പീഡന പരാതി; 'ബ്രോ ഡാഡി' അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 07:25 PM | 0 min read

തിരുവനന്തപുരം> യുവതിയുടെ പീഡന പരാതിയിൽ ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദിൽ വച്ചാണ് സംഭവമെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പാനീയം നൽകി മയക്കി പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി.

നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിലായിരുന്നു.

2021 ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടുത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും അവസരം തരാമെന്നു പറഞ്ഞാണ് മൻസൂർ റഷീദ് യുവതിയെ വിളിച്ചുവരുത്തിയത്. റൂമിലെത്തിയപ്പോൾ കുടിക്കാൻ കോള നൽകി. ബോധം തെളിഞ്ഞപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. തുടർന്ന് ന​ഗ്നചിത്രം കാണിച്ച് ഇയാൾ പലതവണ പണം വാങ്ങിയെന്നും പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home