ലോകയും 41 വർഷം മുൻപിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തനും തമ്മിൽ ബന്ധമുണ്ട്; കൗതുകം നിറച്ചൊരു ഫാൻസ് തീയറി

കൊച്ചി: മൈ ഡിയർ കുട്ടിച്ചാത്തനും ലോകയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഡീകോഡിങ് റിവ്യൂ എഴുത്തുകാരും സിനിമ പ്രേമികളും പറയുന്നത്. എക്കാലത്തെയും വലിയ ഹിറ്റായ ലോക- ചാപറ്റർ വൺ ബ്രില്ലൻസാണ് ഇപ്പോൾ ചർച്ച. ചിത്രം ഒടിടി റിലീസായതോടെ പുതിയ നിരീക്ഷണങ്ങൾ കൂടി നിറയുകയാണ് ഇപ്പോൾ.
മലയാളത്തെ ആഗോള സിനിമ ഭൂപടത്തിലേക്ക് എത്തിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമാണ് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘മൈ ഡിയർ കുട്ടിച്ചാത്തൻ.

’1984 ൽ റിലീസ് ചെയ്ത സിനിമ ഒരു കൂട്ടം കുട്ടികളുടെ കൂട്ടുകാരനായി ഒരു കുട്ടിച്ചാത്തൻ എത്തുന്നതിനെ തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സംഭവങ്ങളാണ് ഇതിവൃത്തം. ഒരു നിഗൂഢമായ നിധിയുടെയും അത് കാക്കുന്ന ഭൂതത്തിന്റെയും കഥപറയുന്ന ചിത്രമാണ് ഇത്.
ലോകയിലേക്ക് വന്നാൽ, സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ടൊവിനോയുടെ കഥാപാത്രം നസ്ലെനെയും കൂട്ടരെയും കൂട്ടികൊണ്ട് ഒരു കഫേയിലേക്ക് വരുന്നുണ്ട്.

കഫേയിലേക്ക് കയറുന്ന സമയത്ത് ടൊവിനോ മൂളുന്നു പാട്ട് ഇത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ 'ആലിപ്പഴം പെറുക്കാൻ' എന്ന ഗാനമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. മൈഡിയർ കുട്ടിച്ചാത്തനിലെ ചിത്രത്തിലെ നായകനും ലോകയിൽ ടൊവിനോയുടെ കഥാപാത്രവും ചാത്തൻ ആണെന്നതും ചർച്ചയുടെ ഭാഗമായി പറയുന്നു ആരാധകർ.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലെത്തിയത്. ഇൻഡസ്ട്രി ഹിറ്റ്, കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ബുക്ക് മൈ ഷോയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ പലവിധ റെക്കോഡുകൾ തിരുത്തിയ ശേഷമായിരുന്നു ഒടിടി പ്രവേശനം.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ്. ഇതുവരെയുള്ള യക്ഷിക്കഥകളിലും സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ചക്കാർക്ക് മുന്നിലേക്ക് ഒരു പുതിയ സാധ്യത തന്നെ തുറന്നിടുകയാണ്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.









0 comments