ഉണ്ണിയേട്ടാ.. ടബൗ ആത്വ കേരള


വൈഷ്ണവ് ബാബു
Published on Jan 05, 2025, 12:00 AM | 5 min read
പാട്ടുകളും നൃത്തച്ചുവടുകളുമായി ഭൂഖണ്ഡങ്ങൾ താണ്ടുന്നവൻ. സന്തോഷത്തിലും ദുഃഖത്തിലും മലയാള മനസ്സിനൊപ്പം നിലകൊണ്ട ഉണ്ണിയേട്ടൻ. അദ്ദേഹത്തെ കാണാൻ കേരളക്കരയിൽ കാത്തിരിക്കുന്നത് പതിനായിരങ്ങളാണ്... ആഫ്രിക്കയിലെ മസായ് ഭാഷയിൽ ‘ടബൗ ആത്വ കേരള’ എന്നാൽ കേരളത്തിലേക്ക് വരൂ എന്നാണ് അർഥം. വയനാടും ആലപ്പുഴയിലുമൊക്കെ പോകണം. ദോശയും ബിരിയാണിയും കഴിക്കണം. മലയാളം കൂടുതൽ സംസാരിക്കാൻ പഠിക്കണം. അങ്ങനെ ഒത്തിരി സ്വപ്നങ്ങളുമായി കേരള യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ഉണ്ണിയേട്ടൻ
പാട്ടുപാടിയും നൃത്തംചെയ്തും മലയാള മനസ്സുകൾ കീഴടക്കുകയാണ് കിലി പോളെന്ന ഉണ്ണിയേട്ടൻ. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയക്കാരനായ കിലിയുടെ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സിനെ കണ്ടാലറിയാം ഭാഷയ്‌ക്കും ദേശീയതയ്‌ക്കും അപ്പുറം അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയുടെ ചേർത്തുനിൽപ്പുകൾ. ഒരിക്കൽപ്പോലും കേരളത്തിലെത്താത്ത കിലി പോൾ നൂറുകണക്കിന് മലയാളം പാട്ടുകൾ ഇതിനകം പാടി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ പാട്ടുകൾക്കും ആരാധകരേറുകയാണ്.
"ടാൻസാനിയയിലെ ഉൾനാടൻ ഗ്രാമത്തിലെ കർഷകനായ എനിക്ക് കേരളവും മലയാളവും ഇത്ര പ്രിയപ്പെട്ടതായത് എങ്ങനെയെന്ന് എല്ലാവരും ചോദിക്കാറുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് മലയാളം പാട്ട് കേൾക്കുന്നത്. മസായ്, സ്വാഹിലി, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ അറിയൂ. എന്നാൽ, മലയാളത്തോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. ഫീഡുകളിൽ മലയാളം വർധിച്ചതോടെ പാട്ടിന്റെ വരികൾക്കൊപ്പം ചുണ്ട് ചലിപ്പിക്കാൻ ശ്രമിച്ചു. അത്ര എളുപ്പമല്ല അതെന്ന് പരിശീലനം തുടങ്ങിയപ്പോഴേ മനസ്സിലായി. ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. മലയാളം പാട്ടുകൾ പാടണമെന്നായി. യുട്യൂബിലൂടെ വരികൾ പഠിച്ചു.
തുടർന്ന് ആ വാക്കുകൾ എങ്ങനെ ഉച്ചരിക്കുമെന്ന് ഗൂഗിളിൽ തിരഞ്ഞു. അർഥം ഇംഗ്ലീഷിൽ കണ്ടെത്തി. എന്നാൽമാത്രമേ പാട്ട് ആസ്വദിച്ച് പാടാൻ കഴിയൂ. അർഥമറിഞ്ഞ് പാടിയതുമുതലാണ് മലയാളത്തെ ഇത്രമേൽ സ്നേഹിക്കാൻ തുടങ്ങിയത്. പശുക്കളെ മേയ്‌ക്കാൻ കാട്ടിലേക്ക് പോകുമ്പോൾ അവയ്ക്കുമുമ്പിലാണ് പാടിത്തുടങ്ങിയത്. പാട്ടിനൊപ്പം നൃത്തവും ചെയ്തു. അതൊക്കെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വരികൾ തെറ്റുമോ എന്ന ആശങ്കകളെ കാറ്റിൽപ്പറത്തി, ‘ഏട്ടൻ’ വിളികളുമായി മലയാളികൾ എന്നെ സ്വീകരിച്ചു. ഞാൻ ഇതുവരെ കാണാത്ത ഒരു പ്രദേശത്തുനിന്ന് ഇത്ര വലിയ സ്നേഹവും പിന്തുണയും ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
നിരവധി പേർ സ്നേഹസന്ദേശങ്ങൾ അയക്കാൻ തുടങ്ങി. കമന്റുകളിൽ ‘ഉണ്ണിയേട്ടൻ’ വിളി വർധിച്ചപ്പോൾ ആ പേര് സ്വയം സ്വീകരിച്ചു. ‘ഏട്ടാ’ എന്ന വിളിയിലെ സ്നേഹവും കരുതലും എത്രത്തോളമുണ്ടെന്ന് എനിക്കും ഇപ്പോൾ അറിയാം. മലയാളികളുടെ സ്നേഹത്തിൽ ഞാൻ പൂർണമായി കീഴടങ്ങിയിരിക്കുന്നു. സഹോദരി നീമ പോളുമായി ചേർന്നും മലയാള ഗാനങ്ങളിൽ റീൽസ് ചെയ്യാറുണ്ട്. എന്നോടൊപ്പം നീമയേയും മലയാളികൾ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഏറെ സന്തോഷം. നീമയെ മലയാളം പാട്ടുകൾ പഠിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.'' –- ഉണ്ണിയേട്ടൻ പറയുന്നു.ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിൽവച്ച് ഇന്ത്യൻ നയതന്ത്രജ്ഞൻ ബിനയ പ്രധാൻ കിലിക്ക് ഉപഹാരം നൽകുന്നു
മലയാളക്കരയെ മാത്രമല്ല കിലി പോൾ നെഞ്ചോട് ചേർത്തത്. ''നാനാത്വത്തിൽ ഏകത്വ''മെന്ന സത്തയിൽ പുലരുന്ന ഇന്ത്യാര്യാജവും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. രാജ്യത്തിന്റെ പരമോന്നത ഗ്രന്ഥമായ ഭരണഘടന നിലവിൽവന്നതിന്റെ 75–-ാം വാർഷികത്തിൽ ആഫ്രിക്കയിലെ വീടിനുമുന്നിൽ ഇന്ത്യൻ പതാക ഉയർത്തി. റിപ്പബ്ലിക് ദിനത്തിൽ സഹോദരി നീമ പോളുമായി ചേർന്നാണ് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിൽവച്ച് കിലിയെ രാജ്യം ആദരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞൻ ബിനയ പ്രധാനാണ് ഉപഹാരം കൈമാറിയത്. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലും കിലിയെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. മലയാളത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും കേരളത്തിലേക്ക് വരാനുള്ള ആഗ്രഹത്തെക്കുറിച്ചും ടാൻസാനിയയിലെ കിലി പോൾ സംസാരിക്കുന്നു.
പാൻ ഇന്ത്യൻ
"നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ
മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ...''
ആവേശം സിനിമയിലെ ‘ഇല്ലൂമിനാറ്റി’ പാട്ടിന്റെ താളം എന്നെ അതിശയപ്പെടുത്തി. അതുപോലെ ഫഹദ് ഫാസിലിന്റെ നൃത്തവും. താളത്തിനും പാട്ടിന്റെ വരികൾക്കുമനുസരിച്ച് മനോഹരമായി നൃത്തം ചെയ്യുകയെന്ന ആഗ്രഹം സാക്ഷാൽക്കരിച്ചത് ഈ പാട്ടിലൂടെയാണ്.
മഞ്ജു വാര്യരാണ് ഇഷ്ടപ്പെട്ട നടി. മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച പാട്ടുകളും ഒരുപാട് കേട്ടിട്ടുണ്ട്. അവരുടെ ചുണ്ടനക്കം പെട്ടന്ന് മനസ്സിലാക്കാൻ കഴിയും. ചില സിനിമകളിലെ സംഭാഷണങ്ങളും പറയാൻ ശ്രമിച്ചിട്ടുണ്ട്. മലയാള സംഭാഷണങ്ങൾക്കൊപ്പം ചുണ്ടുചലിപ്പിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവച്ചപ്പോൾ ശരിയാണോ എന്നുപോലും എനിക്കറിയില്ലായിരുന്നു. കമന്റുകൾ വിവർത്തനം ചെയ്തപ്പോഴാണ് ആശ്വാസമായത്.
മലയാളത്തിനൊപ്പം ഹിന്ദിയും കന്നടയും തെലുങ്കുവും ഇഷ്ടമാണ്. പുഷ്പ സിനിമയിൽ അല്ലു അർജുന്റെ പാട്ടിനൊപ്പം നൃത്തം ചെയ്തതിന് നിരവധി ആരാധകർ മെസേജ് അയച്ചിരുന്നു. ഷേർഷ എന്ന സിനിമയിലെ ‘കെ രാതാം ലംബിയാം ലംബിയാം'' എന്ന ഗാനത്തിന്റെ റീൽ അഞ്ച് ദിവസത്തിനുള്ളിൽ 10 ലക്ഷത്തിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്. വിജയ് നായകനായ ബീറ്റ്സിലെ അറബി ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടിയ ‘കച്ചാ ബദാം' ഗാനത്തിനും ചുവടുവച്ചിട്ടുണ്ട്. ഇതൊക്കെ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഹിന്ദി സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. ഹിന്ദിയിൽ സൽമാൻ ഖാനാണ് ഇഷ്ട താരം.
ഇന്ത്യയിൽ വൈറലാകുന്ന മിക്കവാറും പാട്ടുകൾ പാടാൻ ശ്രമിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യ ജയിച്ചാലും ഇവിടെ ആഘോഷിക്കാറുണ്ട്. വിരാട് കോഹ്ലിയാണ് ഇഷ്ട കളിക്കാരൻ. അങ്ങനെയാണ് മലയാളികളിൽ ചിലരെന്നെ ‘പാൻ ഇന്ത്യൻ ഉണ്ണിയേട്ടൻ' എന്നു വിളിച്ചത്.
നെഞ്ചുലച്ച വയനാട്
കേരളത്തിലെത്തിയാൽ മരങ്ങളും പുല്ലും തിങ്ങിനിറഞ്ഞ കാടുകളിലൂടെ സഞ്ചരിക്കണം. വയലുകളിലും കുളങ്ങളിലും കുളിക്കണം. ആഫ്രിക്കയിലെ വരണ്ട കാട്ടിലിരുന്ന് ഞാൻ കാണുന്ന സ്വപ്നങ്ങളാണിത്. വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എപ്പോഴും ഗൂഗിളിൽ തിരയാറുണ്ട്. അങ്ങനെയിരിക്കെയാണ് വയനാട് ദുരന്തം വാർത്തകളിലൂടെ അറിഞ്ഞത്. നിരവധി പേർക്ക് ജീവനും വീടും നഷ്ടമായെന്നറിഞ്ഞപ്പോൾ വലിയ പ്രയാസമായി.
പച്ചപ്പുനിറഞ്ഞ സ്ഥലങ്ങളെ പാറയും മണ്ണും മൂടുന്നത് സഹിക്കാവുന്നതിലും അപ്പുറമുള്ള കാഴ്ചയായിരുന്നു. തുടർന്ന് ഇൻസ്റ്റഗ്രാം പേജിലൂടെ ‘വയനാടിനായി പ്രാർഥിക്കുക' എന്ന അഭ്യർഥനയുമായി വീഡിയോ പങ്കുവച്ചു. ദുരിതമനുഭവിക്കുന്നവർക്കൊപ്പം ഞാനുമുണ്ടെന്നും ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചും സന്ദേശം കുറിച്ചു. അത് കണ്ടതിനുശേഷം നിരവധി പേർ മറുപടി അയച്ചു. കേരള ഗവൺമെന്റിന്റെ ഔദ്യോഗിക പേജുകളിൽ ആ സന്ദേശം വന്നത് ഞാൻ കണ്ടിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനായി അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസമുണ്ട്.
സിംഹങ്ങളെ നേരിട്ട്
ആഫ്രിക്കയിലെ മസായി വിഭാഗക്കാരാണ് ഞങ്ങൾ. ടാൻസാനിയയിലെ ചാലിൻസ് ജില്ലയിൽ കാടിനോട് ചേർന്നുള്ള ഉൾനാടൻ പ്രദേശമായ ലുബോഗയിലാണ് താമസം. അച്ഛൻ പോൾ, അമ്മ ടാറ്റു. നീമ പോൾ, ജോഫ്രി, ലൊവാസ, ജോൺ എന്നിവരാണ് സഹോദരങ്ങൾ. മാതൃഭാഷ മസായിയാണ്. കൂടാതെ ഇംഗ്ലീഷും ടാൻസാനിയൻ ദേശീയ ഭാഷയായ സ്വാഹിലിയും സംസാരിക്കും. മലയാളം പാട്ടുപാടാൻ എന്നെ സഹായിച്ചത് ഇംഗ്ലീഷാണ്.
ഞങ്ങളുടെ ഗ്രാമത്തിനോട് ചേർന്നുള്ള വരണ്ട കാടുകളിൽ സിംഹങ്ങളാണ് കൂടുതലും. കേരളത്തിലുള്ളവർക്ക് ഇത്തരം ഉണങ്ങിയ കാടുകൾ പരിചിതമല്ലായിരിക്കാം. ഇവിടെയുള്ള വരണ്ട ഭൂമിയിൽ കൃഷിചെയ്താണ് ഞങ്ങൾ ജീവിക്കുന്നത്. കൊച്ചുകുട്ടികൾവരെ കൃഷിയിൽ പ്രാവീണ്യം നേടിയവരാണ്. കർഷകരായതുകൊണ്ടുതന്നെ പശുവും ആടും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അവയില്ലാതെ ജീവിക്കാൻ കഴിയില്ല. പരമ്പരാഗത വസ്ത്രമണിഞ്ഞ് പശുവിനെ മേയ്‌ക്കാൻ കാടുകളിലേക്ക് പോകും. ചിലപ്പോഴൊക്കെ സിംഹങ്ങൾ പശുക്കളെ ആക്രമിക്കും. ഞങ്ങൾ അതിനേയും നേരിടണം.
കട്ടയും മണ്ണും ഉപയോഗിച്ച് നിർമിച്ച വീടാണ് ഞങ്ങളുടേത്. വൈദ്യുതിയോ നെറ്റ്‌വർക്ക് സംവിധാനമോ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം വീടുകളിലും ഇതുതന്നെയാണ് അവസ്ഥ. ഫോൺ ചാർജ് ചെയ്യണമെങ്കിൽ പത്ത് കിലോമീറ്റർ നടക്കണം. അവിടെനിന്ന് ചാർജ് ചെയ്ത് അത്രതന്നെ ദൂരം തിരിച്ചും നടക്കും. വീട്ടിലേക്ക് നടക്കുമ്പോൾ പലപ്പോഴും രാത്രിയായിട്ടുണ്ടാകും. ഇരുട്ടിൽ നടക്കുമ്പോഴും മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്യാറില്ല. അത്രയെങ്കിലും ചാർജ് ലാഭിക്കാമെന്ന് വയ്ക്കും.
വീഡിയോ വൈറലായതിനുശേഷമാണ് എന്റെ വീട്ടിലും അയൽപക്കത്തും മാത്രം വൈദ്യുതി ലഭിച്ചത്. സമീപ പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. നെറ്റ്‌വർക്കിന്റെ അഭാവമാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധി. പ്രദേശത്തെ ഉയർന്ന സ്ഥലത്തുനിന്നാൽ മാത്രമേ മെസേജ് അയക്കാൻ കഴിയൂ. നിങ്ങളോട് സംസാരിക്കുന്നതുപോലും മരത്തിന്റെ മുകളിൽ കയറിയിട്ടാണ്. നല്ല രീതിയിൽ നെറ്റ്‌വർക്ക് സംവിധാനം ലഭ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും അധികാരികൾ മുഖംതിരിക്കും. വിവിധ രാജ്യങ്ങളിൽ പോകുമ്പോൾ ഞങ്ങളുടെ പ്രശ്നങ്ങളും ഞാൻ പറയാറുണ്ട്. ചെറിയ വികസന പ്രവർത്തനങ്ങൾപോലും ഞങ്ങൾക്ക് വലിയ ആശ്വാസമാണ്.
ആഫ്രിക്കയിലെ സ്വപ്‌ന ഓണം
മലയാളികൾ ഓണവും വിഷുവും ആഘോഷിക്കുന്ന ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ വലിയ സ്വപ്നമായിരുന്നു ഒരു ഓണക്കോടിയെന്നത്. പ്രമുഖ ബ്രാൻഡിന്റെ ക്ഷണമനുസരിച്ച് ദുബായിലെത്തിയപ്പോഴാണ് ആ ആഗ്രഹം സാധിച്ചത്. അന്നാണ് ആദ്യമായി മലയാളിയെ നേരിൽക്കണ്ടത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അത്. ഡെന്റിസ്റ്റായ ഡോ. അരുൺ. മലയാളിയെ കണ്ട സന്തോഷത്തിൽ ഞാൻ അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഏറെ നേരം സംസാരിച്ചു. വലിയ പഞ്ചനക്ഷത്ര ഹോട്ടലിൽ എന്നെ താമസിപ്പിച്ചു. ആഫ്രിക്കയിലേക്ക് തിരിച്ചുവരാൻനേരം മുണ്ടും ഷർട്ടുമടങ്ങിയ ഒരു പൊതി സമ്മാനിച്ചു. പിന്നീട് അതെന്റെ ഓണക്കോടിയായി. ഓണനാളിൽ ആ വസ്ത്രം ധരിച്ച ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
കൂട്ടുകുടുംബമായി താമസിക്കുന്ന ഞങ്ങൾക്ക് ആഘോഷ ദിവസങ്ങളോട് വലിയ താൽപ്പര്യമുണ്ട്. ഇവിടെയുള്ള ഓരോ കുട്ടികളോടും ഓണത്തെക്കുറിച്ച് പറഞ്ഞിരുന്നു. അടുത്ത ഓണത്തിന് നേരത്തേ ഓണക്കോടി വാങ്ങണം. കഴിയുമെങ്കിൽ ഓണസദ്യയുമൊരുക്കണം. കുട്ടികൾക്ക് ഓണപ്പാട്ടുകൾ പാടിക്കൊടുക്കണം.
കഴിഞ്ഞ വർഷം മുംബൈയിൽ മെറ്റ ഇവന്റിന് വന്നപ്പോഴാണ് ആദ്യമായി ‘കേരള ദോശ' കഴിക്കുന്നത്. പ്രത്യേക പരിപാടിക്കായി വന്നതുകൊണ്ടാണ് അന്ന് കേരളത്തിലേക്ക് വരാൻ സാധിക്കാത്തത്. കേരള ഭക്ഷണമെങ്കിലും രുചിക്കണമെന്ന ആഗ്രഹത്തിൽ ദോശ കിട്ടുന്ന കടയിലെത്തി. മതിവരുവോളം കഴിച്ചു. തിരിച്ച് ആഫ്രിക്കയിലെത്തിയപ്പോൾ ദോശ വീണ്ടും കഴിക്കണമെന്നു തോന്നി. ബിരിയാണിയുടെ രുചി അറിയില്ലെങ്കിലും കഴിക്കാൻ ആഗ്രഹമുണ്ട്. പുട്ട്, ഇഡ്ഡലി, സാമ്പാർ... ഇങ്ങനെ തുടങ്ങി കേരളത്തിലെത്തിയാൽ കഴിക്കാനുള്ള ഭക്ഷണങ്ങളുടെ ലിസ്റ്റ് തന്നെ എന്റെ കൈയിൽ ഉണ്ട്.
0 comments