'കേരളത്തിന്റെ സ്വന്തം കള്ളന്‍'; നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി ഷൂട്ടിങ് ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2017, 10:02 AM | 0 min read

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ചിത്രത്തിന് തുടക്കം കുറിച്ച വിവരം നിവിന്‍ പോളി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.  കേരളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട 'റോബിന്‍ഹുഡി'ന്റെ ജീവിതം സ്‌ക്രീനിലെത്തിക്കാനാകുന്നത് അനുഗ്രഹമാണെന്നു നിവിന്‍ പോളി ഫേസ്‌ബുക്കില്‍ കുറിച്ചു.

ഇരട്ട തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന എട്ടംഗ ടീം രണ്ടര വര്‍ഷത്തോളം നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ തിരക്കഥ പൂര്‍ണരൂപത്തില്‍ എത്തിയത്. പഴയകാലവും സാമൂഹ്യപശ്ചാത്തലവുമൊക്കെ കടന്നുവരുന്ന ചിത്രം ഗവേഷണങ്ങള്‍ക്ക് ശേഷം മാത്രമെ ചിത്രീകരണം ആരംഭിക്കുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നേരത്തെവ്യക്തമാക്കിയിരുന്നു.

രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പന്‍ പ്രോജക്ടുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. സംഗീതം ഗോപി സുന്ദര്‍. ഏഴോളം ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സ് എത്തും. സ്റ്റോറി ബോര്‍ഡുകള്‍ക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങള്‍ ഒരുക്കിയതിന് ശേഷം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന 'പ്രീവിസ്' ശൈലിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ഈ ബിഗ്‌ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.  സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home