റൗള്‍ പെക്കിന്റെ "ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആൻഡ് ഫൗണ്ട്' ഐഡിഎസ്എഫ്എഫ്‌കെ ഉദ്ഘാടന ചിത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 03:41 PM | 0 min read

തിരുവനന്തപുരം > കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതല്‍ 31 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന പതിനാറാമത് ഐഡിഎസ്എഫ്എഫ്‌കെ യുടെ ഉദ്ഘാടന ചിത്രമായി വിഖ്യാത സംവിധായകന്‍ റൗള്‍ പെക്കിന്റെ ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം കൈരളി തിയേറ്ററിലാണ് പ്രദര്‍ശനം. ഈ വര്‍ഷത്തെ കാന്‍ മേളയില്‍ ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്.

ഹെയ്ത്തി സര്‍ക്കാരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന റൗള്‍ പെക്ക് ആണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. കടുത്ത വര്‍ണവിവേചനം നിലനിന്നിരുന്ന കാലഘട്ടത്തിന്റെ അനിശ്ചിതത്വങ്ങളും ആശങ്കകളും ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ഡോക്യുമെന്ററി. ലോകജനതയ്ക്കു മുന്നില്‍ വര്‍ണവിവേചനത്തിന്റെ ക്രൂരയാഥാര്‍ഥ്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തിയത് ഏണസ്റ്റ് കോളിന്റെ ഫോട്ടോകളാണ്. 1967 ല്‍ തന്റെ ഇരുപത്തിയേഴാമത്തെ വയസ്സില്‍ കോള്‍ പ്രസിദ്ധീകരിച്ച ഹൗസ് ഓഫ് ബോണ്ടേജ് എന്ന പുസ്തകം ആഗോള മനുഷ്യമനഃസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വംശീയ അനീതികളും അടിച്ചമര്‍ത്തലുകളും കൊണ്ടു പൊറുതിമുട്ടിയ കറുത്ത വര്‍ഗക്കാരുടെ ദുരിത ജീവിതം അദ്ദേഹം തുറന്നുകാട്ടി. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം അദ്ദേഹത്തെ നാടുകടത്തി. ന്യൂയോര്‍ക്കിലും യൂറോപ്പിലും അദ്ദേഹം ശിഷ്ടകാലം ചെലവഴിച്ചു. 2017 ല്‍ സ്വീഡിഷ് ബാങ്കില്‍ നിന്നു കണ്ടെടുത്ത 60,000 നെഗറ്റിവ് ഫിലിമുകളെക്കുറിച്ചും ചിത്രത്തില്‍ പ്രതിപാദിക്കുന്നു. മനുഷ്യാന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവര്‍ക്കായി ശബ്ദിക്കുന്നവയാണ് ഏണസ്റ്റ് കോളിന്റെ ഫോട്ടോകളും വാക്കുകളും.

റൗള്‍ പെക്ക്

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ റൗള്‍ പെക്കിന് 2001 ല്‍ ഹ്യൂമന്‍ റൈറ്സ് വാച്ച് അസോസിയേഷന്‍ എറീന്‍ ഡയമണ്ട് ലൈഫ് ടൈം അച്ചീവ്മെന്റ്  അവാര്‍ഡ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ചലച്ചിത്രപ്രേമികള്‍ക്കും അദ്ദേഹം സുപരിചിതനാണ്. 2017 ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അദ്ദേഹത്തിന്റെ ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. 2009ലെ പതിനാലാമത് ഐഎഫ്എഫ്‌കെ യില്‍ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തിയത് റൗള്‍ പെക് ആണ്.



deshabhimani section

Related News

View More
0 comments
Sort by

Home