‘യാത്തിശൈ’ 7-ാം നൂറ്റാണ്ടിലെ തൊഴിലാളിവർഗ കലാപം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 07, 2023, 09:07 AM | 0 min read

‘കൊതിയുടെ മരണം, ഒരു പരാജയമല്ല. മറിച്ച്‌ വൻവിജയമാണ്‌. അവൻ ചിന്തിയ ചോരയിൽനിന്നും ഒരായിരം പേർ ഉണരും. അത്‌ പടർന്നുപന്തലിച്ച്‌ പാണ്ഡ്യ ഭരണകൂടത്തെ സംഹരിക്കും’.

കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിലും കേരളത്തിലും റിലീസായ ഒരു കൊച്ചു സിനിമ ‘യാത്തിശൈ’ നൽകുന്ന സന്ദേശമാണ്‌ ഇത്‌. ‘യാത്ത്‌’ എന്നാൽ തെക്ക്‌ എന്നർഥം. യാത്തിശൈ എന്നാൽ തെക്ക്‌ ദിശ എന്നും. ഇത്‌ തെക്ക്‌ ദിശയിൽ കഴിയുന്ന ഏനർകളുടെ (ആദിവാസികളുടെ) ചരിത്രമാണ്‌. അവരുടെ സ്വാതന്ത്ര്യമോഹമാണ്‌. അധികാരവർഗത്തിനുവേണ്ടി എത്രകാലം യുദ്ധം ചെയ്യും. എത്രപേരെ ബലികൊടുക്കും. ഈ ചോദ്യങ്ങളുയർത്തി കാടിന്റെ മക്കൾ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റമാണ്‌ ചിത്രം.

ഇതൊരു പാൻ ഇന്ത്യാ ചിത്രമല്ല. അറിയപ്പെടുന്ന നടീനടൻമാർ ആരുമില്ല. ഗുരുസോമസുന്ദരം മാത്രമാണ്‌ നാംകണ്ട പരിചിതമുഖം.  കോടിക്കണക്കിനു രൂപയുടെ സെറ്റുകളിലല്ല ചിത്രീകരിച്ചത്‌. കോടികൾ പ്രതിഫലം പറ്റുന്ന നടീനടൻമാരുമില്ല. എന്നിട്ടും റിലീസ്‌ ചെയ്‌ത നാലുദിവസംകൊണ്ട്‌ മൂന്നുകോടി രൂപ ചിത്രം കളക്ട്‌ ചെയ്‌തു.

എന്താണ്‌ ചിത്രത്തിന്റെ പ്രത്യേകത. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ചിത്രം പരാജിതന്റെ കലാപത്തിന്‌ മുൻതൂക്കം നൽകുന്നു. അധികാരം നിലനിർത്താൻ യുദ്ധം ചെയ്യുന്ന രാജകുലത്തിന്റെ ചരിത്രമോ, പ്രണയമോ, ഇല്ലാത്ത ഖ്യാതിയോ അല്ല ചിത്രം സംസാരിക്കുന്നത്‌. അധികാരവർഗം യുദ്ധത്തിനായി ആദിവാസികളെ ഉപയോഗിക്കുകയും യുദ്ധം കഴിഞ്ഞശേഷം വലിച്ചെറിയുകയും ചെയ്യപ്പെടുന്ന ആദിവാസികൾ സംഘടിച്ച്‌ നടത്തുന്ന പരാജയപ്പെടുന്ന വിപ്ലവമാണ്‌ സിനിമ.

ബാഹുബലി, പൊന്നിയിൻ ശെൽവൻ ഒന്നും രണ്ടും കോടാനുകോടി രൂപ മുടക്കി നിർമിച്ച സിനിമകൾക്ക്‌ പറയാനുള്ള ആർഭാടത്തിന്റെ കണക്കോ, കഥയോ ഈ ചിത്രത്തിന്‌ പറയാനില്ല. എന്നാൽ, ഗ്രാഫിക്‌സിന്റെ പിന്തുണയോടെ ഏഴാം നൂറ്റാണ്ടിൽ നടന്ന ആദിവാസി കുലത്തിന്റെ രോഷാകുലമായ കലാപത്തെ ചിത്രം അപാരമായ ദൃശ്യവിരുന്നോടെ നമുക്കുമുന്നിൽ നിർത്തുന്നു.

സിനിമയുടെ മറ്റൊരു പ്രത്യേകത ഏഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സംഘത്തമിഴാണ്‌ സംസാരിക്കുന്നത്‌. ആധുനിക കാലത്തെ തമിഴ്‌ഭാഷ സബ്‌ ടൈറ്റിലായി എഴുതിക്കാണിക്കുന്നുണ്ട്‌. ഏഴാം നൂറ്റാണ്ടിൽ പാണ്ഡ്യനാട്‌ ഭരിച്ച ‘രണധീരപാണ്ഡ്യ’ന്റെ ആധിപത്യത്തിനെതിരെ ‘കൊതി’ എന്ന ആദിവാസി യുവാവിന്റെ നേതൃത്വത്തിൽ നടത്തുന്ന ഭരണാധികാരവിരുദ്ധ വിപ്ലവമാണ്‌ ഇത്‌.

രാജകൊട്ടാരം പിടിച്ചെടുത്ത കൊതി ഏതാനും ദിവസം ഭരണാധികാരിയായി സ്വയം അവരോധിക്കുന്നുണ്ട്‌. എന്നാൽ, ആദിവാസികളെ ഭരിക്കാൻ ഒരു സമൂഹം അനുവദിക്കുമോ? ഇല്ലെന്ന്‌ ചിത്രം തെളിയിക്കുന്നു. രണധീരപാണ്ഡ്യന്റെ നേതൃത്വത്തിൽ ഭരണാധികാരിവർഗവും ഉപദേശകരും ഒന്നിച്ച്‌ കൊതിയെ പോർക്കളത്തിൽ മല്ലയുദ്ധവും കായിക പോരാട്ടവും നടത്തി കൊല്ലുന്നു. കൊല്ലപ്പെട്ട കൊതിയുടെ ചുടുചോര പടർന്ന്‌ പരന്ന്‌ ഒഴുകുമ്പോൾ കൊതിയുടെ സ്വപ്‌നം പടർന്നുപന്തലിച്ച്‌ ഒരുനാൾ ഈ ഭൂമിയിൽ സാധ്യമാകുമെന്ന്‌ ഗുരു പറയുന്നതോടെ ചിത്രം അവസാനിക്കുന്നു.

വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച സിനിമ വൻ വിജയമാണെന്നും നിർമിച്ച പണത്തിന്റെ ഇരട്ടി ലഭിച്ചതായും സംവിധായകൻ ധരണി രാജേന്ദ്രൻ പറഞ്ഞു. സിനിമയിൽ സംഘത്തമിഴും വട്ടെഴുത്തും ഉപയോഗിച്ചിട്ടുണ്ട്‌. തമിഴ്‌ജനത ഹൃദയപൂർവം സിനിമ ഏറ്റെടുത്തത്‌ അതിയായ സന്തോഷം നൽകുന്നുവെന്നും ധരണി രാജേന്ദ്രൻ പറഞ്ഞു.

എഴുത്തും സംവിധാനവും ധരണി രാജേന്ദ്രൻ. കെ ജെ ഗണേഷാണ്‌ നിർമാണം. പുതുമുഖങ്ങൾ ശക്തി മിത്രൻ, സിയോൺ, രാജലക്ഷ്‌മി എന്നിവർക്കൊപ്പം ഗുരുസോമസുന്ദരവും അഭിനയിക്കുന്നു



deshabhimani section

Related News

View More
0 comments
Sort by

Home