ജാപ്പനീസ് നടി മിഹോ നകയാമ വീട്ടിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ

ടോക്യോ> ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമയെ ടോക്കിയോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 54 വയസ്സായിരുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള ഗാനമേളയ്ക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മിഹോയെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നടി എവിടെയാണ് എന്ന് അന്വേഷിച്ച ഒരു പരിചയക്കാരൻ എമർജൻസി സർവീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് എത്തി അവരുടെ മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ല.
ഒരുപാട് ആരാധകരുള്ള താരമാണ് മിഹോ നകയാമ. 1980കളിലും 90കളിലും, ജെ-പോപ്പ് ജനപ്രീതിയുടെ കൊടുമുടിയിൽ എത്തി നിൽക്കുന്നതിനിടയിലാണ് നകയാമയുടെയും വളർച്ച. 1995ൽ പുറത്തിറങ്ങിയ 'ലവ് ലെറ്റർ' എന്ന ചിത്രത്തിലൂടെ കൂടുതൽ പ്രശസ്തയായി. 'ടോക്കിയോ വെതർ' (1997), ഗുഡ്ബൈ സംഡേ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
ജപ്പാനിലെ സാകുവിൽ ജനിച്ച നകയാമ 1985ൽ 'മൈഡോ ഒസാവാഗസെ ഷിമാസു' എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പെട്ടെന്ന് താരപദവിയിലേക്ക് എത്തി. അതേ വർഷം തന്നെ മിഹോയുടെ ആദ്യ സിംഗിളായ "സി" പുറത്തിറക്കി. 22 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. ജപ്പാനിലെ നമ്പർ 1 സിംഗിൾസ് എട്ട് തവണ നേടി.









0 comments