തെലുങ്ക്‌ നാട്ടിൽ മലയാളി സങ്കീർത്തന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 10:08 PM | 0 min read

സഹോദരി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്‌ കാണാൻ പോയ പെൺകുട്ടി ഇന്ന്‌ തെലുങ്ക്‌ സിനിമയിൽ നായികയാണ്‌. നീലേശ്വരം സ്വദേശിയായ സങ്കീർത്തന. സാലാറിന്റെ എഴുത്തുകാരിൽ ഒരാളായ സന്ദീപ് റെഡ്ഡി ബന്ദ്‌ല സംവിധാനം ചെയ്യുന്ന ‘ജനക ഐതേ ഗണക’ 12ന്‌ തിയറ്ററിലെത്തി. നാലു വർഷത്തിനിടയിൽ നായികയാകുന്ന മൂന്നാമത്തെ തെലുങ്ക്‌ ചിത്രമാണിത്‌. സിനിമാ യാത്രയെക്കുറിച്ച്‌ നടി സങ്കീർത്തന സംസാരിക്കുന്നു...

ഷൂട്ടിങ്‌ കാണാനെത്തി


സഹോദരി ദേവാംഗന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്‌. അനുശ്രീ നായികയായ  ‘ഓട്ടോറിക്ഷ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സെറ്റിൽ പോയിരുന്നു. അപ്പോൾ ചെറിയ ഒരു സീനിൽ അഭിനയിക്കാമോയെന്ന്‌ സംവിധായകൻ സുജിത്‌ വാസുദേവ്‌ ചോദിച്ചു. താൽപ്പര്യമൊന്നുമുണ്ടായില്ല. ഒന്ന്‌ മുഖം കാണിക്കുന്ന വേഷമായിരുന്നു. അതിനുശേഷമാണ്‌ സിനിമ ചെയ്യാമെന്ന ആഗ്രഹമുണ്ടാകുന്നത്‌. തുടർന്ന്‌ ഫോട്ടോഷൂട്ട്‌ ചെയ്‌തു. ഫോട്ടോ കണ്ടാണ്‌ തെലുങ്കിൽനിന്ന്‌ വിളിച്ചത്‌. രക്ഷക്‌ നായകനാകുന്ന നരഗാസുരൻ എന്ന പടത്തിൽ അവസരം ലഭിച്ചു. നായികയായിത്തന്നെയാണ്‌ പടത്തിൽ അഭിനയിച്ചത്‌. പടം ഈ വർഷമാണ്‌ റിലീസായത്‌. നല്ല റെസ്‌പോൺസ്‌ കിട്ടി. അതിലൂടെ കൂടുതൽ അവസരങ്ങളും വന്നു. മൂന്നു തെലുങ്ക്‌ ചിത്രവും തമിഴിലും മലയാളത്തിലും ഓരോ സിനിമയും ചെയ്‌തു.

സിനിമയിൽനിന്ന്‌ പഠിച്ചു


നരഗാസുരനിൽ വീരമണി എന്ന ഗ്രാമത്തിലെ പെൺകുട്ടിയുടെ കഥാപാത്രമായിരുന്നു. അഭിനയിച്ചാണ്‌ കൂടുതൽ കാര്യങ്ങൾ പഠിച്ചത്‌. സിനിമയ്‌ക്കുമുമ്പ്‌ ഒരുപാട്‌ വർക്ക്‌ ഷോപ്പുകൾ കിട്ടി. അതെല്ലാം ഗുണകരമായി. ‘അസുരഗണരുദ്ര’ എന്ന സൈക്കോ ത്രില്ലർ സിനിമ ചെയ്‌തിട്ടുണ്ട്‌. അത്‌ റിലീസിന്‌ ഒരുങ്ങുകയാണ്‌. രക്ഷകിനൊപ്പം ‘ഓപ്പറേഷൻ രാവൺ’ എന്ന ത്രില്ലർ സിനിമയും ചെയ്‌തു. തമിഴിൽ കാടുവെട്ടി, മലയാളത്തിൽ ഹിഗ്വിറ്റ എന്നീ സിനിമകളും ചെയ്‌തു. ഹിഗ്വിറ്റയിൽ ചെറിയ വേഷമായിരുന്നു. അധികം സ്‌ക്രീൻ സമയമൊന്നും ഉണ്ടായിരുന്നില്ല. മലയാളത്തിൽനിന്ന്‌ ലഭിച്ച അവസരം എന്ന നിലയിൽ ചെയ്‌തതാണ്‌. ബാക്കി മൂന്നിലും നായികവേഷമായിരുന്നു.

പ്രതീക്ഷ


12ന്‌ റിലീസ്‌ ചെയ്‌ത ‘ജനക ഐതേ ഗണക’ വലിയ പ്രതീക്ഷയുള്ള ചിത്രമാണ്‌. പടത്തിന്‌ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്‌. ഹരിത എന്ന നായിക കഥാപാത്രമാണ്‌ ചെയ്‌തത്‌. മുഴുനീള വേഷമാണ്‌ ചിത്രത്തിലേത്. കോടതി പശ്ചാത്തലമാക്കിയുള്ള കുടുംബ ചിത്രമാണ്‌. കോമഡിക്ക്‌ പ്രാധാന്യമുള്ള ചിത്രംകൂടിയാണ്‌. ഇതുവരെ സിനിമയിൽ പറയാത്ത ഒരു ആശയമാണ്‌ സിനിമ സംസാരിക്കുന്നത്‌. സാലാറിന്റെ എഴുത്തുകാരിൽ ഒരാളായ സന്ദീപ് റെഡ്ഡി ബന്ദ്‌ലയാണ്‌ സംവിധാനം. കളർ ഫോട്ടോയടക്കം ശ്രദ്ധേയമായ സിനിമകൾ ചെയ്‌ത സുഹാസാണ്‌ നായകൻ. വിജയ്‌ ചിത്രം വാരിസടക്കമുള്ള വലിയ സിനിമകൾ നിർമിച്ച ദിൾ രാജുവാണ്‌ നിർമാതാവ്‌.

ഭാഷ എന്ന കടമ്പ


തെലുങ്കിൽ ആദ്യ സിനിമ ചെയ്യുമ്പോൾ ഭാഷ വലിയ പ്രശ്‌നമായിരുന്നു. ഇംഗ്ലീഷാണ്‌ പറഞ്ഞിരുന്നത്‌. സെറ്റിൽ മലയാളികളുണ്ടായിരുന്നു. അവർ സഹായിക്കുമായിരുന്നു. സംവിധായകർ അടക്കമുള്ളവർ സഹായിക്കുമായിരുന്നു. പിന്നീട്‌ ഭാഷ പഠിച്ചു. എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന ഭാഷയാണ്‌ തെലുങ്ക്‌.

മലയാളത്തിൽ ചെയ്യണം


സ്വന്തം ഭാഷയിൽ സിനിമ ചെയ്യണം എന്നത്‌ വലിയ ആഗ്രഹമാണ്‌. 2020ൽ ആദ്യ സിനിമ ചെയ്യാൻ തുടങ്ങിയതുമുതൽ ഇടവേള കിട്ടിയിട്ടില്ല. നല്ല കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും മലയാളത്തിൽ ചെയ്യും.

തീരുമാനം എന്റേത്‌


ആദ്യം അവസരം വരുമ്പോൾ കുടുംബവുമായി സംസാരിക്കുമായിരുന്നു. ഇപ്പോൾ എനിക്ക്‌ ഏത്‌ വേഷം ചെയ്യാൻ കഴിയുമെന്ന്‌ മനസ്സിലാക്കാൻ പറ്റുന്നുണ്ട്‌. അതിനാൽ, ഞാൻതന്നെയാണ്‌ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്‌. ചെയ്‌തു കഴിഞ്ഞിട്ട്‌ മോശമായാൽ കാര്യമില്ല. പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ്‌ നോക്കുന്നത്‌. കുറച്ചുകാലം കഴിഞ്ഞും സിനിമയെക്കുറിച്ച്‌ ആളുകൾ ഓർക്കുമ്പോൾ കഥാപാത്രത്തെ ഓർമ വരണം.  അത്തരം സിനിമകൾ ചെയ്യാനാണ്‌ ആഗ്രഹം.



deshabhimani section

Related News

View More
0 comments
Sort by

Home