക്കാറുള്ളതു പോലെ, താരങ്ങളും സംവിധായകരും നിര്‍മാതാക്കളും മറ്റുമടങ്ങുന്ന സിനിമാകുടുംബത്തില്‍ നിന്ന് മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്ന വിജയ്, കമല്‍ഹാസനെപ്പോലെ, ബാലതാരമായും മറ്റും ഏതാനും സിനിമകളിലഭിനയിച്ചതിനു ശേഷം; പൂവെ ഉനക്കാക(1996), കാതലുക്കു മര്യാദൈ(1997) തുടങ്ങിയ സിനിമകളിലൂടെ കൌമാരപ്രായക്കാരനായ റൊമാന്റിക് നായകന്‍ എന്ന വിശേഷണത്തോടെ മുന്‍നിരയിലെത്തി. തുള്ളാത മനവും തുള്ളും (1999), ഖുശി(2000), ഫ്രണ്ട്സ് (മലയാളത്തില്‍ നിന്നുള്ള റീമേക്ക്/2001) എന്നീ ഹിറ്റുകള്‍ക്കു ശേഷം; തിരുമലൈ, ഖില്ലി, തിരുപ്പാച്ചി, സച്ചിന്‍, ശിവകാശി, പോക്കിരി, വേട്ടൈക്കാരന്‍, വേലായുധം, നന്‍പന്‍, തുപ്പാക്കി, ജില്ല, കത്തി, തെരി, ഭൈരവ എന്നിങ്ങനെ സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ബ്ളോക്ക് ബസ്റ്ററുകളുകളിലെ നായകവേഷങ്ങളിലൂടെ വിജയ്, ഫാന്‍സുകളുടെ വിജയതാരമായി എന്നോ മാറിക്കഴിഞ്ഞു. പോക്കിരി, വേട്ടൈക്കാരന്‍ പോലുള്ള സിനിമകളില്‍ പൊലീസുകാരനായും പൊലീസ് ആപ്പീസറായും തുപ്പാക്കിയില്‍ പട്ടാള ക്യാപ്റ്റനായുമാണ് വിജയ് 'നന്മ'കള്‍ക്കു വേണ്ടിയും 'തിന്മ'കള്‍ക്കെതിരായും പട നയിച്ചതെങ്കില്‍, അതിനുപുറകെ അദ്ദേഹം നായകനായ ഏതാനും സിനിമകള്‍ ഇന്ത്യയും പ്രത്യേകിച്ച് തമിഴ്നാടും നേരിടുന്ന അതിഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളെ സംബന്ധിച്ച ജനകീയ നിലപാടുകളോട് താദാത്മ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങളാണ് സ്വീകരിച്ചത്.
എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്ത കത്തി(2014)യുടെ പ്രമേയം, കര്‍ഷക ആത്മഹത്യകളും കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ പിടിച്ചെടുക്കുന്നതും പോലുള്ള ഗൌരവമുള്ള സമകാലികപ്രശ്നങ്ങളാണ്. 2014ലെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു കത്തി. മെര്‍സല്‍ സംവിധാനം ചെയ്ത ആറ്റ്ലിയുടെ തന്നെ സിനിമയായിരുന്ന തെരി(2016)യില്‍ പൊലീസ് ആപ്പീസറായി, കുറ്റവാളികളെ കശാപ്പ് ചെയ്യുന്ന വേഷം വീണ്ടും വിജയ് കൈകാര്യം ചെയ്തു. ഭരതന്‍ സംവിധാനം ചെയ്ത ഭൈരവ(2017)യില്‍, സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പണക്കൊള്ളയും നിലവാരരാഹിത്യവുമാണ് വിഷയമായത്. പൊലീസും പട്ടാളവും മറ്റ് കാക്കിധാരി നായകന്മാരും അധോലോകം, തീവ്രവാദികള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും എന്നിവരെ തകര്‍ക്കുന്ന സ്ഥിരം ഇതിവൃത്തം ചിലപ്പോള്‍ ഭേദഗതി ചെയ്തും ചിലപ്പോള്‍ മാറ്റിമറിച്ചും വര്‍ത്തമാന കാല സാമൂഹ്യ/രാഷ്ട്രീയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളിലേക്കുള്ള ചുവടുമാറ്റമാണ് ഇവിടെ ശ്രദ്ധേയമായിരിക്കുന്നത്.
എന്നാല്‍. ഇത് തീര്‍ത്തും പുതിയതായ ഒരു പ്രവണതയാണെന്നും പറയാന്‍ പറ്റില്ല. തമിഴ് സിനിമ കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തുവരുന്നുണ്ട്. തമിഴ് സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും രാഷ്ട്രീയ-സാമൂഹ്യ പ്രസക്തിയുള്ള സിനിമയായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് പരാശക്തി(1952)യാണ്. ദ്രാവിഡപ്രസ്ഥാനത്തിന്റെ നേതാവും തിമുക അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയുടെ സുപ്രസിദ്ധ തിരക്കഥയെ അവലംബിച്ചാണ് പരാശക്തി ചിത്രീകരിച്ചിട്ടുള്ളത് (കഥ: പാവലര്‍ ബാലസുന്ദരം, സംവിധാനം: ആര്‍ കൃഷ്ണന്‍, എസ് പഞ്ചു). ഇപ്പോള്‍, മെര്‍സലെന്നതുപോലെ ആ വര്‍ഷത്തെ ദീപാവലി ആഘോഷ സീസണിലാണ് പരാശക്തിയും പ്രദര്‍ശനത്തിനെത്തിയത്. നടികര്‍ തിലകം ശിവാജി ഗണേശന്‍ ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു പരാശക്തി. രണ്ടാം ലോകയുദ്ധ കാലത്ത്, ഒരു തമിഴ് കുടുംബം നേരിട്ട പ്രതിസന്ധികളും അവരതെങ്ങനെ തരണം ചെയ്തു എന്നതുമാണ് സിനിമയിലെ പ്രമേയം.
ദ്രാവിഡ പ്രസ്ഥാനത്തിന്റെ സാമൂഹികവും ചരിത്രപരവും രാഷ്ട്രീയവും സാംസ്കാരികവുമായ ഉണര്‍ച്ചയെ ലക്ഷ്യമിട്ട് ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ തിരക്കഥയായിരുന്നു പരാശക്തിയുടേത്. ബ്രാഹ്മണ വിരുദ്ധതയും, ഹിന്ദുമതാചാരങ്ങളെ സംബന്ധിച്ച രൂക്ഷമായ പരിഹാസങ്ങളും നിറഞ്ഞുനിന്ന- യുവതിയെ ക്ഷേത്രത്തിനകത്തുവച്ച് കയറിപ്പിടിക്കാന്‍ നോക്കുന്ന പുരോഹിതനെന്ന ദുഷ്ട കഥാപാത്രം പരാശക്തിയുടെ ഹൈലൈറ്റായിരുന്നു- പരാശക്തി വന്‍വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും, ചിത്രം നിരോധിക്കണമെന്ന ആവശ്യമടക്കം ഉന്നയിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം ചേര്‍ന്ന് സിനിമ പടുകൂറ്റന്‍ ഹിറ്റായിത്തീരുകയും, പില്‍ക്കാലത്ത് ദ്രാവിഡപ്രസ്ഥാനം തമിഴ്നാടിന്റെ ഭരണഭാഗധേയം തന്നെ ഏറ്റെടുക്കുന്ന വിധത്തില്‍ വളര്‍ന്നുവലുതാകുകയും ചെയ്തു. പിന്നീട് പലതായി പിളര്‍ന്നെങ്കിലും ദ്രാവിഡപ്രസ്ഥാനത്തിന്റെ രാഷ്ട്രീയ- സാംസ്കാരിക സ്വാധീനം തന്നെയാണ് തമിഴ് നാടിനെ ഇപ്പോഴും നിയന്ത്രിക്കുന്നത്.
ആദ്യദശകങ്ങളില്‍ സാധാരണ വേഷങ്ങളിലഭിനയിച്ചിരുന്ന എം ജി ആര്‍, 1950കളോടു കൂടി സ്റ്റിരിയോടിപ്പിക്കല്‍ എന്ന് വിശേഷിപ്പിക്കാവുന്ന താര- നായകത്വ രൂപത്തിലുള്ള വേഷങ്ങളിലേക്ക് തന്നെ പ്രതിഷ്ഠിച്ചു. ജനപ്രിയമായ വിചാര വികാരങ്ങളെ ഉള്‍ക്കൊള്ളുന്നതും എടുത്തുയര്‍ത്തുന്നതും, ദ്രാവിഡ വൈകാരികതയെ ഊതിവീര്‍പ്പിക്കുന്ന ഐതിഹാസികതയുടെ പിന്‍ബലമുള്ളതുമായ നായകപ്രരൂപങ്ങളായി എം ജി ആര്‍ കാലത്തിനൊത്ത്, കാലത്തിനപ്പുറം വളര്‍ന്ന് പന്തലിച്ചു. കഥാഗാത്രങ്ങളിലും സംഭാഷണങ്ങളിലും പാട്ടുകളിലും മറ്റുമെല്ലാം അദ്ദേഹം ഇടപെട്ടുപോന്നു. തന്റെ ഇമേജിനെ തകര്‍ക്കാത്തതും അതിനെ എടുത്തുയര്‍ത്തുന്നതുമായ രീതിയില്‍ സിനിമകളുടെ ഇതിവൃത്ത-ആഖ്യാന പരിഗണനകള്‍ മാറ്റിമറിക്കപ്പെട്ടു. ഇത് മറ്റു താരങ്ങളുടെ കാര്യങ്ങളിലും സമാനമാണ്. താരനിര്‍മിതി എന്നത്, മുഖ്യധാരാസിനിമയുടെ അനിവാര്യമായ ഒരു വാണിജ്യ ആധാരമായതിനാല്‍ അത് ആരാലും ചോദ്യം ചെയ്യപ്പെട്ടതുമില്ല. 1953 മുതല്‍ 1972 വരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി എംകെ/തിമുക) അംഗമായിരുന്നു അദ്ദേഹം. തമിഴ് സ്വത്വത്തിന്റെയും ദ്രാവിഡത്വത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനയായിട്ടാണ് തിമുക വളര്‍ന്നുവലുതായത്. നിരീശ്വരവാദം, ബ്രാഹ്മണ വിരുദ്ധത, തമിഴക സ്വാതന്ത്യ്രം എന്നീ മൂല്യങ്ങളാണ് തിമുകക്കുള്ളതായി കരുതപ്പെട്ടിരുന്നത്. ഇവയുടെ തന്നെ ജനപ്രിയവും ലളിതവത്ക്കരിക്കപ്പെട്ടതുമായ ഇതിവൃത്ത-ആഖ്യാനങ്ങളാണ് എം ജി ആറിന്റെ അക്കാലത്തെ സിനിമകളിലുണ്ടായിരുന്നത്. പാര്‍ടിയുടെ കൊടിയും നിറവും പലപ്പോഴും തിരശ്ശീലയില്‍ കാണാമായിരുന്നു. തിമുകയുടെ വളര്‍ച്ചക്ക് എം ജി ആറിന്റെ താരപരിവേഷവും ജനപ്രിയതയും, തിരിച്ച് അദ്ദേഹത്തോടുള്ള ആഭിമുഖ്യത്തിന് തിമുകയുടെ സ്വാധീനവും പരസ്പരം പ്രയോജനപ്പെടുത്തപ്പെട്ടു. സിനിമയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഒരുപാധിയായിട്ടാണ് തിമുക കരുതിപ്പോന്നിരുന്നത്. അന്നും ഇന്നും ആ പാര്‍ടിയുടെ മുഖ്യനേതാവായ കലൈഞ്ജര്‍ കരുണാനിധി, തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്നു എന്നത് വീണ്ടും എടുത്തുപറയേണ്ട കാര്യമാണ്.
ഈ സാഹചര്യം, എം ജി ആറിനെ, ജീവിതവും ഇമേജും പരസ്പരം വേര്‍തിരിക്കാന്‍ കഴിയാത്ത വിധം ഒന്നാണ് എന്ന രീതിയിലേക്കെത്തിച്ചു. സിനിമയും യാഥാര്‍ഥ്യവും തമ്മിലുള്ള ഒരു സംലയനം ഇവിടെ സംഭവിക്കുന്നുണ്ടെന്നു ചുരുക്കം. വോട്ടിങ്ങിലും തെരഞ്ഞെടുപ്പു വിജയങ്ങളിലുമൊക്കെ ഇത് പ്രകടമായ രീതിയില്‍ തന്നെ സ്വാധീനം ചെലുത്തുകയും അധികാരരാഷ്ട്രീയം അതിനനുസരിച്ച് മാറിത്തീരുകയും ചെയ്തു. 1972ല്‍ പക്ഷേ, എം ജി ആറിന് തിമുക വിടേണ്ടി വന്നു. അതിനെ തുടര്‍ന്ന് അദ്ദേഹം രൂപീകരിച്ച അതിമുക, അനൈറ്റിന്ത്യ അതിമുക(അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം)യായി എം ജി ആറിനെ പിന്തുണച്ച ജനകോടികളെയും കൊണ്ടുപോന്നു. 1987-ല്‍ അദ്ദേഹത്തിന്റെ മരണം വരെയും അവര്‍ അദ്ദേഹത്തോടൊപ്പം നിന്നു. പിന്നീടും അദ്ദേഹത്തോടുള്ള ആഭിമുഖ്യമാണ് അമ്മ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ജയലളിതയോടുള്ള ആഭിമുഖ്യം, അവരുടെ മരണംവരെയും നിലനിന്നതെന്നും സാമാന്യമായി വിലയിരുത്താം.
ദരിദ്രനായ നായകന്‍, ദൈനംദിനം അഭിമുഖീകരിക്കുന്ന ചൂഷണങ്ങള്‍ക്കെതിരായി പടപൊരുതുന്നതാണ് മിക്ക എം ജി ആര്‍ സിനിമകളിലെയും ഇതിവൃത്തം. കര്‍ഷകന്‍, മത്സ്യത്തൊഴിലാളി, റിക്ഷാവലിക്കുന്നവന്‍, തോട്ടക്കാരന്‍, ടാക്സി ഡ്രൈവര്‍, ക്വാറി തൊഴിലാളി, സര്‍ക്കസ് കലാകാരന്‍, ചെരുപ്പുകുത്തി, ഇടയന്‍ എന്നീ വേഷങ്ങളെല്ലാം അദ്ദേഹം ചെയ്തു. തൊഴിലാളി, വിവസായി(കൃഷിക്കാരന്‍), പടകോട്ടി(തോണി തുഴയുന്നവന്‍), മാട്ടുക്കാര വേലന്‍(കന്നിനെ മേക്കുന്നവന്‍), റിക്ഷാക്കാരന്‍, മീനവനമ്പന്‍(മീന്‍ പിടുത്തക്കാരന്റെ സുഹൃത്ത്) എന്നീ സിനിമകളുടെയെല്ലാം ശീര്‍ഷകങ്ങള്‍ തന്നെ അവയുടെ ദരിദ്ര പക്ഷപാതിത്വത്തെ സൂചിപ്പിക്കുന്നു. ധനികനായും ദരിദ്രനായും അദ്ദേഹത്തിന് ഡബിള്‍ റോളാണെങ്കില്‍ ദരിദ്രന്റെ റോളിനാണ് പ്രാമുഖ്യം കിട്ടുക. കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ നോക്കുന്ന ജന്മിയാണ് വിവസായിയിലെ വില്ലന്‍. ധനിക കര്‍ഷകനാണ് എങ്ക വീട്ടു പിള്ളൈയിലെ വില്ലന്‍. ദരിദ്രരെ പിഴിയുന്ന ബ്ളേഡുകാരാണ് പടകോട്ടിയിലെ വില്ലന്മാര്‍. തൊഴിലാളികളെ പിരിച്ചുവിടുന്ന വ്യവസായമുതലാളിമാരാണ് തൊഴിലാളിയിലെ വില്ലന്മാര്‍. മുഖരാശി, മാടപ്പുര, ആയിരത്തില്‍ ഒരുവന്‍ എന്നീ സിനിമകളിലെല്ലാം പ്രതിനായകന്മാര്‍, പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കാന്‍ നോക്കുന്നു. തയിര്‍ തിരുവിഴയില്‍, പാവപ്പെട്ട പെണ്‍കുട്ടികളെ കടന്നാക്രമിച്ച് ഗര്‍ഭിണികളാക്കി വിടുന്നവരാണ് വില്ലന്മാര്‍. നാടോടിയില്‍, കീഴാള ജാതിക്കാരെ അയിത്തം പുലര്‍ത്തി അവര്‍ അകറ്റി നിര്‍ത്തുന്നു.
വിവാഹിതരായിരിക്കെത്തന്നെ മറ്റു സ്ത്രീകളില്‍ കമ്പം പുലര്‍ത്തുന്നവരെ വിവസായിയിലും ജെനോവയിലും ആശൈമുഖത്തിലും മഹാദേവിയിലും കാണാം. ഇവരെ എം ജി ആര്‍ പരാജയപ്പെടുത്തുന്നതാണ് ഈ സിനിമകളിലൊക്കെയും ഇതിവൃത്തമായി വരുന്നത്. എന്നാല്‍, എം ജി ആര്‍ അധികാരത്തിലിരുന്ന പതിനൊന്ന് വര്‍ഷം, സംസ്ഥാനത്തിന്റ നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും അതിദരിദ്രര്‍ മുതല്‍ ഇടത്തരക്കാര്‍ വരെയുള്ള സാധാരണക്കാരില്‍ നിന്നാണ് ശേഖരിച്ചത് എന്ന് എം എസ് എസ് പാണ്ഡ്യന്‍ കണക്കുകളിലൂടെ വിശദീകരിക്കുന്നുണ്ട്. ആദ്യം മദ്യനിരോധനം ഏര്‍പ്പെടുത്തിയ എം ജി ആര്‍ പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, 1982ല്‍ ആരംഭിച്ച ഉച്ചയൂണ്‍ പദ്ധതി അടക്കമുള്ള ജനപ്രിയ നടപടികളിലൂടെയും മുമ്പ് തന്നെ ശാശ്വതവത്ക്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ താരവിഗ്രഹാരാധനയിലൂടെയും ഈ ഇരട്ടത്താപ്പ് കാണാതെ പോകുകയും വിലയിരുത്തപ്പെടാതെ പോകുകയും ചെയ്തു. 1976ല്‍ റീലീസ് ചെയ്ത എം ജി ആറിന്റെ ഉഴൈക്കും കരങ്കള്‍(തൊഴിലെടുക്കുന്ന കൈകള്‍) എന്ന ഹിറ്റ് സിനിമ, മെര്‍സലിലെ ഫ്ളാഷ്ബാക്കില്‍ മധുരൈ റൂറലിലെ ഗ്രാമസിനിമാശാലയില്‍ കാണിക്കുന്നുണ്ട്. തിരശ്ശീലയില്‍ വാത്തിയാര്‍ വിജയശ്രീലാളിതനായി നടക്കുന്നതിനു സമാന്തരമായി സീറ്റുകള്‍ക്കിടയിലൂടെ വില്ലനെ പിടികൂടാന്‍ വെട്രിമാരന്‍(വിജയ്) നടക്കുന്നത് പതിറ്റാണ്ടുകളെ അതിജീവിക്കുന്ന നായകത്വ സമാന്തരങ്ങളെ നിര്‍മിച്ചെടുക്കുന്നു.
രജിനികാന്തിന്റെ സിനിമകളിലും രാഷ്ട്രീയ വിമര്‍ശനങ്ങളും സാമൂഹ്യ പരിഹാസങ്ങളും കടന്നുവരാറുണ്ട്. അദ്ദേഹത്തിന്റേതായി അവസാനം പുറത്തു വന്ന കബാലി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍, രജിനി ദളിത് നേതാവായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അംബേദ്കറിസത്തെ ഉയര്‍ത്തിക്കാട്ടുന്ന കബാലിയിലെ ചില സംഭാഷണങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായി. കമല്‍ഹാസന്റെ സിനിമകളില്‍ ചിലത് ലളിതമായിരിക്കെത്തന്നെ മറ്റു ചിലത് അതിസങ്കീര്‍ണമായ വിധത്തിലാണ് (ഹേറാം, അന്‍പേ ശിവം, വിശ്വരൂപം) രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
മെര്‍സല്‍ ആരംഭിക്കുന്നത് ഏതാനും തട്ടിക്കൊണ്ടു പോകലുകളി(കടത്തല്‍)ലൂടെയാണ്. ബെസന്ത് നഗറില്‍ പുലര്‍ച്ചെ മൂന്നു മണിക്കും വേളാച്ചേരിയില്‍ മൂന്നരക്കും ബോട്ട് ക്ളബ്ബില്‍ നാലരക്കും എന്നിങ്ങനെ, ആംബുലന്‍സ് ഡ്രൈവറെയും സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ കമ്മീഷനേജന്റിനെയും ആശുപതി സൂപ്രണ്ടിനെയും ഡോക്ടറെ ത്തന്നെയുമാണ് ആരോ പിടികൂടുന്നത്. ഇതിന്റെ അന്വേഷണവുമായി നീങ്ങുന്ന പൊലീസ് ആപ്പീസറുടെ മുന്നിലേക്കും അതു വഴി പ്രേക്ഷകരിലേക്കും വിജയ് അവതരിപ്പിക്കുന്ന പല കഥാപാത്രങ്ങളിലൂടെ കഥ വിവരിക്കപ്പെടുന്നു. സത്യരാജ് അവതരിപ്പിക്കുന്ന പൊലീസ് വിജയിന്റെ ഒരു കഥാപാത്രത്തെ - ഡോക്ടര്‍ മാരന്‍ - പിടികൂടി, കയ്യാമം വെച്ച് ചോദ്യം ചെയ്യുന്നു. നീ കുറ്റ്രവാളിയോ തീവ്രവാദിയോ അതോ ഏതാവത് ഇനത്തിന്‍(ഗൂഢ സംഘം) തലൈവനോ? എന്നാണ് പൊലീസ് ആപ്പീസറുടെ ചോദ്യം. ധര്‍മാസ്പത്രിയല്ല, കോടിക്കണക്കിന് പണം കൊണ്ട് കെട്ടിയ ആശുപത്രിയില്‍ രോഗികളായെത്തുന്നവരുടെ നിസ്സഹായത ചൂഷണം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയേ നിവൃത്തിയുള്ളൂ എന്ന നടത്തിപ്പുകാരുടെ ന്യായം വിചാരണ ചെയ്യപ്പെടുകയും മുഖ്യധാരാ-താരാധിപത്യ സിനിമകളില്‍ പതിവുള്ളതു പോലെ കൊലകളിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
വൈഗൈ പുയല്‍ വടിവേലു, ഹാസ്യ സീനുകളുടെ ചുമതലക്കാരനായിരിക്കെത്തന്നെ അദ്ദേഹത്തിന്റെ വടിവ് എന്ന കഥാപാത്രം, സഹോദരങ്ങളായ വെറ്റ്രിക്കും മാരനുമിടയിലുള്ള കണ്ണിയായി പ്രവര്‍ത്തിച്ച് കഥയുടെ യുക്തികള്‍ പൂരിപ്പിക്കുകയും നായകരുടെ പ്രതികാരക്രിയകള്‍ എളുപ്പമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. സിനിമയുടെ തുടക്കത്തിലുള്ള കടത്തലുകളെല്ലാം നടത്തുന്നത് വടിവാണ്. വെറ്റ്രി എന്ന മാന്ത്രികന്റെ സഹായിയും മാരന്‍ എന്ന ഡോക്ടറുടെ ക്ളിനിക്കിലെ കമ്പൌണ്ടറുമാണ് വടിവ്. മാരനെ വില്ലന്മാര്‍ ഇടിച്ചിടുമ്പോള്‍, അയാളറിയാതെ എന്നാല്‍ അയാളുടെ അര്‍ധബോധത്തില്‍ തെളിഞ്ഞുകൊണ്ട്, വടിവ് അയാളെ ചുമന്നുകൊണ്ടു പോയി രക്ഷിക്കുന്നു. മാജിക്കുകാരനാണ് വെറ്റ്രി. ഇത് രണ്ടാളാണ് എന്നു മനസ്സിലാകുന്നതിനുമുമ്പ്, മാജിക്കുകാരനായ ഡോക്ടര്‍, വൈദ്യം തെരിന്ത(അറിയുന്ന) മാജിക്കുകാരന്‍ എന്നിങ്ങനെ രണ്ടും ഒരാളാണ് എന്ന നിഗമനത്തിലായിരുന്നു പൊലീസും കാണികളും. വെള്ളമുണ്ട് (വേഷ്ടി) ഉടുത്താണ് ഡോക്ടര്‍ മാരന്‍ വിദേശത്ത് പുരസ്കാരം സ്വീകരിക്കാന്‍ എത്തുന്നത്. പാരീസ് വിമാനത്താവളത്തില്‍ ഈ കാരണത്താല്‍ അദ്ദേഹം കടുത്ത പരിശോധനക്ക് വിധേയനാകുന്നു. സസ്പെക്ടഡ്, നിന്റെ ഷര്‍ട്ടൂര്, വേഷ്ടിയഴിക്ക് എന്നെല്ലാം ആജ്ഞാപിക്കുന്നത് അദ്ദേഹത്തിനനുസരിക്കേണ്ടി വരുന്നുണ്ട്. അതിനിടയില്‍, വിമാനത്താവളത്തിലെ ഭക്ഷണശാലകള്‍ സ്ഥിതി ചെയ്യുന്ന ഏരിയയില്‍വച്ച് എന്തോ പാനീയം കഴിച്ച് അത് തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞുവീഴുന്ന വിദേശ യുവതിയെ മാരന്‍ സാഹസികമായി രക്ഷപ്പെടുത്തുന്നു. ഓഫീസര്‍, ഷീ നീഡ് ഹെല്‍പ്പ് എന്ന് അലറി മുണ്ടു മാടിക്കുത്തി നിലകള്‍ ചാടി മറിഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈലിലാണ് സഹായം. അതിനുശേഷം, തന്നെ സംശയിച്ച് പിടികൂടിയ പൊലീസിനോട് അദ്ദേഹം പ്രസംഗിക്കുന്നു.
അതിപ്രകാരമാണ്: 'നാന്‍ പേച്ചിയ ഭാഷയും പോട്ട്ണ വേഷവും ഉങ്കളുക്ക് പ്രച്ച്നമായിരിക്കെ. മാറ വേണ്ടിയത് നീങ്കള്‍, ഞാനല്ലേ' (ഞാന്‍ സംസാരിക്കുന്ന ഭാഷയും ധരിച്ച വേഷവും നിങ്ങള്‍ക്ക് പ്രശ്നമായി തോന്നുന്നു. ഇക്കാര്യത്തില്‍ മാറേണ്ടത് നിങ്ങളാണ്, ഞാനല്ല). ഇവിടെ, ഹിന്ദിയല്ലാത്ത ഭാഷയും ഉത്തരേന്ത്യന്‍ സവര്‍ണ ഹിന്ദുവിന്റേതല്ലാത്ത വേഷരീതികളും അപരവത്ക്കരിക്കപ്പെടുന്ന സമകാലിക ഇന്ത്യനവസ്ഥയാണ് വാസ്തവത്തില്‍ വിമര്‍ശിക്കപ്പെടുന്നത്.
'കറുപ്പാണേല്‍ തിരുടന്‍ എന്ന മെന്റാലിറ്റിയാണ് പ്രച്ച്നെ' (കറുപ്പ് നിറമുള്ളവരെ കള്ളന്‍ എന്ന് തോന്നുന്നതാണ് പ്രശ്നം) എന്നും വര്‍ണാടിസ്ഥാനത്തിലുള്ള സൌന്ദര്യ-ധാര്‍മിക-നൈതിക ബോധത്തെ ഇവിടെ രാഷ്ട്രീയ വത്ക്കരിക്കുന്നു. രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ശിവാജി ദ ബോസില്‍, കറുകറുത്ത തൊലിയുള്ള ശിവാജി വെളുത്തു കൊലുന്നനെയുള്ള തനിക്ക് യോജിച്ച ഒരു വരനല്ല എന്ന തമിഴ്ചെല്‍വിയുടെ നിരാസത്തെ പല വിധം വിദ്യകളിലൂടെ നായകന്‍ നേരിടുകയും അവസാനം തമിഴ് മക്കള്‍ക്ക് കറുപ്പ് അഴകാണെന്ന സത്യത്തെ പ്രഘോഷിച്ചുകൊണ്ട് അവളെ വരുതിയിലാക്കുകയും ചെയ്യുന്നു.
കൊളോണിയലിസവും ബ്രാഹ്മണാധിപത്യവും സന്ധി ചെയ്ത ഇന്ത്യന്‍ സൌന്ദര്യബോധത്തിന്റെ നിബന്ധനകളെ ബഹളമയമായി പരാജയപ്പെടുത്തിയ താരവിഗ്രഹമാണ് രജനികാന്ത് എന്നതാണ് അദ്ദേഹത്തിന്റെ ചരിത്രപാധാന്യം. മാത്രമല്ല, രജനികാന്തിനുശേഷം തമിഴ് സിനിമയില്‍ കറുത്ത തൊലിയുള്ളവര്‍ക്കല്ലാതെ ഒന്നാം സ്ഥാനം കയ്യാളാന്‍ കഴിയാത്ത സ്ഥിതിയുമാണുള്ളത്. വിജയകാന്തും വിജയ്, വിശാല്‍, ധനുഷ്, വിജയ് സേതുപതി എന്നിവരൊക്കെയും കറുത്ത നിറമുള്ളവരാണെന്നതിനാല്‍ കൂടുതല്‍ സ്വീകരിക്കപ്പെടുന്നുണ്ട്. ശിവാജി ദ ബോസില്‍ രജനി തന്റെ അമ്മയോട് ചോദിക്കുന്നു: 'ഏന്‍ നീ എന്നെ കറുപ്പാ പെറ്റിര്ക്ക്?' (എന്തിനാണ് നിങ്ങള്‍ എന്നെ കറുപ്പു നിറത്തില്‍ പെറ്റിട്ടത്). അതിനമ്മ പറയുന്ന മറുപടി, 'വെളുപ്പായിരുന്താല്‍ അഴുക്കായിടുവേന്‍' (വെളുപ്പു നിറമായിരുന്നെങ്കില്‍ അഴുക്കുപുരളുമായിരുന്നു) എന്നാണ്. ഋഗ്വേദത്തില്‍ ജാതവേദസ്സിനെ തമോനാശന്‍ എന്ന് സ്തുതിക്കുമ്പോള്‍ ഇരുട്ടിനെ ഇല്ലാതാക്കുന്നവന്‍ എന്നതിനപ്പുറം കറുപ്പന്മാരെ ഇല്ലായ്മ ചെയ്യുന്നവന്‍ എന്ന അര്‍ഥം കൂടി കൈവരുന്നതായി കെ ഇ എന്‍ വിശദീകരിക്കുന്നുണ്ട്. വൈദികകാലത്തെ ബ്രാഹ്മണ-സവര്‍ണ പ്രത്യയശാസ്ത്രം നിര്‍മിച്ചെടുത്ത ഈ സൌന്ദര്യവിടവ് ആധുനികകാലത്തും തുടരുന്നതിന്റെ തെളിവാണ് അക്കിത്തത്തിന്റെ പ്രസിദ്ധമായ വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍. ഇതിലെ ഉണ്ണി എന്ന സവര്‍ണ സംബോധന മുതല്‍ തമസ്സിനെ ഇരുട്ടിനോടെന്നവണ്ണം കറുപ്പിനോടും താദാത്മ്യവത്ക്കരിക്കുന്നത്, കറുത്ത വംശജനെ നന്മ/തിന്മ ദ്വന്ദ്വത്തിന്റെ പ്രതിനായകപക്ഷത്ത് സ്ഥാപിക്കാന്‍ തന്നെയാണ്. ആര്യാധിനിവേശകാലം തൊട്ട് കീഴാളരായിത്തീര്‍ന്നവര്‍ അനുഭവിക്കുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ മര്‍ദനത്തെയാണ് ഇന്ത്യയില്‍ കറുപ്പുനിറം പ്രതിനിധീകരിക്കുന്നതെന്നിരിക്കെ(കെ ഇ എന്‍- തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പേജ് 248) കറുപ്പുനിറത്തെ സൂപ്പര്‍ താരപദവിയിലേക്കുയര്‍ത്തിയ രജനികാന്തും പിന്‍ഗാമികളും നടത്തിയ സൌന്ദര്യാധികാര അട്ടിമറി സുപ്രധാനം തന്നെയാണ്.
വിദേശ വിമാനത്താവളത്തില്‍ ഇന്ത്യന്‍ അഥവാ തമിഴ് വേഷത്തിന്റെയും ഭാഷയുടെയും പേരില്‍ നായകന്‍ അപമാനിക്കപ്പെടുന്നതിനെ, അബ്ദുള്‍ കലാമും കമല്‍ഹാസനും ഷാറൂഖ് ഖാനും ഇത്തരത്തില്‍ വിദേശ വിമാനത്താവളങ്ങളില്‍ അപമാനിക്കപ്പെടും വിധത്തില്‍ സംശയങ്ങള്‍ക്ക് വിധേയമായിക്കൊണ്ട് പരിശോധിക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ഥ്യമോര്‍മിപ്പിച്ചുകൊണ്ട് ചരിത്രവത്ക്കരിക്കുന്നു. അഞ്ചു രൂപ ഫീസ് മാത്രം മേടിച്ച് ചികിത്സിക്കുന്ന ആളായി അവതരിപ്പിക്കപ്പെടുന്ന ഡോക്ടര്‍ മാരന്‍ നാട്ടുകാര്‍ക്കെല്ലാം ദൈവത്തിനു തുല്യനാണെന്ന വിധത്തിലാണ് മഹത്വവത്ക്കരിക്കപ്പെടുന്നത്. ഹ്യൂമാനിറ്റി എന്നത് സവിശേഷ ഗുണമല്ലെന്നും അടിസ്ഥാന ഗുണമാണെന്നുമൊക്കെയുള്ള പഞ്ച് ഡയലോഗുകള്‍ക്കും പഞ്ഞമില്ല. ചികിത്സാരംഗം ലോകത്തിലെ നമ്പര്‍ വണ്‍ വ്യാപാരമായി മാറിത്തീര്‍ന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ ദുരന്തമെന്നാണ് അദ്ദേഹം തെളിയിക്കുന്നത്. ധനികന് കിട്ടുന്നത്രയും ശ്രദ്ധയും സൌകര്യവും ഏറ്റവും ദരിദ്രനും ലഭിക്കണമെന്നതാണ് തന്റെ നിലപാട് എന്ന് ഡോക്ടര്‍ മാരന്‍ വ്യക്തമാക്കുന്നുണ്ട്. അത് നിലവില്‍ വരും വരെ താന്‍ പോരാട്ടം തുടരുമെന്നാണദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാട്.
പാരീസില്‍ നടക്കുന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ മാരനോടൊപ്പം പങ്കെടുക്കുന്ന ചെന്നൈയില്‍ നിന്നുള്ള ഡോക്ടര്‍ അര്‍ജുന്‍ സക്കറിയ (ഹരീഷ് പേരടി), മാരനെ വിലക്കു വാങ്ങാനുള്ള ശ്രമം ഇതിനിടെ നടത്തുന്നുണ്ട്. മാരന്‍ അത് നിരസിക്കുന്നു. സ്കൈപ്പിലൂടെ നാട്ടിലുള്ള വളര്‍ത്തമ്മ സരള(കോവൈ സരള) യുമായി സംസാരിക്കുന്നതും അതിനിടയില്‍ അയല്‍പക്കത്തെ ചെക്കന്മാര്‍ കയറി വന്ന് മാരനെ അഭിവാദ്യം ചെയ്യുന്നതുമെല്ലാം താരനായകന്റെ ജനകീയതയും ജനസമ്മതിയും ദരിദ്രരോടുള്ള താദാത്മ്യവത്ക്കരണവും സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ്. അര്‍ജുന്‍ സക്കറിയയെ അനുഗമിക്കുന്ന അനുപല്ലവി (കാജല്‍ അഗര്‍വാള്‍)യെ കോഫി ഷോപ്പില്‍വച്ച് കണ്ടുമുട്ടുന്നതും കാപ്പി വാങ്ങാനുള്ള പണം ഇല്ലാതെ വിഷമിക്കുന്ന അവളുടെ കയ്യിലുള്ള ഏക അഞ്ചു ഫ്രാങ്കിന്റെ നോട്ട് വാങ്ങി എട്ടോ ഒമ്പതോ എണ്ണമാക്കി വര്‍ധിപ്പിച്ച് കട്ടന്‍ കാപ്പി കുടിക്കുന്നതും മാരനെപ്പോലെ തോന്നിപ്പിക്കുന്ന വെറ്റ്രിയാണെന്നത് പിന്നീടാണ് തെളിയുന്നത്.
ഇതിനു പിന്നാലെയാണ് മുഖം മൂടി ധരിച്ച കള്ളന്മാര്‍ അവിടെ കൊള്ള ചെയ്യാനെത്തുന്നത്. കീറിയതും ശൂന്യവുമായ തന്റെ പേഴ്സ് പിടികൂടിയ കള്ളന്മാരോട് വടിവ്(വടിവേലു), ഞാനിന്ത്യക്കാരനാണ്, ഡിജിറ്റല്‍ മണി മാത്രമേ അവിടെയുള്ളൂ. എന്ന് അലറി നിലവിളിക്കുന്ന സീന്‍ സമീപകാല ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക പരിഷ്ക്കാരച്ചെയ്തികളെ രൂക്ഷമായി പരിഹസിക്കുന്നതാണ് (മെര്‍സല്‍ പടത്തില്‍ നീക്കപ്പെട്ട കാട്ച്ചികള്‍ എന്ന പേരില്‍ ഇവ യുട്യൂബില്‍ ലഭ്യമാണ്). കേന്ദ്ര ഭരണകക്ഷിക്കാരെ പ്രകോപിപ്പിക്കുന്നതും, വിജയിന്റെ മതം പറഞ്ഞ് അധിക്ഷേപിക്കുന്നതിനും ഇതും കാരണമാണ്. ഇത്തരത്തില്‍, തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മതം പറഞ്ഞും വംശം പറഞ്ഞും അധിക്ഷേപിക്കുന്നത് ലോകചരിത്രത്തിലെപ്പോഴും ഫാസിസ്റ്റുകളുടെ രീതിയാണ്. മാര്‍ക്സിസ്റ്റാശയക്കാരെയും ബോള്‍ഷെവിക്കുകളെയും ജൂതര്‍ എന്ന് ഹിറ്റ്ലറും ഗീബല്‍സും വിളിച്ചിരുന്നു.
തമിഴിനെ എല്ലാ ഭാഷകളുടെയും അമ്മ എന്ന് മാരന്‍ വിശേഷിപ്പിക്കുന്നതില്‍ ഭാഷാഭ്രാന്തോ പ്രാദേശിക സങ്കുചിതത്വമോ കാണാനാകുമെങ്കിലും, ദേശീയ/അന്തര്‍ദേശീയ അധികാരതന്ത്രങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരായ പ്രതിരോധമായും വായിച്ചെടുക്കാം. മധുരൈയുടെ ഉള്‍പ്രദേശത്ത് പാവപ്പെട്ടവരും നിരാശ്രയരുമായ ഗ്രാമീണര്‍ക്ക് വൈദ്യചികിത്സാ സൌകര്യമെത്തിക്കാനുള്ള വെറ്റ്രിമാരന്റെ(വിജയ്) പരിശ്രമങ്ങളെ കുടില തന്ത്രക്കാരും പണക്കൊതിയന്മാരുമായ ഡാനിയല്‍ ആരോക്യരാജ്(എസ് ജെ സൂര്യ), അര്‍ജുന്‍ സക്കറിയ(ഹരീഷ് പേരടി) ചതിയിലൂടെ നശിപ്പിക്കുന്നതും ജനങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിച്ച് വെറ്റ്രിമാരന്‍ പടുത്തുയര്‍ത്തിയ ആശുപത്രി അവര്‍ കൈവശപ്പെടുത്തുന്നതുമെല്ലാമായ ഫ്ളാഷ് ബാക്ക് പിന്നീടാണ് വിശദീകരിക്കപ്പെടുന്നത്. വെറ്റ്രിമാരന്റെയും പ്രസവത്തില്‍ മരിച്ചു പോയ ഭാര്യയുടെയും രണ്ടു മക്കള്‍ തീരെ ചെറുപ്പത്തില്‍ത്തന്നെ രണ്ടു വഴിക്ക് പിരിയുന്നതും പിന്നീട് വടിവിനാല്‍ കൂട്ടിയോജിപ്പിക്കപ്പെടുന്നതുമാണ് ഇതിവൃത്തം. സ്വകാര്യാശുപത്രി രംഗത്തു നടക്കുന്ന അതിഗുരുതരമായ ചൂഷണങ്ങളെ തുറന്നുകാണിക്കുന്നതിനുള്ള പരിശ്രമമായും മെര്‍സലിനെ വിലയിരുത്താം.
മെഡിക്കല്‍ കോണ്‍ഫറന്‍സിനു വന്ന ഡോക്ടര്‍ അര്‍ജുന്‍ സക്കറിയ, എക്സിക്യൂട്ടീവ്, ബിസിനസ് ക്ളാസ് ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ മൂന്നുനാലു ദിവസം കൂടി പാരീസ് നഗരത്തില്‍ തങ്ങുന്നു. എസ്കോര്‍ട് ഗേളായി വാടകക്കെടുത്ത റഷ്യക്കാരിയുമൊത്ത് അയാള്‍ ഊരുചുറ്റുന്നു. അതിനിടയില്‍ അനുപല്ലവി വഴി കൊടുത്ത പാസ് കൈമാറി അയാളും റഷ്യക്കാരി താല്‍ക്കാലിക കാമുകിയും മാജിക് കാണാന്‍ ഓപ്പെറ ഹൌസിലെത്തുന്നു. വെറ്റ്രി(വിജയ്) ആണ് മജീഷ്യന്‍. തീപ്പന്തം കൊണ്ട് വെല്‍ക്കമെഴുതലും മറ്റ് വിസ്മയങ്ങളും കഴിഞ്ഞ്, പെട്ടിക്കുള്ളില്‍ ഒരു യുവതിയെ കിടത്തി മുകളില്‍ നിന്ന് നാലു വാളുകള്‍ കുത്തിയിറക്കുന്ന നമ്പര്‍ കാണിക്കുന്നു. ഇത് ആവര്‍ത്തിക്കാന്‍ വോളണ്ടിയറെ ആവശ്യമുണ്ടെന്ന് പറഞ്ഞതിന് മിക്കവാറും എല്ലാവരും കൈ പൊക്കുന്നു. അക്കൂട്ടത്തില്‍ നിന്ന് ഡോക്ടര്‍ അര്‍ജുന്‍ സക്കറിയയെ തെരഞ്ഞെടുക്കുന്നു. പെട്ടിയില്‍ കയറ്റി ആദ്യത്തെ മൂന്നു വാളും മാജിക്ക് സ്റ്റൈലില്‍ കുത്തിയിറക്കി, നാലാമത്തേത് കുത്തിയിറക്കുന്നതിനു മുമ്പ്, കണ്‍മൂടി നീക്കി, വെറ്റ്രിമാരനെയും ഭാര്യയെയും കൊലയ്ക്ക് കൊടുത്തതിന് താന്‍ ബദല്‍ ചെയ്യുകയാണെന്നറിയിച്ചുകൊണ്ട് ദേഹത്തുകൂടെ കുത്തിയിറക്കി നിഷ്ഠൂരമായി കൊല്ലുന്നു. ഇത്തരത്തില്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന കഥാഗതി, മറ്റേതൊരു നായകപ്രധാന സിനിമയിലുമെന്നതുപോലെ തമിഴ് സിനിമയിലും സജീവമാണ്. ഇന്ത്യന്‍, അന്യന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊക്കെയും ഈ പ്രമേയം ആവര്‍ത്തിച്ചതാണ്. കമലഹാസന്‍ അച്ഛനും മകനുമായി ഇരട്ടവേഷമണിഞ്ഞ ഇന്ത്യന്‍(1996) അഴിമതിക്കാരായ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരെ വധിക്കുന്ന സ്വാതന്ത്യ്രസമരസേനാനിയുടെ കഥയാണ് പറയുന്നത്.
സംശയമില്ലാത്തവിധം സ്വേഛാധിപത്യത്തെയും ജനാധിപത്യവിരുദ്ധതയെയും മഹത്വവത്ക്കരിക്കുന്ന അപകടകരമായ സിനിമയാണ് ഇന്ത്യന്‍ എന്ന് കമലഹാസന്‍ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. ബഹുമുഖ വ്യക്തിത്വ വൈകല്യ (മള്‍ട്ടിപ്പിള്‍ പെഴ്സണാലിറ്റി ഡിസോഡര്‍) മെന്ന സവിശേഷ രോഗത്തിനടിമയായ രാമാനുജം അംബി അയ്യങ്കാര്‍ (വിക്രം) എന്ന അന്യനി(2005)ലെ ബ്രാഹ്മണ നായകനെ നിസ്സഹായനും കേവലപ്രതികരണക്കാരനുമായ വക്കീലായിട്ടാണ് നാം ആദ്യം പരിചയപ്പെടുന്നത്. എന്നാലയാള്‍ക്ക് മറ്റ് രണ്ട് മുഖങ്ങള്‍ കൂടിയുണ്ട്. ംംം.മിിശ്യമി.രീാ എന്ന വെബ്സൈറ്റിലൂടെ ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് ആ പരാതിക്കാധാരമായ പ്രശ്നത്തില്‍ ആക്രാമകമായ തീര്‍പ്പുകള്‍ സാധിച്ചുകൊടുക്കുന്ന അതിശക്തിമാനുമാണയാള്‍. ഇതിനും പുറമെ കാമുകന്റെ മുഖവും ശരീരവുമുള്ള റെമോ എന്ന മൂന്നാമതൊരു വേഷവൈകല്യവും അയാള്‍ക്കുണ്ട്. ഗരുഡപുരാണം എന്ന സംഹിത അനുസരിക്കുന്ന അയാള്‍ തെരുവില്‍ അപകടത്തില്‍പ്പെട്ട് ബോധമറ്റുകിടക്കുന്നയാളെ രക്ഷിക്കാത്ത സമ്പന്നനെയും, തീവണ്ടി യാത്രക്കാര്‍ക്ക് കേടുവന്ന ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനെയും, നിലവാരം കുറഞ്ഞ മോട്ടോര്‍ സ്പെയര്‍പാര്‍ട്ടുകളുണ്ടാക്കുന്ന ഫാക്ടറി ഉടമയെയും യഥാക്രമം അന്ധകൂപം, കുംഭിപാകം, ക്രിമിഭോജനം എന്നീ വിചിത്രമായ വിധിപ്രയോഗങ്ങളിലൂടെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. 2005ല്‍ മലയാളത്തിലിറങ്ങിയ എല്ലാ സിനിമകളെയും കവച്ചുവയ്ക്കുന്ന വാണിജ്യവിജയം അന്യന് കേരളത്തില്‍ത്തന്നെ ലഭിക്കുകയുണ്ടായി. തമിഴ്നാട്ടിലെയും മറ്റും കാര്യം പറയുകയും വേണ്ട.
ഇതിനിടയില്‍ നിഷ്പ്രയാസം ചെന്നൈയില്‍ തിരിച്ചെത്തുന്ന ഡോക്ടര്‍ മാരന്‍ ഉയര്‍ന്ത മനിതന്‍ എന്ന ടിവി ഷോയില്‍ അതിഥിയായെത്തുന്നു. എന്തുകൊണ്ട് അഞ്ചുരൂപ ഫീസ്? എന്ന ചോദ്യത്തിന് മാരന്റെ മറുപടി, ഇന്ത്യയിലെ ശരാശരിക്കാരന്റെ മാസ വരുമാനം 1520 രൂപയാണ് എന്നാണ്. അതായത് ഒരു ദിവസം അമ്പതു രൂപ. അയാളുടെ പക്കല്‍ നിന്നും അഞ്ചു രൂപയല്ലാതെ എത്ര വാങ്ങും? എന്ന നിശ്ചയദാര്‍ഢ്യമുള്ള ഉത്തരം, ഭരണകൂട വികസന നേട്ട വായ്ത്താരികളെയാണ് പൊളിച്ചടുക്കുന്നത്. അടുത്ത ചോദ്യം, നിങ്ങളുടെ ഫാമിലി ഡോക്ടര്‍ ആരാണെന്നതാണ്. അമ്മയാണെന്നുത്തരം. അഞ്ചാം ക്ളാസുകാരിയായ ഡോക്ടര്‍ സരള, പനി വന്നാല്‍ മുളകുരസം വച്ചുകൊടുത്ത് അസുഖം ഭേദമാക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനനായകനും പിഎമ്മും സിഎമ്മും (രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി) മന്ത്രിമാരും എംഎല്‍എമാരും സര്‍വ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ചികിത്സ തേടിയാല്‍ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ. 120 കോടി ജനങ്ങളുള്ള രാജ്യത്ത് 120 സമ്പന്നര്‍ക്കു മാത്രമാണോ നല്ല ചികിത്സ ലഭിക്കേണ്ടത്? ചെക്കപ്പ് എന്ന പേരില്‍, രോഗികളെ പിഴിയുന്നതാണ് സ്വകാര്യാശുപത്രികളുടെ ശൈലി. പൈസയും പോവും, രോഗിയായി മാറുകയും ചെയ്യും.
പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഇതിനിടയിലും തുടരുന്നുണ്ട്. കടത്തപ്പെട്ടവരെല്ലാം ആസ്പത്രി സംബന്ധമാനവര്‍കള്‍(ആശുപത്രിയുമായി ബന്ധമുള്ളവരാണ്). ഓട്ടോ ഡ്രൈവറുടെ മകള്‍ അപകടത്തില്‍ പെടുമ്പോള്‍, ആംബുലന്‍സ് ഡ്രൈവര്‍ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. അടുത്തുള്ള ആശുപത്രിയിലല്ല. അവിടെ ജീവന് സാധ്യതയില്ലാഞ്ഞിട്ടും വെന്റിലേറ്ററില്‍ കിടത്തി ജീവനുണ്ടെന്ന പ്രതീതി ജനിപ്പിച്ച്, ഓപ്പറേഷന്‍ നടത്തി ലക്ഷക്കണക്കിന് രൂപ ഫീസിനത്തില്‍ സംഘടിപ്പിച്ചു. എന്നിട്ടും ബാക്കിയുള്ള ഒന്നര ലക്ഷം അടയ്ക്കാതെ മൃതശരീരം വിട്ടുകിട്ടില്ല എന്ന് സൂപ്രണ്ട്. ഇതില്‍ മനംനൊന്ത് കുട്ടിയുടെ അമ്മ മുകള്‍ നിലയില്‍ നിന്ന് താഴോട്ട് ചാടി മരിക്കുന്നു. പിണത്തെ വച്ച് പണം പേശി മേടിക്കുന്നു. ഇതു സംബന്ധമായി ഡോക്ടര്‍ മാരന്‍: 'ഏഴെകളുടെ(ദരിദ്രരുടെ) പക്കല്‍ എന്ന സാര്‍ ഉള്ളത്? പശിയടക്കാന്‍(വിശപ്പടക്കാന്‍) ഭക്ഷണം ഇല്ല, നാണം മറക്കാന്‍ വസ്ത്രമില്ല, വീടില്ല. ആകെ ഉയിരാണുള്ളത്. അത്ക്കാണ് ഇപ്പോള്‍ വിലയിട്ടിരിക്കുന്നത്.'
ചിത്രത്തിന്റെ അവസാനത്തില്‍ മദിരാശി ഹൈക്കോടതിക്ക് പുറത്ത് വന്ന് പൊലീസ് അകമ്പടിയോടെ വെറ്റ്രി പ്രസംഗിക്കുന്നു: 'ഏഴു ശതമാനം ജിഎസ്ടിയുള്ള സിങ്കപ്പൂരില്‍ എല്ലാവര്‍ക്കും ചികിത്സ സൌജന്യം. എന്നാല്‍ ഇരുപത്തെട്ട് ശതമാനം ജിഎസ് ടിയുള്ള നമ്മുടെ നാട്ടില്‍ കനത്ത ചിലവുള്ള ചികിത്സ. ഓക്സിജന്‍ കൊടുക്കാന്‍ പവര്‍ ബാക്കപ്പില്ല.' ജയിലില്‍ വെറ്റ്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ, ഒഡീഷയില്‍ ആംബുലന്‍സ് വാടകക്കെടുക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകള്‍ നടന്നു പോകുന്ന ദരിദ്രനും ദളിതനുമായ ആളുടെ വിഷ്വല്‍ കാണുന്നപാടെ വെറ്റ്രി അപ്രത്യക്ഷനാകുന്നുണ്ട്. ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നു, കാരണം രണ്ടു കൊല്ലമായി ഓക്സിജന്‍ കൊടുക്കുന്ന കമ്പനിക്ക് പണം കൊടുത്തിട്ടില്ല എന്നൊക്കെയുള്ള നിരീക്ഷണങ്ങളും നായകന്‍ നടത്തുന്നുണ്ട്.
ആഹ്ളാദകരമായ ഞെട്ടല്‍ എന്നാണ് മെര്‍സല്‍ എന്ന വാക്കിന്റെ വാച്യാര്‍ഥം. മുമ്പ് പലപ്പോഴുമെന്നതു പോലെ, ഹിറ്റായി മാറുന്ന ഒരു സിനിമാഗാനത്തിന്റെ ആദ്യപദം പുതിയ സിനിമയുടെ ശീര്‍ഷകമായി മാറുന്ന മാജിക്കാണ് ഇവിടെയും നടന്നിരിക്കുന്നത്. വിക്രം അഭിനയിച്ച് ഷങ്കര്‍ സംവിധാനം ചെയ്ത ഐ എന്ന സിനിമയിലെ മെര്‍സലായിട്ടേന്‍ (അത്ഭുത പരതന്ത്രനായി, ആശ്ചര്യവാനായി, വിസ്മയങ്ങള്‍ക്ക് കീഴ്പ്പെട്ടു, അന്ധാളിച്ചു, മോഹാലസ്യപ്പെട്ടു, കണ്ണു മിഴിച്ചുപോയി (I'm astonished, surprised, amazed, bewildered, stunned, star-tled!)- എന്ന പാട്ടില്‍ നിന്നാണ് ഈ പേരിന്റെ വരവ്. പേരിന്റെ അപരിചിതത്വം പരിചിതമായി മാറുകയും സങ്കീര്‍ണമായ രാഷ്ട്രീയ യുക്തികള്‍ ലളിതമായി ജനപ്രിയതയില്‍ സംലയിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണിവിടെ നടന്നിരിക്കുന്നത്.
സിങ്കപ്പൂരില്‍ ഏതാനും ലക്ഷങ്ങള്‍ മാത്രമേ ജനസംഖ്യയുള്ളൂ എന്നും ആ കൊച്ചു രാഷ്ട്രത്തോട് ഇന്ത്യയെ താരതമ്യം ചെയ്യുന്നത് യാഥാര്‍ഥ്യപൂര്‍ണമല്ലെന്നും; അതുപോലെ മദ്യത്തിന് കനത്ത നികുതി ഉണ്ടായിരിക്കെ, മദ്യത്തിന്മേല്‍ ജിഎസ്ടി ഇല്ല എന്ന കയ്യടി വാചകം അസ്ഥാനത്താണ്, എന്നിങ്ങനെയെല്ലാമുള്ള സിനിമാവിമര്‍ശനങ്ങളും വാട്സാപ്പ് വഴി പ്രചരിക്കുന്നുണ്ട്. വസ്തുതാപരമായി തെറ്റായ കണക്കുകളും മറ്റുമാണ് സിനിമയിലുള്ളതെന്നും അത് തിരുത്തണമെന്നും മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടുള്ളൂ എന്നും ബി ജെപി വിശദീകരിക്കുകയുമുണ്ടായി. സത്യത്തില്‍, ഫാസിസ്റ്റുകള്‍ അവലംബിക്കുന്ന ലളിതയുക്തിയുടെ രീതിശാസ്ത്രം തന്നെ അവര്‍ക്കെതിരായി പ്രയോഗിക്കപ്പെടുന്നു എന്നതാണിവിടെ സംഭവിച്ചിരിക്കുന്നത്. സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലഘട്ടത്തില്‍; യാഥാര്‍ഥ്യവും വാര്‍ത്തയും നിര്‍മിക്കപ്പെടുന്നതായിരിക്കെ, കച്ചവട സിനിമയുടെ ശൈലീ സമ്പ്രദായം (ഇഡിയം) പ്രയോജനപ്പെടുത്തിക്കൊണ്ട് തങ്ങളുദ്ദേശിക്കുന്ന കാര്യം വിനിമയം ചെയ്യപ്പെടുകയായിരുന്നു എന്നു മനസ്സിലാക്കിയാല്‍ മതി. ജയലളിതയുടെ മരണശേഷം, തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന ഗതിവിഗതികള്‍ കൂടി കൂട്ടിവച്ചുകൊണ്ടു വേണം ഈ ജനപ്രിയവ്യവഹാരങ്ങളുടെ ചരിത്രയുക്തികള്‍ വിശകലനം ചെയ്യാന്‍. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടും മൂന്നും കഷണങ്ങളായി മാറിയ എഐഎഡിഎംകെയെ കൂട്ടിഘടിപ്പിച്ചു കൊണ്ട് തങ്ങളുടെ ദേശീയ രാഷ്ട്രീയ പദ്ധതികള്‍ ആ പാര്‍ടിയിലൂടെ സാര്‍ഥകമാക്കാന്‍ പറ്റുമോ എന്ന പരീക്ഷണമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോട് തമിഴ് ജനത എങ്ങനെ പ്രതികരിക്കുമെന്ന് തീര്‍ത്തും പറയാറായിട്ടില്ല. എന്നാല്‍, ചില സൂചനകള്‍ ലഭ്യമാണ്. അതിലാദ്യത്തേത്, ജല്ലിക്കെട്ടിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നുവെങ്കില്‍, രണ്ടാമത്തേത് മെര്‍സലിന്റെ അഭൂതപൂര്‍വമായ വിജയവും ഈ സിനിമക്കെതിരായ ആക്രമണങ്ങളെ തമിഴ് സിനിമാലോകവും ജനതയും ഒറ്റക്കെട്ടായി എതിര്‍ത്തതുമാണ്.
ഈ വര്‍ഷമാദ്യം പൊങ്കലാഘോഷ കാലത്തിനു തൊട്ടുപിന്നാലെയാണ്, പൊടുന്നനെ തമിഴകം സമരകേന്ദ്രിതമായത്. ടെക്കികള്‍ അടക്കമുള്ള ആള്‍ക്കൂട്ടങ്ങള്‍ പൊതുസ്ഥലങ്ങള്‍ കൈയടക്കുകയും ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഗീതജ്ഞനായ എ ആര്‍ റഹ്മാന്‍, ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ്, നടി കീര്‍ത്തി സുരേഷ് എന്നിവരുള്‍പ്പെടെ പ്രമുഖരും ചലച്ചിത്രരംഗത്തുള്ളവരും വ്യാപാരി-വ്യവസായികളും മറ്റും മറ്റും സമരത്തെ അനുകൂലിച്ച് രംഗത്തുവരികയും തമിഴ് സ്വത്വവും സ്വാഭിമാനവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചെന്നൈ നഗരത്തിലെ പ്രസിദ്ധമായ മറീന കടല്‍ക്കരയിലായിരുന്നു പ്രതിഷേധത്തിന്റെ മുഖ്യകേന്ദ്രം. സ്ത്രീകളും കുട്ടികളുമടക്കം അണിചേര്‍ന്ന സമരത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഏരു തഴുവുതല്‍ എന്ന പേരില്‍, തമിഴ് ഇതിഹാസങ്ങളില്‍ ജെല്ലിക്കെട്ട് പരാമര്‍ശിക്കുന്നുണ്ടെന്നും (ജെല്ലി=നാണയം, കെട്ട്=കിഴി) അതിനാല്‍ അത് ഇല്ലാതാക്കുന്നത്, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ് സംസ്ക്കാരത്തെയും സ്വത്വത്തെയും അപമാനിക്കലാകും എന്നാണ് സമരക്കാര്‍ വ്യാഖ്യാനിച്ചത്.
എഴുപതുകളിലുണ്ടായ ഹിന്ദി ഒഴിക (ഹിന്ദി വേണ്ട) എന്ന കലാപത്തിന്റെ ഓര്‍മകളുണര്‍ത്തുന്നതാണ് ഈ സമരം എന്നും നിരീക്ഷിക്കപ്പെട്ടിരുന്നു. തമിഴന്‍ എന്ട്രു സൊല്ലടാ, തലൈ നിമിര്‍ന്തു നില്ലടാ (തമിഴനെന്ന് ചൊല്ലെടാ, തലയുയര്‍ത്തി നില്ലെടാ) എന്നതായിരുന്നു അവിടെയുയര്‍ന്ന പ്രധാന മുദ്രാവാക്യം. സമരങ്ങളെ സംബന്ധിച്ച സൂക്ഷ്മവിശകലനവും ആലോചനപരതയും ജനപ്രിയ ബോധ്യങ്ങള്‍ക്കടിപ്പെട്ട് നടത്താത്ത മലയാളികളുള്‍പ്പെടെയുള്ള മധ്യവര്‍ഗം ജെല്ലിക്കെട്ട് സമരം ഭ്രാന്തന്‍കാളയുടെ കുത്തുകൊണ്ട് ചാവാനുള്ള തമിഴന്റെ നിഷ്കളങ്ക മൂഢത്വമെന്ന് പരിഹസിച്ചു. രാഷ്ട്രീയക്കാരെ അകറ്റിനിര്‍ത്തിയതിന്റെ ഒറ്റക്കാരണത്താല്‍ അതേ നാവു കൊണ്ട് പ്രകീര്‍ത്തിച്ചവരുമുണ്ട്. തമിഴ് നടികര്‍ സംഘം സമരത്തിന് വന്‍ പിന്തുണയാണ് നല്‍കിയത്. രജനികാന്ത്, കമലഹാസന്‍, വിജയ്, സൂര്യ തുടങ്ങിയവരും സമരക്കാരൊടൊപ്പം ചേര്‍ന്നുനടന്നു. റേഡിയോ ജോക്കിയുമായ ആര്‍ ജെ ബാലാജിയുടെ അതിവൈകാരിക പ്രസംഗം യൂട്യൂബില്‍ നാലര ലക്ഷം പേര്‍ കേട്ടു.
സാമൂഹ്യമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ച ആഹ്വാനങ്ങളിലൂടെ തമിഴ് അഭിമാനബോധത്തെ ജ്വലിപ്പിച്ച് സംസ്ഥാനത്തെ വിറപ്പിച്ച ഈ നേതൃത്വസമരത്തിന് ഫ്യൂഡല്‍ സാമൂഹ്യബന്ധങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു മാരക കായികവിനോദം ഹേതുവാകുക മാത്രമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. തമിഴ് ജനതയെ വര്‍ഷങ്ങളായി ഗ്രസിച്ച സാമൂഹ്യ-സാമ്പത്തിക ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ട്. രൂക്ഷമായ തൊഴിലില്ലായ്മയും, ഉല്‍പ്പാദന തകര്‍ച്ചയും, കടക്കെണിയും കൊണ്ട് വലഞ്ഞ ജനതയുടെ രോഷം ഈ പ്രക്ഷോഭത്തിന് പിന്നിലുണ്ട്.
സമരാഹ്വാനത്തിനായി കൂടുതല്‍ പ്രചരിച്ച വീഡിയോകളിലൊന്ന് ചെന്നൈയിലെ പീപ്പിള്‍സ് ആര്‍ട്ട് ആന്റ ് ലിറ്റററി അസോസിയേഷന്‍ നിര്‍മ്മിച്ചതാണ്. ഐപിഎല്‍ ടൂര്‍ണമെന്റിന്റെ സിഗ്നേച്ചര്‍ ട്യൂണിന്റെ പശ്ചാത്തലത്തില്‍ ഇത് ജെല്ലി ക്കെട്ടല്ല, മോഡിയെ പിടിച്ച് കെട്ടാനുള്ള സെല്ലിക്കെട്ടാണെന്ന് തമിഴകത്തെ വിപ്ളവഗായകന്‍ കോവന്‍ പാടുന്നു. തമിഴ് ജനതയോടുള്ള സംഘപരിവാര്‍ മനോഭാവം നിഷേധാത്മകമെന്ന് വെളിപ്പെടുന്ന ദൃശ്യങ്ങളാണ് അധികവും. മോഡിയുടെ യോഗയും പശു ചാണകമിടുന്നതും ആര്‍എസ്എസ് റൂട്ട് മാര്‍ച്ചും ഉനയിലെ ദളിത് മര്‍ദന ദൃശ്യങ്ങളും, ഗുജറാത്തില്‍ ദളിത് പ്രതിഷേധത്തിനിടയില്‍ കന്നുകാലി ജഡങ്ങള്‍ കലക്ട്രേറ്റിലേക്ക് വലിച്ചെറിയുന്നതും ആവേശമുണര്‍ത്തുന്ന ഗാനപാശ്ചാത്തലത്തിലുണ്ട്. രോഹിത് വെമുലയെയും, കനയ്യകുമാറിനെയും മര്‍ദിക്കുന്നതും വരണ്ട് കീറിയ പാടത്ത് നിന്ന് ആകാശത്തേക്കു കൈയുയര്‍ത്തി വിമാനത്തില്‍ ചുറ്റുന്ന മോഡിയുടെ അനിമേഷനും, കാവേരി ജലം നിഷേധിച്ച വഞ്ചനയും കാണാം. രോഷം സ്ഫുരിക്കുന്ന കോവന്റെ ചടുലഗാനം ജെല്ലിക്കെട്ട് പോരാട്ടത്തിന് പുതിയ മുഖം പകര്‍ന്നു. സമരമുഖത്തെത്തിയ നിരവധിപേര്‍ ഇത് വെറും ജെല്ലിക്കെട്ട് സമരമായി ചുരുക്കിക്കാണരുതെന്ന് ചാനല്‍ അഭിമുഖങ്ങളില്‍ പറയുന്നുണ്ടായിരുന്നു. ശ്രീലങ്കന്‍ തമിഴ് പ്രശ്നവും, കാവേരി ജലനിഷേധവും ചിലര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കൃഷ്ണവേണി എന്ന റിട്ട. എന്‍ജിനീയര്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് പ്രതിഷേധസമരത്തിലേക്ക് നയിച്ചത് എന്നാണ്. കര്‍ഷക ആത്മഹത്യയും, ജലനിഷേധവും ഉയര്‍ത്തി ഇനി സമരം തുടരും എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇതു വാസ്തവമായി മാറി. ദില്ലിയിലടക്കം ദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിഷേധമാണ് തമിഴ് കര്‍ഷകര്‍ ഉയര്‍ത്തിയത്.
നവമുതലാളിത്തം സൃഷ്ടിച്ച ഉദാരനയങ്ങള്‍ തമിഴ് ജനതയുടെ മേല്‍ വര്‍ഷിച്ച ദുരിതങ്ങള്‍ ചില്ലറയല്ല. നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് മാസത്തിനുള്ളില്‍ 144 കര്‍ഷകരാണ് തമിഴ്നാട്ടില്‍ ആത്മഹത്യചെയ്തത്. ഇതില്‍ 50 പേര്‍ തഞ്ചാവൂര്‍, തിരുവാവൂര്‍, നാഗപട്ടണം, കടലൂര്‍, തുടങ്ങി കാവേരി ഡെല്‍റ്റ പ്രദേശത്താണ്. സ്വാതന്ത്യ്രത്തിന് ശേഷമുള്ള ഏറ്റവും കഠിന പ്രതിസന്ധിയിലാണ് തമിഴ്നാട് ജെല്ലിക്കെട്ട് സമരം നടന്നത്. തൊട്ടുമുമ്പാണ് സംസ്ഥാനത്തെ 32 ജില്ലകളും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. സഹകരണബാങ്ക് പ്രതിസന്ധിയും ജയലളിതയുടെ മരണം സൃഷ്ടിച്ച രാഷ്ട്രീയ അരാജകത്വവും ഗ്രാമിണരില്‍ നിരാശ പടര്‍ത്തി. വിദ്യാഭ്യാസത്തെ വിവേചനരഹിതമായ കച്ചവടത്തിലൂടെ സ്വകാര്യവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാണ് തമിഴ്നാട്. മതിയായ തൊഴില്‍ പരിശീലനം ലഭിക്കാത്തതിനാല്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. തൊഴില്‍ ശക്തിയും 44 ശതമാനം താല്‍ക്കാലിക ജോലിക്കാരും 29 ശതമാനം സ്വയം തൊഴില്‍ ചെയ്യുന്നവരുമാണ്. വിദേശമൂലധനമിറങ്ങിയ ഐടി മോട്ടോര്‍ വാഹനവ്യവസായം, ടെക്സ്റ്റെയില്‍, തുകല്‍ മേഖലകളാകെ തകര്‍ച്ചയിലാണ്. മുന്‍ഗണനതെറ്റിച്ച വികസനവും, പ്രത്യേക താല്‍പ്പര്യത്തിനായുള്ള നയരൂപീകരണവും, സര്‍വവ്യാപിയായ അഴിമതിയും അസന്തുലിത സാമ്പത്തിക വിതരണവും തീരാശാപമായി മാറുന്ന നാട്ടില്‍ ജനമനസ്സില്‍ അര്‍ഷം നിറഞ്ഞ രോഷത്തിന്റെ വെടിമരുന്ന് ശാലയിലേക്ക് തീയുണ്ട പായിച്ച കാരണം മാത്രമായിരുന്നു ജെല്ലിക്കെട്ട്.
ജയലളിതയുടെ ഭൌതികസാന്നിധ്യം മാഞ്ഞു പോയ തമിഴ്നാട്ടില്‍ ജനാധിപത്യം കൂടുതല്‍ കരുത്തുനേടുന്നു എന്ന വസ്തുതയും തള്ളിക്കളയാനാവില്ല. എതിരഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാന്‍ ജയലളിത തന്റെ ഭരണകാലത്തുടനീളം നടത്തിയ നീക്കങ്ങള്‍ കുപ്രസിദ്ധമാണ്. 2011-16 കാലയളവില്‍ 200 അപകീര്‍ത്തി കേസുകളാണ് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷനേതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭരണ സംവിധാനം ഉപയോഗിച്ച് ഫയല്‍ ചെയ്തത്. മദ്യനയത്തിനെ വിമര്‍ശിച്ച് പാട്ട് പാടിയ കോവനെയും ജയിലലടച്ചു. ജയലളിത എന്ന പൊതുവ്യക്തിത്വം വിമര്‍ശനങ്ങള്‍ക്കതീതമല്ലെന്ന് സുപ്രീം കോടതിക്ക് പോലും അഭിപ്രായപ്പെടേണ്ടിവന്നിട്ടുണ്ട്.
1960 കളിലെ ഹിന്ദി ഒഴിക (ഹിന്ദി വേണ്ട) സമരത്തിന് ശേഷം തമിഴ് ജനത ഒറ്റക്കെട്ടായി അണിനിരന്ന ജെല്ലിക്കെട്ട് സമരം കേവലമൊരു കായിക വിനോദത്തിനായുള്ളതല്ലെന്നും അതിന്റെ പിന്നില്‍ നിരവധി സാമൂഹ്യ-സാമ്പത്തിക- രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും വ്യക്തമാണ്. വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയ ഘടനയില്‍ നിന്ന് ജനാധിപത്യത്തിന്റെ പുതകാലത്തിലേക്ക് കടക്കുകയാണോ തമിഴ്നാട്? എന്ന ചോദ്യം ജല്ലിക്കെട്ട് സമരവ്യാഖ്യാനത്തിലൂടെ നാം ഉന്നയിക്കേണ്ടിയിരിക്കുന്നു. (ജെല്ലിക്കെട്ടിനു വേണ്ടിയുള്ള സമരത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ സമാഹരിച്ചത് എന്‍ ജിഒ യൂണിയന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ടായ ഇ മുഹമ്മദ് ബഷീറാണ്.)
ജല്ലിക്കെട്ട് സമരകാലത്തിനു സമാനമല്ലെങ്കിലും, തമിഴകത്തും പുറത്തുമുള്ള മുഴുവന്‍ ആളുകളുടെയും ശ്രദ്ധാകേന്ദ്രമായിത്തീരുന്ന തരത്തില്‍ മെര്‍സല്‍ വിവാദം കത്തിപ്പടര്‍ന്നു എന്നതാണ് എടുത്തുപറയേണ്ടത്. തമിഴ് സിനിമാലോകമാകെയും ദേശീയ/സംസ്ഥാന പ്രതിപക്ഷകക്ഷികളും മെര്‍സലിനനുകൂലമായും ചിത്രത്തിനും വിജയിനുമെതിരായ അക്രമോത്സുകമായ ആഹ്വാനങ്ങള്‍ക്കെതിരായും രംഗത്തുവന്നു. രാഹുല്‍ ഗാന്ധിയും പി ചിദംബരവും സീതാറാം യെച്ചൂരിയുമടക്കമുള്ള പ്രമുഖര്‍, മെര്‍സലിനെതിരായ നീക്കങ്ങളെ അതിശക്തമായ ഭാഷയില്‍ അപലപിച്ചു. ബിജെപി നേതാവ് എച്ച് രാജ, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന മെര്‍സലിന്റെ വ്യാജകോപ്പിയാണ് കണ്ടത് എന്നു പറഞ്ഞതിനെ നടികര്‍സംഘം നേതാവ് വിശാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനു പിന്നാലെ, അദ്ദേഹത്തിന്റെ ആപ്പീസ് ജിഎസ്ടി ഇന്റലിജന്‍സുകാര്‍ റെയ്ഡ് ചെയ്തു. വിജയിന്റെ മുപ്പതു ലക്ഷത്തിലധികം വരുന്ന ഫാന്‍സുകാര്‍, അതിവൈകാരികമായിട്ടാണ് കാര്യങ്ങളെ ഉള്‍ക്കൊണ്ടത്. അവര്‍ ഇത് മെര്‍സലും മോഡിയും തമ്മിലുള്ള മത്സരമായിട്ടുപോലും വ്യാഖ്യാനിച്ചു.
മെര്‍സല്‍ വേഴ്സസ് മോഡി എന്ന ഹാഷ്ടാഗ് കാമ്പയിന്‍ ഇതിന്റെ ഭാഗമായിട്ടാണ് നടന്നത്. ഇനി അമ്പലങ്ങളല്ല വേണ്ടത് ആശുപത്രികളാണ് എന്ന മെര്‍സലിലെ വെറ്റ്രിമാരന്റെ സംഭാഷണശകലം, ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ചിലര്‍ നിയമനടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. ആവിഷ്ക്കാര സ്വാതന്ത്യ്ര നിഷേധത്തിന്റെ പരിചിതമായ ആലോചനാ പരിസരത്തിനകത്തുവച്ചു മാത്രം ഈ സംഭവങ്ങളെ അവലോകനം ചെയ്യുന്നതിനുപകരം, തമിഴ്നാട്ടിലെയും ഇന്ത്യയിലെ തന്നെയും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ വീക്ഷണങ്ങളുടെയും മുന്‍ഗണനകളുടെയും ജനപ്രിയ/ആള്‍ക്കൂട്ട രേഖീകരണമായി വിലയിരുത്തുന്നതായിരിക്കും യുക്തിസഹമെന്നു തോന്നുന്നു. അതോടൊപ്പം, തമിഴ് സിനിമാചരിത്രത്തില്‍ ഈ ഗതിമാറ്റങ്ങളെ അടയാളപ്പെടുത്തേണ്ടത്; മണിരത്നം സിനിമകളിലൂടെ മഹത്വവത്ക്കരിക്കപ്പെട്ട അഖണ്ഡ ദേശീയതയുടെ മഹാഖ്യാനങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ്, പ്രദേശവാസനകളുടെ ഭാഷയും സംസ്കാരവും ചരിത്രവും വീരാരാധനയും നിറഞ്ഞുതുളുമ്പുന്ന തമിഴത്തത്തിലേക്കുള്ള തിരിച്ചുവരവുകളായിട്ടാണ് .
(ദേശാഭിമാനി വാരികയില്‍ നിന്ന്)









0 comments