രാഷ്‌‌ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി റിലീസ്‌ തടയുന്നു: ഐഷ സുൽത്താന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 06:36 PM | 0 min read

കൊച്ചി> ലക്ഷദ്വീപിനെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ‘ഫ്‌ളഷ്'എന്ന സിനിമയുടെ റിലീസ്‌ നിർമാതാവ് ബീന കാസിം തടസ്സംനിൽക്കുന്നതായി യുവസംവിധായിക ഐഷ സുൽത്താന. നിർമാതാവിന്റെ ഭർത്താവ് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളാണ് റിലീസ്‌ തടയാൻ കാരണമെന്നും ഐഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെക്കുറിച്ച്‌ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചുള്ള സിനിമ റിയൽ സ്‌റ്റോറിയെന്നു പറഞ്ഞ്‌ പ്രചരിപ്പിക്കുന്നവരാണ്‌, ലക്ഷദ്വീപിന്റെ റിയൽ സ്‌റ്റോറി പ്രദർശനത്തെ തടയുന്നത്‌. ഒരു മാസത്തിനുള്ളിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ യുട്യൂബ്, ഫെയ്‌സ്ബുക് എന്നിവയിലൂടെ സിനിമയോ സിനിമയുടെ പ്രസക്തഭാഗങ്ങളോ റിലീസ് ചെയ്യും.  

കേന്ദ്രസർക്കാരിന് എതിരായ സിനിമയെന്നു പറഞ്ഞാണ്‌ നിർമാതാവ്‌ ഒടിടിയിൽപ്പോലും റിലീസ് ചെയ്യാൻ അനുവദിക്കാത്തത്‌.  സിനിമയ്‌ക്ക്‌ ഒന്നരവർഷംമുമ്പ്‌ സെൻസർ സർട്ടിഫിക്കറ്റ്‌ കിട്ടിയതാണ്‌.  ലക്ഷദ്വീപിൽനിന്ന്‌ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സയ്‌ക്ക്‌ കേരളത്തിലേക്കു വിമാനത്തിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ സിനിമയിൽ പറയുന്നുണ്ട്‌. ഇത് യഥാർഥ സംഭവമല്ലെന്നാണ് നിർമാതാവ് പറയുന്നത്‌. ലക്ഷദ്വീപിൽ ഷൂട്ടിങ്ങിനിടെ ചിലർ തടസ്സം സൃഷ്‌ടിക്കാൻ ശ്രമിച്ചിരുന്നു.

അഞ്ചു ദിവസംകൊണ്ട്‌ ഷൂട്ടിങ്‌ തീർക്കണമെന്ന്‌ നിർമാതാവിന്റെ ഭർത്താവ്‌ ആവശ്യപ്പെട്ടു. ലൊക്കേഷനിൽനിന്ന്‌ പല ഉപകരണങ്ങളും കാണാതായി. അഡ്‌മിനിസ്‌ട്രേഷനെ സ്വാധീനിച്ച്‌ 144 പ്രഖ്യാപിച്ച്‌ തടസ്സം സൃഷ്‌ടിച്ചു. ഷൂട്ടിങ്‌ കഴിഞ്ഞ്‌ കൊച്ചിയിൽ തിരിച്ചെത്തിയപ്പോഴാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ദ്വീപ്‌ ജനതയെ ദുരിതത്തിലാക്കിയ പരിഷ്‌കാരങ്ങൾ നടത്തിയതും അതിനെതിരെ താൻ പ്രതികരിച്ചതും. തുടർന്ന്‌ രാജ്യദ്രോഹ കേസിൽവരെപ്പെടുത്തി. അതിന്റെ തുടർച്ചയായാണ്‌ ഇപ്പോൾ സിനിമയ്‌ക്കെതിരായ നീക്കമെന്നും -ഐഷ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home