കേരളത്തിൽനിന്നുള്ളത് മികച്ച ചലച്ചിത്രങ്ങൾ: അടൂർ

തിരുവനന്തപുരം: രാജ്യത്ത് മികച്ച ചിത്രങ്ങൾ ഉണ്ടാകുന്നത് കേരളത്തിൽനിന്നാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. അതിന് ഫിലിം സൊസൈറ്റികളും ഒരു കാരണമായിട്ടുണ്ട്. പണ്ട് വ്യവസായമെന്ന നിലയിൽ നടി നടന്മാർക്കും മറ്റും വേണ്ടി പാട്ടും ഡാൻസും കോമഡിയുമൊക്കെ ചേർത്ത് മസാല ചിത്രങ്ങൾ ഇറക്കിയിരുന്ന കാലത്ത് മികച്ച ലോക സിനിമകളെ ഇവിടെ കൊണ്ടുവന്ന് അവതരിപ്പിച്ചത് ഫിലിം സൊസൈറ്റികളാണ്. കേരള ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.
സിനിമയെക്കുറിച്ച് പഠിച്ചും മനസ്സിലാക്കിയും വേണം നിരൂപണം നടത്താൻ. അത് എളുപ്പ പണിയല്ല. മറ്റ് ഏത് മേഖലയിലും അതുമായി ബന്ധപ്പെട്ടവരാണ് വിലയിരുത്തൽ നടത്തുന്നത്. എന്നാൽ, സിനിമ നിരൂപണത്തിന്റെ കാര്യത്തിൽ ഇത് എന്തോ എളുപ്പ പണിയാണെന്ന മട്ടിലാണ് ചെയ്യുന്നത്_അടൂർ പറഞ്ഞു. ഫിലിം സൊസൈറ്റി കൂട്ടായ്‌മ ചെയർമാൻ എ മീരാസാഹിബ് അധ്യക്ഷനായി. ജനറൽ കൺവീനർ ചെറിയാൻ ജോസഫ്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സൂര്യകൃഷ്‌ണമൂർത്തി, ചലച്ചിത്രവികസന കോർപറേഷൻ എംഡി പി എസ് പ്രിയദർശനൻ, ജോസ് തെറ്റയിൽ, ജോർജ് മാത്യു, വിജയകൃഷ്‌ണൻ, വി രാജകൃഷ്‌ണൻ, നീലൻ തുടങ്ങിയവരും സംസാരിച്ചു.
0 comments