ഇൻ ഹരിഹർ നഗറും സൂക്ഷ്മദർശിനിയും തമ്മിൽ ബന്ധമെന്ത്! രഹസ്യം വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:00 PM | 0 min read

കൊച്ചി > ബേസിൽ - നസ്രിയ കോമ്പോയുടെ 'സൂക്ഷ്മദർശിനി' മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. വേറിട്ട രീതിയിലുള്ള ഒരു ത്രില്ലറാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ ചില കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 'സൂക്ഷ്മദർശിനി'യുടെ തിരക്കഥാകൃത്തുക്കളായ അതുൽ രാമചന്ദ്രനും ലിബിനും.

''സൂക്ഷ്മദർശിനി ഡിസൈൻ ചെയ്യുന്ന സമയത്ത് ഒരു നൈബർഹുഡ് ബേസ് സിനിമ വേണമെന്ന് സംവിധായകൻ എംസിക്ക് ധാരണയുണ്ടായിരുന്നു. അതിനാൽ തന്നെ ലൊക്കേഷന് വലിയ പ്രാധാന്യമുണ്ട്. മലയാളത്തിലെ പ്രധാന നൈബർഹുഡ് സിനിമകൾ ഏതൊക്കെയാണ് എന്നാണ് ഞങ്ങൾ ആദ്യം ചിന്തിച്ചത്. 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്', 'ഇൻ ഹരിഹർ നഗർ' ഇതൊക്കെയാണ് മനസ്സിലെത്തിയത്.

'ഇൻ ഹരിഹർ നഗറിൽ' പണിയില്ലാത്ത നാല് ചെറുപ്പക്കാരുടെ വീടിൻറെ അടുത്ത് വരുന്ന ഒരു ഫാമിലിയുടെ കഥ അടിസ്ഥാനമാക്കിയാണല്ലോ, അതിൽ യുവാക്കൾക്ക് പകരം വീട്ടമ്മമാരാക്കി. അതിലെ മായയും ഫാമിലിയും എന്നതിന് പകരം ഇതിൽ മാനുവലും ഫാമിലിയും ആക്കി. ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടർ സ്റ്റഡിക്ക് സഹായിച്ചത് 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയാണ്. അതിൽ നിന്നാണ് സൂക്ഷ്മദർശിനി എന്ന ടൈറ്റിൽ ഉണ്ടായത്.

പിന്നെ പ്രിയദർശിനിയും ബാക്കി വീട്ടമ്മമാരും ഉണ്ടായി. ഇവരുടെ വീടുകളുടെ സ്ഥാനം വരച്ച് വിഷ്വലൈസ് ചെയ്തായിരുന്നു സ്ക്രിപ്റ്റ് ഒരുക്കിയത്. സിനിമയിൽ ജിയോഗ്രഫി പ്രാധാന്യമാണ്. സിനിമയിലെ വീടുകൾ കണ്ടുപിടിച്ചത് തന്നെ വലിയ പ്രൊസസ് ആയിരുന്നു. പല സ്ഥലത്തും നോക്കി ഒടുവിൽ പരസ്യം കൊടുത്തു. ഒടുവിൽ ഷൂട്ടിന് ആറുമാസമുള്ളപ്പോഴാണ് കറക്ടായി ഒരിടം ലഭിച്ചത്"- അതുലും ലിബിനും പറഞ്ഞു.

നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന 'സൂക്ഷ്മദർശിനി'യിൽ ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ഹാപ്പി ഹവേർസ് എൻറർടെയ്ൻമെന്റ്സിൻറേയും, എ വി എ പ്രൊഡക്ഷൻസിൻറെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home