'ഇത് എന്റെ നമ്പർ അല്ല': തന്റെ ഐഡന്റിറ്റി ഉപയോഗിച്ച് തട്ടിപ്പ്; ആരാധകർക്ക് മുന്നറിയിപ്പ് നൽകി ബോളിവുഡ് നടി തിലോത്തമ

മുംബൈ: ഓൺലൈൻ ആൾമാറാട്ട തട്ടിപ്പിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി തിലോത്തമ ഷോം. തന്റെ ഐഡന്റിറ്റി ഉപയോഗിച്ച് ഓൺലൈനിൽ തട്ടിപ്പ് നടക്കുന്നതായും ചിലർ ആരാധകരിൽ നിന്നും ആനുകൂല്യങ്ങൾ കൈക്കലാക്കുന്നതായുമാണ് നടി വ്യക്തമാക്കിയത്. അതിനാൽ ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും തിലോത്തമ ആരാധകർക്ക് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി തിലോത്തമ ഒരു വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരുന്നു. നടിയുടെ ബംഗാളി ഭാഷാ ചിത്രമായ ഷാഡോബോക്‌സിന്റെ (ബക്ഷോ ബോണ്ടി) ഒരു സ്റ്റില്ലാണ് അജ്ഞാതൻ വാട്സാപ്പ് ഡിപി ആയി ഉപയോഗിച്ചിരിക്കുന്നത്. ഇതേ നമ്പർ ഉപയോഗിച്ച് തട്ടിപ്പുകാർ നിരവധി ആളുകളെ സമീപിച്ചതായാണ് തിലോത്തമ പറയുന്നത്.
എന്നാൽ ഇത്തരം മെസേജുകൾ അയക്കുന്ന ഫോൺ നമ്പർ തന്റേതല്ലെന്ന് നടി വ്യക്തമാക്കി. തനിക്ക് അറിയാവുന്ന ആളുകളിൽ നിന്ന് ആനുകൂല്യങ്ങൾ നേടുന്നതിനായി തന്റെ പേരിൽ ആൾമാറാട്ടം നടത്തുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് തിലോത്തമ പോസ്റ്റ് പങ്കുവച്ചത്.
'ഇത് എന്റെ നമ്പരല്ല, ഇതിൽ ഡിപി ആയി ഉപയോഗിച്ചിട്ടുള്ളത് ബക്ഷോ ബോണ്ടി എന്ന ഞങ്ങളുടെ ചിത്രത്തിലെ ഫോട്ടോയാണ്. ഇത് ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. തട്ടിപ്പd നടത്തുന്നത് ആരാണെങ്കിലും എന്റെ പേരിൽ പരിചയക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കൈക്കലാക്കുന്നത് നിർത്തൂ;- എന്നാണ് തിലോത്തമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
അംഗ്രേസി മീഡിയം, ലസ്റ്റ് സ്റ്റോറീസ് 2, ഡൽഹി ക്രൈം, ദി നൈറ്റ് മാനേജർ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് നിരൂപക പ്രശംസ നേടിയ നടിയാണ് തിലോത്തമ ഷോം. ജയ്ദീപ് അഹ്ലാവത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച പാതാൽ ലോക് എന്ന പരമ്പരയിൽ അടുത്തിടെ അഭിനയിച്ചിരുന്നു. പരമ്പരയിൽ ഒരു എസ്പിയുടെ വേഷത്തിലാണ് തിലോത്തമ വേഷമിട്ടത്.









0 comments