സ്‌ട്രീം റേറ്റിങ്ങിൽ ‘ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ’ ഒന്നാം സ്ഥാനത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 05:08 PM | 0 min read

ലോസ്‌ ആഞ്ചലസ്‌ > ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ സമയം സ്‌ട്രീം ചെയ്ത ഷോ ആയി ‘ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ’. 1.27 ബില്ല്യൺ മിനുട്ടുകളാണ്‌ എച്ച്‌ബിഒ പുറത്തിറക്കിയ സീരീസ്‌ സ്‌ട്രീം ചെയ്തത്‌. ജൂലൈ എട്ട്‌ മുതൽ 14 വരെയുള്ള കണക്കുകളിലാണ്‌ ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ മുന്നിലെത്തിയത്‌. എച്ച്‌ബിഒയുടെ മറ്റ്‌ ചാനലുകളിലും സീരീസ്‌ സ്‌ട്രീം ചെയ്തിട്ടുണ്ടെങ്കിലും ആ പ്ലാറ്റ്‌ഫോമുകളിലെ പ്രദർശന സമയം ഈ കണക്കിൽ പരിഗണിച്ചിട്ടില്ല. ഇന്ത്യയിൽ ജിയോ സിനിമയായിരുന്നു സീരീസ്‌ പ്രദർശനത്തിനെത്തിച്ചത്‌.

ഹൗസ്‌ ഓഫ്‌ ദ ഡ്രാഗണിന്‌ പിന്നാലെ 1.08 ബില്ല്യൺ പ്രദർശന സമയവുമായി ഡിസ്‌നിയുടെ ‘ബ്ലു’ ആണ്‌ പട്ടികയിൽ രണ്ടാമത്‌. നെറ്റ്‌ഫ്ലിക്‌സിന്റെ ‘സ്യൂട്ട്‌സ്‌’ മൂന്നാമതും ആമസോണിന്റെ ‘ദ ബോയ്‌സ്‌’ നാലാമതുമാണ്‌. സ്യൂട്ട്‌സ്‌ 1.07 ബില്ല്യൺ മിനുട്ടുകളും ദ ബോയ്‌സ്‌ 1.07 മിനുട്ടുകളുമാണ്‌ സ്‌ട്രീം ചെയ്‌തത്‌.

കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ സീസൺ ടുവിന്റെ എട്ടാമത്തെയും അവസാനത്തെയും എപ്പിസോഡ്‌ റിലീസ്‌ ചെയ്തത്‌. ആദ്യ സീസണിൽ 10 എപ്പിസോഡുകളുണ്ടായിരുന്നു. ആദ്യ സീസൺ റിലീസ്‌ ചെയ്ത്‌ രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷമായിരുന്നു രണ്ടാമത്തെ സീസണിന്റെ റിലീസ്‌. അടുത്ത സീസൺ എപ്പോഴായിരിക്കും എന്ന്‌ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.

ജോർജ്‌ ആർ ആർ മാർട്ടിന്റെ ഫയർ ആൻഡ്‌ ബ്ലഡ്‌ എന്ന രചനയെ ആസ്പദമാക്കിയാണ്‌ സീരീസ്‌ പുറത്തിറക്കുന്നത്‌. മാറ്റ്‌ സ്‌മിത്ത്‌, എമ്മ ഡാർസി, ഒലിവിയ കുക്ക്‌, ടോം ഗ്ലിൻ കാർനി, ഈവൻ മിച്ചൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2011 മുതൽ 2017 വരെ റിലീസ്‌ ചെയ്ത പ്രശസ്‌തമായ ഗെയിം ഓഫ്‌ ത്രോൺസ്‌ എന്ന സീരിസിന്റെ പ്രീക്വൽ സീരീസ്‌ ആണ്‌ ഹൗസ്‌ ഓഫ്‌ ദ ഡ്രാഗൺ. ‘ഡനേറിയസ്‌ ടാർഗേറിയന്‌ 172 വർഷങ്ങൾക്ക്‌ മുൻപ്‌’ എന്ന്‌ സ്‌ക്രീനിലെഴുതിക്കൊണ്ടായിരുന്നു ഹൗസ്‌ ഓഫ്‌ ദ ഡ്രാഗണിന്റെ ആരംഭം.



deshabhimani section

Related News

View More
0 comments
Sort by

Home