വീശിയടിച്ച് 'ദേവര'; ഓപ്പണിങ് കളക്ഷൻ 172 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 06:24 PM | 0 min read

ഹൈദരാബാദ്> ലോകമൊട്ടാകെയുള്ള തീയേറ്ററുകളില്‍ വീശിയടിച്ച് 'ദേവര' കൊടുങ്കാറ്റ്.  172 കോടിയാണ്  ജൂനിയര്‍ എൻടിആർ ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഗ്രോസ് ഓപ്പണിങ് കളക്ഷൻ. കൊരട്ടാല ശിവയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ നിര്‍മാതാക്കളാണ് പുറത്തുവിട്ടത്. മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം രണ്ടാം ദിനവും ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുന്നതായാണ് റിപ്പോർട്ട്.

''ആദ്യ ദിനം 172 കോടി നേടി ലോകം മുഴുവൻ കുലുക്കി മാൻ ഓഫ് മാസസ് ജൂനിയർ എൻടിആർ'' എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മാതാക്കളായ യുവസുധ ആർട്സ്, എൻടിആർ ആർട്സ് ബാനറുകളുടെ സോഷ്യൽമീഡിയ പേജുകളിൽ പോസ്റ്റർ എത്തിയിരിക്കുന്നത്. ടോട്ടൽ ജൂനിയർ എൻടിആർ ഷോ എന്നാണ് സിനിമയെ കുറിച്ച് വന്നിട്ടുള്ള പ്രേക്ഷകാഭിപ്രായം. അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഭൈര എന്ന വില്ലൻ വേഷത്തിൽ സെയ്ഫ് അലിഖാനും തങ്കമായി ജാൻവി കപൂറും മികച്ച പ്രകടനം നടത്തിയതായാണ് പ്രതികരണങ്ങൾ.
ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുമായി രണ്ടാം ദിനവും ട്രെൻഡിങ്ങാണ് ചിത്രം. തെലുങ്കിൽ അസാധാരണമായ ബുക്കിങ്ങാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.

മലയാളം, തമിഴ് പതിപ്പിനും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ മികച്ച പ്രീ റിലീസ് ബിസിനസ് നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങിയിരക്കുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ദേവര'. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. രത്നവേലു ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും മനോഹരമാണെന്നാണ് പ്രേക്ഷകാഭിപ്രായം.  പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home