ഒൗദ്യോഗികമായി ‘അമ്മ’ അമ്മയായി: ശ്വേതാ മേനോൻ

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ, അൻസിബ, ജോയ് മാത്യു, ടിനി ടോം എന്നിവർ. ഫോട്ടോ: അഭിജിത്ത് വി കെ
കൊച്ചി: വോട്ടർമാരോട് നന്ദിയറിയിച്ച് മലയാള സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോൻ. ആദ്യമായിട്ട് ഒൗദ്യോഗികമായി ‘അമ്മ’ അമ്മയായിരിക്കുന്നു എന്നും ശ്വേതാ മേനോൻ പറഞ്ഞു.
എക്‌സിക്യൂട്ടീവ് യോഗത്തിൽ ഒരുപാട് തീരുമാനങ്ങളെടുക്കാനുണ്ടെന്നും സംഘടനയിൽ നിന്ന് പോയ ആർക്കുവേണമെങ്കിലും ഇവിടേക്ക് തിരിച്ചുവരാം എന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ശ്വേതാ മേനോൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശ്വേതയുൾപ്പെടെ നാല് വനിതകളാണ് തെരഞ്ഞെടുപ്പിൽ ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനെയും ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസനെയും വൈസ് പ്രസിഡന്റായി ലക്ഷ്‌മിപ്രിയയെയും തെരഞ്ഞെടുത്തു. ജയൻ ചേർത്തലയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച മറ്റൊരാൾ.
നടൻ ദേവനെ തോൽപ്പിച്ചാണ് ശ്വേത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രവീന്ദ്രനായിരുന്നു ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കുവിന്റെ എതിരാളി. എതിരില്ലാതെയായിരുന്നു അൻസിബയുടെ വിജയം. നാസർ ലത്തീഫിനെ തോൽപ്പിച്ചാണ് ജയൻ ചേർത്തലയുടെയും ലക്ഷ്‍മി പ്രിയയുടെയും വിജയം. തെരഞ്ഞെടുപ്പിൽ അനൂപ് ചന്ദ്രനെ തോൽപ്പിച്ച് ഉണ്ണി ശിവപാൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.









0 comments