ഐഡിഎസ്എഫ്എഫ്‌കെ ഫോക്കസ് വിഭാഗത്തില്‍ ലിവ് ഉള്‍മാനെക്കുറിച്ച് രണ്ടു സിനിമകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 09:17 PM | 0 min read

വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന്‍ ഇംഗ്‌മര്‍ ബെര്‍ഗ്‌മാന്റെ നിരവധി ചിത്രങ്ങളിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയായ നോര്‍വീജിയന്‍ നടി ലിവ് ഉള്‍മാന്റെ ജീവിതം പകര്‍ത്തിയ രണ്ടു ഡോക്യുമെന്ററികള്‍ പതിനാറാമത് ഐഡിഎസ്എഫ്എഫ്‌കെ യില്‍ പ്രദര്‍ശിപ്പിക്കും. ലിവ് ആന്‍ഡ് ഇംഗ്മര്‍ പെയിന്‍ഫുള്ളി കണക്റ്റഡ്, ലിവ് ഉള്‍മാന്‍: എ റോഡ് ലെസ് ട്രാവല്‍ഡ് എന്നീ ചിത്രങ്ങളാണ് ബര്‍ഗ്മാന്റെയും ലിവ് ഉള്‍മാന്റെയും ആരാധകര്‍ക്കു മുന്നിലെത്തുന്നത്. ധീരജ് അകോല്‍ക്കര്‍ ആണ് രണ്ടു ചിത്രങ്ങളുടെയും സംവിധായകന്‍.

ലിവ് ഉള്‍മാന്‍: എ റോഡ് ലെസ് ട്രാവല്‍ഡ് എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം എഴുപത്തിയാറാമത് കാന്‍ ചലച്ചിത്രമേളയിലായിരുന്നു. ലിവ് ഉള്‍മാനോടൊപ്പം പതിനഞ്ചു വര്‍ഷത്തോളം സഞ്ചരിച്ചാണ് ധീരജ് അകോല്‍ക്കര്‍ ഈ ചിത്രം പൂര്‍ത്തീകരിച്ചത്.  
1950 കളില്‍ നാടകനടിയായി അഭിനയജീവിതമാരംഭിച്ച ലിവ് ഉള്‍മാന്‍ ഇബ്‌സന്റെ എ ഡോള്‍സ് ഹൗസ് എന്ന നാടകത്തിലെ നോറ എന്ന കഥാപാത്രത്തെ അരങ്ങിലവതരിപ്പിച്ച് അക്കാലത്ത് ശ്രദ്ധേയയായിരുന്നു. 1957 ല്‍ എഡിത് കാല്‍മര്‍ സംവിധാനം ചെയ്ത ഫൂള്‍സ് ഇന്‍ ദ് മൗണ്ടന്‍സ് എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ സിനിമാജീവിതമാരംഭിച്ച ലിവ് ഉള്‍മാന്‍ 1966 ല്‍ പെഴ്‌സൊണ എന്ന ചിത്രത്തിലൂടെയാണ് ഇംഗ്മര്‍ ബര്‍ഗ്മാനോടൊപ്പം ചേരുന്നത്. ആകെ പന്ത്രണ്ടു സിനിമകളില്‍ ലിവ് ഉള്‍മാന്‍ ബര്‍ഗ്മാനോടൊപ്പം സഹകരിച്ചു. ഓട്ടം സൊനാറ്റ, അവര്‍ ഓഫ് ദ് വൂള്‍ഫ്, ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സ്, ഷെയിം, ദ് പാഷന്‍ ഓഫ് അന്ന തുടങ്ങിയ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

ഇംഗ്‌മർ ബെർഗ്‌മാനും ലിവ് ഉൾമാനും

ഉള്‍മാന്റെ ഏഴു പതിറ്റാണ്ടോളം നീണ്ട അന്താരാഷ്ട്ര ചലച്ചിത്രജീവിതം ഈ ചിത്രത്തില്‍ വിശകലനം ചെയ്യപ്പെടുന്നു. കേറ്റ് ബ്ളാഞ്ചറ്റ്, ജോണ്‍ ലിത്‌ഗോ, ജെസിക കാസ്‌റ്റെയ്ന്‍, സാം വാട്ടെഴ്‌സ്റ്റണ്‍, ജെറിമി അയണ്‍സ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകളിലൂടെ ഉള്‍മാന്റെ ഐതിഹാസിക ചലച്ചിത്രയാത്ര ഈ ചിത്രം രേഖപ്പെടുത്തുന്നു. പുരുഷാധിപത്യം പുലരുന്ന ചലച്ചിത്രലോകത്ത് സ്വന്തം ഇരിപ്പിടമുറപ്പിച്ച ഒരു സ്ത്രീയുടെ അസാമാന്യവ്യക്തിത്വത്തിന്റെ ദൃശ്യരേഖ കൂടിയാണ് ഈ ചിത്രം.
ഇംഗ്മര്‍ ബെര്‍ഗ്മാനും ലിവ് ഉള്‍മാനും തമ്മിലുള്ള അസാധാരണമായ ഹൃദയബന്ധത്തിന്റെ കഥയാണ് ലിവ് ആന്‍ഡ് ഇംഗ്മര്‍ പെയിന്‍ഫുള്ളി കണക്റ്റഡ്.  

ധീരജ് അകോല്‍ക്കര്‍

ഒരു പ്രണയകഥ എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 42 വര്‍ഷത്തെ ആത്മബന്ധമുണ്ടായിരുന്നു ബര്‍ഗ്മാനും ലിവ് ഉള്‍മാനും തമ്മില്‍. ബര്‍ഗ്മാന്‍ എഴുതിയ പ്രണയലേഖനങ്ങള്‍, സിനിമകളിലെ ദൃശ്യങ്ങള്‍, പഴയകാല ഫോട്ടോകള്‍, ഉള്‍മാന്‍ എഴുതിയ ചേഞ്ചിംഗ് എന്ന ആത്മകഥാപരമായ പുസ്തകത്തിലെ ഖണ്ഡികകള്‍ എന്നിവയിലൂടെ സഞ്ചരിക്കുന്ന ഈ ഡോക്യുമെന്ററി രണ്ട് വിശ്വോത്തര കലാപ്രതിഭകള്‍ക്കുള്ള സ്‌നേഹനിര്‍ഭരമായ ആദരവു കൂടിയാണ്.
ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദരൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home