മലയാളത്തിന്റെ വിസ്മയം; ഉന്നതങ്ങളിൽ മോഹൻലാൽ

മലയാളികളുടെ വിസ്മയം മോഹൻലാലിന് വീണ്ടും പുരസ്കാരത്തിളക്കം. അടൂർ ഗോപാലകൃഷ്ണന് ശേഷം മലയാള സിനിമയിലേക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം വീണ്ടുമെത്തിയിരിക്കുന്നു. കേരളത്തിനും, രാജ്യത്തിനും ഏറെ അഭിമാനിക്കാവുന്ന നിമിഷം. അഭിനയം ഒരു ഏച്ചുകെട്ടലായി തോന്നാതെ കഥയ്ക്കൊപ്പം ഇഴുകിച്ചേരാനുള്ള മോഹൻലാലിന്റെ വൈഭവം പ്രേക്ഷകർക്ക് സുപരിചിതമാണ്. അതുകൊണ്ടാണ് അയാൾ ചിരിക്കുമ്പോൾ ഹൃദയത്തിൽ നിന്നും അറിയാതെ പ്രേഷകരും പുഞ്ചിരിക്കുന്നത്. സ്ക്രീനിൽ അയാൾ കരയുമ്പോൾ അറിയാതെ വിതുമ്പുന്നത്. ഇതിനു രണ്ടിനുമിടയിൽ നിർവികാരതയുടെ അതിർ വരമ്പുകൾ ഭേദിക്കാതെ വീണ്ടും വീണ്ടും അത്ഭുതം കോറിയിടുന്ന മലയാളികളുടെ ലാലേട്ടൻ.
അഭിനയമുഹൂർത്തങ്ങളുടെയും വികാരപ്രകടനങ്ങളുടെയും കുത്തൊഴുക്കാണ് മോഹൻലാൽ. അതിൽപ്പെട്ട പ്രേക്ഷകർക്ക് മികച്ച ഒന്ന് മാത്രം തെരഞ്ഞെടുക്കാൻ പ്രയാസമാണ്. കിരീടത്തിലെ സേതുമാധവൻ അന്നും ഇന്നും മലയാളികളുടെ വേദനയാണ്. നിമിഷനേരങ്ങൾകൊണ്ടാണ് സേതുമാധവന്റെ ജീവിതം മാറിമറിയുന്നത്. ഭാഗ്യനിർഭാഗ്യങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിൽ ഒടുവിൽ നിർഭാഗ്യം അയാളെ കവർന്നെടുക്കുന്നുണ്ട്. അപ്പോഴെല്ലാം ആ കഥാപാത്രത്തിന്റെ നിസ്സഹായതയുടെ ചുഴിയിൽ പ്രേഷകരും അകപ്പെട്ടു.
സാധാരണക്കാരിൽ സാധാരണക്കാരനായ, തൊഴിൽ രഹിതനായ എന്നാൽ അല്പ സ്വൽപ്പം അപകർഷബോധമുള്ള മലയാളി ചെറുപ്പക്കാരനെ സ്‌ക്രീനിൽ അത്ര ലളിതവും കൃത്യവുമായി അവതരിപ്പിക്കാൻ മോഹൻലാലിനല്ലാതെ ആർക്കാണ് കഴിയുക. ബി കോം ഫസ്റ്റ് ക്ലാസിൽ പാസായിട്ടും തൊഴിൽ രഹിതനായ നാടോടിക്കാറ്റിലെ ദാസനും കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ വഴുതി വീണ ടി പി ബാലഗോപാലനും നിഷ്കളങ്കനായതിന്റെ പേരിൽ പ്രതിസന്ധികൾ വേട്ടയാടുന്ന വെള്ളാനകളുടെ നാട്ടിലെ കോൺട്രാക്ടറും എല്ലാം കേരളത്തിന്റെ വിവിധ കോണുകളിൽ ഇന്നും പ്രസക്തമാണ്.
എപ്പോൾ വേണമെങ്കിലും പാളിപ്പോകാവുന്ന കഥാപാത്രമായിരുന്നു സദയത്തിലെ സത്യനാഥൻ. പേടിയുടെ നിറം കറുപ്പോ ചുവപ്പോ എന്ന് ചോദിക്കുന്നിടത് അയാളുടെ കണ്ണുകൾക്ക് മരണത്തിന്റെ തിളക്കമായിരുന്നു. രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിനെ അത്രപെട്ടന്നാരും മറക്കില്ല. കഥകളി നടന്റെ മനോവിചാരങ്ങളിലൂടെ വിസ്മയിപ്പിച്ച വാനപ്രസ്ഥവും ശിഥില ബാല്യത്തിന്റെയും ബാഡ് പേരന്റിങ്ങിന്റെയും ഇരയായ തോമസ് ചാക്കോ എന്ന ആടുതോമയും സ്ഫടികം പോലെ തിളങ്ങുന്ന കഥാപാത്രങ്ങളാണ്. അൽഷിമേഴ്‌സ് എന്ന രോഗവസ്ഥയിലേക്ക് തന്മാത്രയിലെ രമേശനെ കഥാഗതി തള്ളിവിടുമ്പോൾ പ്രേഷകരും ഒപ്പം മുങ്ങിപോകുന്നു. അങ്ങനെ അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത എത്രയോ കഥാപാത്രങ്ങളുടെ ജീവനാഡിയാണ് മോഹൻലാൽ.
ഒരു മഞ്ഞിൽ വിരിഞ്ഞ പൂവുപോലെ പ്രേഷകരുടെ മനസ്സിലേക്കയാൾ കയറിക്കൂടി. ഊതിക്കാച്ചിയ പൊന്നുപോലെ ഓരോ സിനിമ കഴിയും തോറും മിന്നി തിളങ്ങുന്ന പ്രതിഭ. പിന്നീട് മദ്രാസിലെ സിനിമയുടെ ലോകത്തേക്ക് ചേക്കേറി. പിന്നീടങ്ങോട്ട് സിനിമ ലോകം കണ്ടത് അയാളുടെ പടയോട്ടമായിരുന്നു. ശേഷം കാഴ്ചയിൽ അസ്ത്രം പോലെ മൂർച്ചയേറിയ കഥാപാത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ വിസ്മയത്തുമ്പത്തത്തിച്ചു. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നാവർത്തിക്കാതെ വേറിട്ട് നിൽക്കുകയാണ്. അഭിനയത്തിൽ മാത്രമല്ല സിനിമയുടെ എല്ലാ മേഖലകളിലും ഒരേ പോലെ കൈയിണക്കമുള്ള മറ്റൊരു മലയാള നടനുണ്ടോ എന്നതും സംശയമാണ്. മലയാള സിനിമയിൽ കിരീടം അഴിക്കാതെ രാജാവിന്റെ മകനായി അയാൾ തുടർന്നു. മോഹൻലാൽ എന്ന തന്മാത്രയുടെ രസതന്ത്രത്തിൽ പ്രേഷകരും ഒപ്പം ചേർന്നു.
പത്മശ്രീ, പത്മവിഭൂഷൻ, മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, ലഫ്റ്റനന്റ് കേണൽ പദവി, ഫിലിം ഫെയർ പുരസ്കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ മോഹൻലാലിനെ തേടിയെത്തി. രാജ്യത്ത് ചലച്ചിത്ര മേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് പുരസ്കാരവും കരസ്ഥമാക്കി. ആ വിസ്മയ ഗാഥ തുടരുകയാണ്. മലയാളികളുടെ സ്വന്തം ലാലേട്ടന് ദേശാഭിമാനിയുടെ ആശംസകൾ.









0 comments