കല്യാണിക്ക് 'ലോക' ലഭിച്ചതുപോലെ, മായയുടെ 'തുടക്കം' മനോഹരമാട്ടെ; വിസ്മയക്ക് ആശംസകളുമായി പ്രിയദർശൻ

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ മലയാള സിനിമയിൽ നായികയായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലാണ് വിസ്മയ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ. സിനിമയിലെ ആദ്യ ചുവട് വെക്കുന്ന വിസ്മയക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
'എന്റെ ഒരു കൈയിൽ കല്യാണിയെയും മറുകൈയിൽ മായയെയും എടുത്ത് നടന്നതാണ്. അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ, അവർ സിനിമയിലേക്ക് ചുവടുവെക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ, മായയുടെ തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ...' -പ്രിയദർശൻ കുറിച്ചു.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. അതേസമയം, സിനിമയുടെ സ്വിച്ച് ഓൺ കർമം സുചിത്രയും ക്ലാപ് പ്രണവ് മോഹൻലാലും നിർവഹിച്ചു. മോഹൻലാൽ, സുചിത്ര, പ്രണവ്, വിസ്മയ, ജൂഡ് ആന്റണി ജോസഫ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്‍റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം മോഹൻലാലിന്‍റെയും പ്രണവിന്‍റെയും സോഷ്യൽമീഡിയ പേജുകളിൽ വന്നിരുന്നു.
ചിത്രത്തിന്റെയോ മറ്റ് അണിയറപ്രവർത്തകരുടെയോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളായതിനാൽ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് ആരാധകർ കരുതുന്നത്.









0 comments