എന്റെ അഭിപ്രായമാണ്, ആരും യോജിക്കണമെന്നില്ല; നിഖില വിമൽ സംസാരിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 08:55 PM | 0 min read

ബിജുമേനോനെ നായകനാക്കി വിഷ്‌ണു മോഹൻ ഒരുക്കിയ ‘കഥ ഇന്നുവരെ' വെള്ളിയാഴ്‌ച പ്രേക്ഷകരിലേക്ക്‌ എത്തി. പ്രശസ്‌ത നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രംകൂടിയാണിത്‌. നിഖില വിമലാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്‌. കഥാപാത്ര തെരഞ്ഞെടുപ്പ്‌, തന്റെ നിലപാടുകൾ, അതിൻമേലുണ്ടാകുന്ന ചർച്ച എന്നിവയെക്കുറിച്ച്‌ നടി നിഖില വിമൽ സംസാരിക്കുന്നു...

ഫീൽ ഗുഡ്‌

പരിചയമുള്ളവരുടെ സിനിമ എന്ന എക്‌സൈറ്റ്‌മെന്റിലാണ്‌ ‘കഥ ഇതുവരെ’യുടെ കഥ കേട്ടത്‌. ഫീൽ ഗുഡ്‌ സ്വഭാവത്തിലുള്ള സിനിമയാണ്‌. ഇങ്ങനെയൊരു കഥാപാത്രം ചെയ്‌തിട്ട്‌ കുറെ നാളായി. കഥാപാത്രത്തിന്‌ ഒരു വിന്റേജ്‌ പരിപാടിയൊക്കെയുണ്ട്‌. ഉമ എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌. പ്രണയ ട്രാക്കുള്ള കഥാപാത്രമാണ്‌.

തെരഞ്ഞെടുപ്പ്‌

വരുന്ന സിനിമകളിൽനിന്നാണ്‌ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്‌. കൂടുതൽ വരുന്നത്‌ റൊമാൻസ്‌, ഫീൽ ഗുഡ്‌ എന്നിങ്ങനെയുള്ള സന്തോഷകരമായ കഥാപാത്രങ്ങളാണ്‌. ജോ ആൻഡ്‌ ജോ ഫാമിലി സിനിമയായിരുന്നു, ഗുരുവായൂരമ്പല നടയിൽ കോമഡി സ്വഭാവത്തിലായിരുന്നു. എന്റെ കഥാപാത്രത്തിന്‌ നെഗറ്റീവ്‌ ഷെയ്‌ഡും ഉണ്ടായിരുന്നു. ത്രില്ലർ സിനിമകൾ ചെയ്‌തിട്ട്‌ കുറച്ചായി. നേരത്തേ പോർ തൊഴിൽ, ദി പ്രീസ്റ്റ്‌ ഒക്കെ ചെയ്‌തിരുന്നു. വരാനിരിക്കുന്ന ഗെറ്റ്‌ സെറ്റ്‌ ബേബി സാമൂഹ്യ വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത്‌.

വാഴൈയിലെ അനുഭവം

ഇതുവരെ ചെയ്‌ത സിനിമകളിൽനിന്ന്‌ വ്യത്യസ്‌തമായ, എന്നാൽ രസകരമായ അനുഭവമായിരുന്നു വാഴൈയിൽ അഭിനയിച്ചപ്പോഴുണ്ടായത്‌. സാധാരണ ചെയ്യുന്ന സിനിമകൾപോലെ വളരെ സുഖമായി എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതല്ല. ചിത്രീകരണത്തിലെല്ലാം മാരി സെൽവരാജിന് അദ്ദേഹത്തിന്റേതായ രീതിയുണ്ട്‌. നന്നായി പണിയെടുത്താൽമാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ.

ആരും യോജിക്കണമെന്നില്ല

ഞാൻ അങ്ങനെ ഒരിടത്തും വന്ന്‌ വെറുതെ അഭിപ്രായം പറയാറില്ല. പത്രസമ്മേളനം വിളിച്ചൊന്നും പറയാറില്ല. ഞാൻ ചെയ്യുന്ന ജോലിയുടെ ഭാഗമായി അഭിമുഖങ്ങളിലൊക്കെ ചോദിക്കുന്ന ചോദ്യങ്ങളോട്‌ മറുപടി പറയേണ്ടിവരും. എന്റെ അഭിപ്രായമാണ്‌ പറയുന്നത്‌. അതിനോട്‌ ആരും യോജിക്കണമെന്നില്ല. യോജിക്കണമെന്ന്‌ പറയാനുമാകില്ല. ഞാൻ പറയുന്നത്‌ എല്ലാവർക്കും ഇഷ്ടപ്പെടാറില്ല. ഭൂരിപക്ഷം പേരും പ്രകടിപ്പിക്കുന്ന അഭിപ്രായമല്ല എന്നതിനാലാകും അത്‌.

മാറ്റം ഉണ്ടാകുന്നുണ്ട്‌

ഇപ്പോൾ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്‌ അഞ്ചു വർഷം മുമ്പുള്ളതാണ്‌. ഈ കാലയളവിൽ റിപ്പോർട്ടിന്റെ പുറത്തുതന്നെ മലയാള സിനിമയിൽ പല മാറ്റങ്ങളും ഉണ്ടായി. ഇതിന്റെ ഭാഗമായി ഉണ്ടായ സിനിമയുടെ നയരൂപീകരണ കമ്മിറ്റി, ഇന്റേണൽ കമ്മിറ്റി എന്നീ രണ്ടു കമ്മിറ്റിയിൽ ഞാൻ അംഗമാണ്‌. റിപ്പോർട്ടിൽ പറയുന്നപോലെയുള്ള അനുഭവം എനിക്കുണ്ടായിട്ടില്ല. അതിനാൽത്തന്നെ അതിനെ നേരിട്ടും ശീലമില്ല. അത്‌ സംബന്ധിച്ച്‌ നടക്കുന്ന ചർച്ചയും എനിക്ക്‌ പുതിയതാണ്‌. ജോലി ചെയ്യുന്ന ഇടത്തിലെ സുരക്ഷയെ ഉദ്ദേശിച്ചുള്ള റിപ്പോർട്ടാണിത്‌. അതിനാൽത്തന്നെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
 
ചർച്ച നല്ലതാണ്‌

പുതിയ സംഘടനകൾ വരുന്നത്‌ മാറ്റത്തിനുള്ള ഇടം ഒരുക്കുകകൂടിയാണ്‌. ഡബ്ല്യുസിസി ശക്തമായ ഇടപെടൽ നടത്തി. സ്‌ത്രീസുരക്ഷയെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ വഴിയൊരുക്കി. ഇന്റേണൽ കമ്മിറ്റി വന്നപ്പോൾ ഒരുപാട്‌ കാര്യങ്ങളിൽ മാറ്റമുണ്ടായി. കാര്യങ്ങളിൽ ചർച്ചയും നടപടിയും ഉണ്ടായി. ഇപ്പോൾ ‘അമ്മ’ പിരിച്ചുവിട്ടു. ഇനി പുനഃസംഘടിപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അങ്ങനെ പുതിയ സംഘടന വരുന്നതും ചർച്ച നടക്കുന്നതും നല്ലതാണ്‌. തെറ്റുകളുണ്ടായിട്ടുണ്ടെങ്കിൽ അത്‌ തിരുത്തേണ്ടതാണ്‌. പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്‌ എല്ലാവരും മെച്ചപ്പെടുന്നതും ശക്തമാകുന്നതും. മാറ്റം പെട്ടെന്ന്‌ സംഭവിക്കുന്നതുമല്ല.



deshabhimani section

Related News

View More
0 comments
Sort by

Home