'യവനിക' വീണ്ടും വരുന്നു, പുതുമ ചോരാതെ 4 കെ ഫോർമാറ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 01:48 AM | 0 min read


കൊച്ചി
വിഖ്യാതസംവിധായകൻ കെ ജി ജോർജിന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളിലൊന്നായ ‘യവനിക’യുടെ രണ്ടാംവരവ്‌ പ്രഖ്യാപിച്ച്‌ മകൾ താര ജോർജ്‌. 1982ൽ പുറത്തിറങ്ങിയ ചിത്രം 42 വർഷത്തിനുശേഷമാണ്‌ വീണ്ടും തിയറ്ററുകളിലേക്ക്‌ എത്തുന്നത്‌. ഫിലിം ഫോർമാറ്റിലുള്ള സിനിമ ഡിജിറ്റൈസ്‌ ചെയ്‌ത്‌ 4 കെ ഫോർമാറ്റിലേക്ക്‌ മാറ്റുന്ന ജോലി ചെന്നൈയിലെ പ്രസാദ്‌ സ്റ്റുഡിയോയിൽ നടക്കുകയാണെന്ന്‌ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച കെ ജി ജോർജ്‌ അനുസ്‌മരണച്ചടങ്ങിൽ താര പറഞ്ഞു.

അച്ഛന്റെ പേരിൽ താര രൂപംനൽകിയ പ്രൊഡക്‌ഷൻ കമ്പനിയാണ്‌ സിനിമ പുതിയ രൂപത്തിലും ഭാവത്തിലും തിയറ്ററിൽ എത്തിക്കുന്നത്‌. ‘‘അദ്ദേഹം ഞങ്ങൾക്കായി മറ്റൊന്നും സമ്പാദിച്ചിട്ടില്ല. അദ്ദേഹം ബാക്കിവച്ചത്‌  സമൂഹത്തിന്‌ തിരിച്ചുനൽകാനാണ്‌ ഇതിലൂടെ ശ്രമിക്കുന്നത്‌. തുടർന്ന്‌ അദ്ദേഹത്തിന്റെ മറ്റ്‌ സിനിമകളും ഇപ്രകാരം റിലീസ്‌ ചെയ്യാൻ ആഗ്രഹമുണ്ട്‌. അദ്ദേഹത്തിന്റെ സങ്കൽപ്പത്തിനിണങ്ങുന്ന സിനിമകൾ നിർമിക്കാനും പദ്ധതിയുണ്ട്‌. അടുത്തമാസത്തോടെ പുതിയ പ്രിന്റ്‌ പ്രദർശനത്തിന്‌ എത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷ’’–- താര പറഞ്ഞു. ഖത്തർ, ഇതിഹാദ്‌ എയർവേയ്‌സുകളിൽ ജോലി ചെയ്‌തിട്ടുള്ള താര, തുടർന്ന്‌ സിനിമ നിർമാണമേഖലയിൽ സജീവമാകാനുള്ള ശ്രമത്തിലാണ്‌. 

എസ്‌എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ച്‌ ഹെൻറി ഫെർണാണ്ടസ് നിർമിച്ച ‘യവനിക’ പലതുകൊണ്ടും മലയാളസിനിമയിൽ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ്‌. വാണിജ്യ–-സമാന്തര സിനിമകൾക്കിടയിലെ അന്തരം ഇല്ലാതാക്കിയ ചിത്രം തിയറ്ററുകളിൽ ചലനമുണ്ടാക്കി വലിയ സാമ്പത്തികവിജയം നേടി. ഗോപി, മമ്മൂട്ടി, തിലകൻ, നെടുമുടി വേണു, ജലജ, തൊടുപുഴ വാസന്തി, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ്‌ പ്രധാന അഭിനേതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Home