പ്രയാസമേറിയ തീരുമാനം; തലൈവർ-173യിൽ നിന്ന് പിന്മാറിയെന്ന് സുന്ദർ സി

thalaivar 173
വെബ് ഡെസ്ക്

Published on Nov 13, 2025, 04:15 PM | 2 min read

ചെന്നൈ: തമിഴ് സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തലൈവർ 173യിൽ നിന്ന് പിന്മാറിയതായി സംവിധായകൻ സുന്ദർ സി. കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് തലൈവർ 173. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലാണ് സുന്ദർ ഇക്കാര്യം അറിയിച്ചത്. വളരെ അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണമാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. സുന്ദറിന്റെ ഭാര്യയും നടിയും നിർമാതാവുമായ ഖുശ്ബു ഈ പ്രസ്താവന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു.


രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന ഒരു സിനിമ എത്തുന്നതായി സമീപകാലത്താണ് വാർത്തകൾ പുറത്തുവന്നത്. 46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുമെന്ന് അറിയിച്ചിരുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് സംവിധായകന്റെ അപ്രതീക്ഷിത പിന്മാറ്റം.


പ്രസ്താവനയുടെ പൂർണരൂപം


എന്റെ പ്രിയപ്പെട്ട ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയത്തിൽ നിന്ന് ഒരു കുറിപ്പ്,


ഏറെ ദുഖ്ത്തോടെയാണ് ഞാൻ ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം, #തലൈവർ173 എന്ന അഭിമാനകരമായ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനമെടുത്തു. ഉലകനായകൻ കമൽഹാസന്റെ നിർമാണത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന ഈ സംരംഭം എനിക്ക് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു.


ജീവിതത്തിൽ, നമ്മുടെ സ്വപ്നങ്ങളിൽ നിന്ന് വ്യതിചലിച്ചാലും, നമുക്ക് വേണ്ടി നിശ്ചയിച്ച പാത പിന്തുടരേണ്ട നിമിഷങ്ങളുണ്ട്. സിനിമയിലെ ഈ രണ്ട് ഐക്കണുകളുമായും എനിക്ക് ദീർഘ നാളായി ബന്ധമുണ്ട്. അവരെ വളരെ ഉയരത്തിലാണ് ഞാൻ എപ്പോഴും കണക്കാക്കിയിട്ടുള്ളത്. രണ്ടുപേരും എന്നെ നല്ല പാഠങ്ങൾ പഠിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ പങ്കിട്ട നിമിഷങ്ങൾ എന്നും ഓർമയിലുണ്ടാകും. മുന്നോട്ട് പോകുമ്പോൾ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും.


ഈ അവസരത്തിൽ നിന്ന് ഞാൻ മാറിനിൽക്കുകയാണ്. എങ്കിലും അവരുടെ വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം ഞാൻ തുടർന്നും തേടും. ഈ മഹത്തായ സംരഭത്തിലേക്ക് എന്നെ പരിഗണിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ഇരുവർക്കും നന്ദി പറയുന്നു. സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരുന്നവരെ ഈ വാർത്ത നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായ ക്ഷമ പറയുന്നു. നിങ്ങളുടെ ആവേശം നിലനിർത്തുന്ന സംഭാവനകൾ തുടർന്നും നിങ്ങൾക്ക് നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും എന്നെ മനസ്സിലാക്കിയതിനും നന്ദി.




deshabhimani section

Related News

View More
0 comments
Sort by

Home