സിനിമ ലോകത്തെ 'കിങ് ഖാൻ'; ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാൾ

ആര്യാ കൃഷ്ണൻ
Published on Nov 02, 2025, 11:55 AM | 4 min read
മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് എന്ന ആറുനിലക്കെട്ടിടം. എല്ലാ വർഷവും നവംബർ 2 പുലർച്ചെ ഈ വീടിനുമുന്നിൽ ഒരു ആൾക്കൂട്ടമുണ്ട്. പല സ്ഥലങ്ങളിൽ നിന്ന് എത്തിയ ഒരു കൂട്ടം ജനങ്ങൾ. തലേ ദിവസം രാത്രി മുതൽ കാത്തുനിൽക്കുന്നവർ... കുറച്ചു സമയത്തിനുള്ളിൽ ഒരു ആരവം. നൂറിലധികം കണ്ഠങ്ങളിൽ നിന്ന് ആർപ്പുവിളികൾ... മുംബൈയിലെ ഏതെങ്കിലും ഉത്സവമാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇന്ത്യൻ സിനിമയുടെ കിങ് ഖാനായ ഷാരൂഖ് ഖാന്റെ പിറന്നാൾ പ്രിയപ്പെട്ട ആരാധകർ ആഘോഷിക്കുന്ന രീതിയാണിത്. എല്ലാ വർഷവും ഇത് ആവർത്തിക്കും. ആരാധകരെ കാണാനായി വീടിന്റെ മുകൾ നിലയിൽ സൂപ്പർ താരമെത്തും. തന്റെ ഐക്കോണിക്ക് പോസിൽ ഇരു കൈകളും വീശി മുകൾനിലയിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഷാരൂഖിന്റെ ചിത്രം ഏറെ പ്രശസ്തമാണ്. മൂന്ന് ദശാബ്ദങ്ങളായി ഈ ചുവടിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന ഷാരൂഖ് 2025 നവംബർ രണ്ടിന് തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ പിറന്നാളിന് മധുരം കൂട്ടാൻ ദേശീയ അവാർഡും ഒപ്പമുണ്ട്.

ബോളിവുഡിന്റെ ബാദ്ഷാ, കിങ് ഖാൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് ഷാരൂഖ് ഖാന്. ഇടയ്ക്ക് പതറിയെങ്കിലും വീണ്ടും തിരിച്ചുവന്നതിന്റെ കഥ കൂടിയാണ് ഷാരൂഖിന് 2025ൽ പറയാനുള്ളത്.
1992ൽ പുറത്തിറങ്ങിയ 'ദീവാന' എന്ന ചിത്രത്തിലൂടെയാണ് ന്യൂഡൽഹിക്കാരനായ ഷാരൂഖ് സിനിമ രംഗത്തെത്തിയത്. ഋഷി കപൂറും ദിവ്യ ഭാരതിയുമായിരുന്നു സഹതാരങ്ങൾ. ചിത്രം വിജയമായി, ഷാരൂഖ് ശ്രദ്ധിക്കപ്പെട്ടു. എങ്കിലും തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ബാസിഗർ, ധർ എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷമാണ് ഷാരൂഖിനെ ഏറെ ശ്രദ്ധേയനാക്കിയത്. സ്ഥിരം ബോളിവുഡ് ചിത്രങ്ങളുടെ ഫോർമുലയിൽ നിന്ന് വ്യത്യസ്തമായി കാമുകിയെ കൊലപ്പെടുത്തുന്ന യുവാവിന്റെ പ്രതികാര കഥ പ്രേക്ഷകരെ ഞെട്ടിച്ചു. ഈ ചിത്രത്തിലൂടെ ഷാരൂഖിന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ആദ്യമായി ലഭിച്ചു. ഷാരൂഖ്- കജോൾ ജോഡിയുടെ ആരംഭവും ഈ ചിത്രത്തിൽ നിന്നാണ്.

സംവിധായകൻ യഷ് ചോപ്രയുമായും യഷ് രാജ് ഫിലിംസുമായുള്ള ഷാരൂഖിന്റെ കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു ഡർ (Darr). തുടർന്ന് മായാ മേംസാബ്, കഭീ ഹാൻ കഭീ നാ, അൻജാം, സൽമാൻ ഖാനൊപ്പം കരൺ അർജുൻ എന്നീ ചിത്രങ്ങൾ. 1995ൽ ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ ( Dilwale Dulhania Le Jayenge- DDLJ ) ഷാരൂഖ് എന്ന നടനെ സൂപ്പർ താരമായി ഉയർത്തി. എക്കാലത്തെയും സൂപ്പർ ഹിറ്റായ ഡിഡിഎൽജെ ഏറ്റവും കൂടുതൽ ദിവസം തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൊന്നായി മാറി.
1996ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളും പരാജയമായിരുന്നു. എങ്കിലും 1997ൽ സുഭാഷ് ഗായിയുടെ പർദേസിലൂടെ ( Pardes) എസ്ആർകെ എന്ന ഷാരൂഖ് തിരിച്ചെത്തി. അതേവർഷം പുറത്തിറങ്ങിയ യഷ് ചോപ്ര ചിത്രം ദിൽ തോ പാഗൽ ഹേയും വൻവിജയമായി. 1998ൽ ധർമ പ്രൊഡക്ഷൻസിനൊപ്പമുള്ള ആദ്യ ചിത്രം ഡ്യൂപ്ലിക്കേറ്റ് പുറത്തിറങ്ങി. മണിരത്നത്തിനൊപ്പം ഷാരൂഖ് ഒന്നിച്ച ആദ്യ ചിത്രമായ ദിൽ സേ ( Dil Se) ഈ വർഷം തന്നെ പുറത്തിറങ്ങി. ചിത്രത്തിലെ ഛയ്യ ഛയ്യ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. ഷാരൂഖ് നിരൂപക പ്രശംസയും സ്വന്തമാക്കി. കരൺ ജോഹറിന്റെ സംവിധാനത്തിലൊരുങ്ങിയ കുച്ച് കുച്ച് ഹോതാ ഹേ ( Kuch Kuch Hota Hai ) ഈ വർഷത്തെയും ഷാരൂഖിന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായി മാറി. 1999ൽ ബാദ്ഷാ എന്ന ഏക ചിത്രം മാത്രം. ഇതേ വർഷം തന്നെ ജൂഹി ചൗളയ്ക്കും അസീസ് മിർസയ്ക്കുമൊപ്പം ഡ്രീസ് അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചു. ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയാണ് ഈ കൂട്ടുകെട്ടിലിറങ്ങിയ ആദ്യ ചിത്രം. 99ൽതന്നെ ഹൃത്വിക് റോഷനൊപ്പം കഹോ നാ പ്യാർ ഹേ എന്ന ചിത്രം. 2000ത്തിൽ കമൽ ഹാസന്റെ ഹേ റാമിൽ ( Hey Ram) സഹ വേഷം.

2001ൽ അശോക ചക്രവർത്തിയുടെ ജീവിതത്തെ ആസ്പദമാക്കി സന്തോഷ് ശിവൻ ഒരുക്കിയ ഫിക്ഷണൽ ചിത്രം അശോകയിൽ വേഷമിട്ടു. വെനീസ്, ടൊറന്റോ തുടങ്ങിയ അന്താരാഷ്ട്ര മേളകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇന്ത്യൻ ബോക്സോഫീസിൽ തകർച്ച നേരിട്ടു. 2001ൽ ഷൂട്ടിങ്ങിനിടെയേറ്റ പരിക്കിനെത്തുടർന്ന് ഷാരൂഖ് പിന്നീട് സിനിമകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാക്കി. മൊഹബത്തേൽ ( Mohabbatein -200), കഭി ഖുശി കഭീ ഗം ( Kabhi Khushi Kabhie Gham- 2001) എന്നിവ ഈ കാലത്തെ ഹിറ്റുകളാണ്.
2002ൽ ഹിറ്റ്മേക്കൽ സഞ്ജയ് ലീല ബൻസാലിക്കൊപ്പം ദേവദാസ്. ഐശ്വര്യ റായിയും മാധുരി ദീക്ഷിതുമായിരുന്നു സഹതാരങ്ങൾ. അതുവരെയുള്ളതിൽ ഏറ്റവും ചെലവേറിയ ബോളിവുഡ് ചിത്രമായിരുന്നു ദേവദാസ്. ബോക്സോഫീസിലും നേട്ടം കൊയ്ത ചിത്രം ബാഫ്റ്റ പുരസ്കാരവും നേടി. തുടർന്ന് 2003ൽ കൽ ഹോ നഹോ (Kal Ho Naa Ho).

നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും ഒരേ പോലെ നേടിയ വർഷമായിരുന്നു 2004. തന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആരംഭിച്ചു. ഷാരൂഖിന്റെ പങ്കാളി ഗൗരി ഖാനായിരുന്നു പ്രൊഡ്യൂസർ. ഫറാ ഖാൻ സംവിധാനം ചെയ്ത ടിപ്പിക്കൽ മാസ് മസാല ബോളിവുഡ് ചിത്രം മേ ഹൂ നാ ( Main Hoon Na) ആയിരുന്നു ആദ്യ നിർമാണ സംരംഭം. പാകിസ്ഥാനി യുവതിയുമായി പ്രണയത്തിലാകുന്ന വ്യോമസേന ഉദ്യോഗസ്ഥന്റെ കഥ പറഞ്ഞ വീർ സാറയായിരുന്നു 2004ലെ അടുത്ത ഹിറ്റ്. ചിത്രം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. 2004ൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളായിരുന്നു ഇവ.

ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിലെ നാസ റിസർച്ച് സെന്ററിനുള്ളിൽ ആദ്യമായി ഷൂട്ട് ചെയ്ത ഇന്ത്യൻ ചിത്രമായ സ്വദേശ് (Swades) ആയിരുന്നു 2004ലെ എസ്ആർകെയുടെ അടുത്ത ഹിറ്റ്. തുടർന്ന് പഹേലി ( Paheli), കഭി അൽവിദ നാ കെഹന (Kabhi Alvida Naa Kehna), 1978ലെ അമിതാബ് ബച്ചൻ ചിത്രം ഡോണിന്റെ റീമേക്ക് ഡോൺ ( Don), ചക് ദേ ഇന്ത്യ ( Chak De! India), ഓം ശാന്തി ഓം ( Om Shanti Om ) എന്നിവയായിരുന്നു 2007ലെ ചിത്രങ്ങൾ. 2008ൽ റബ് നേ ബനാദി ജോഡി ( Rab Ne Bana Di Jodi ), 2009ൽ ബില്ലു ( Billu) 2010ൽ മൈ നെയിം ഈസ് ഖാൻ (My Name Is Khan) 2011ൽ റാ വൺ (Ra.One), ഡോൺ 2 (Don 2).

2012ൽ ജബ് തക് ഹേ ദജാൻ (Jab Tak Hai Jaan), 2013ൽ ചെന്നൈ എക്സ്പ്രസ് (Chennai Express), 2014ൽ ഹാപ്പി ന്യൂ ഇയർ ( Happy New Year), 2015ൽ ദിൽവാലേ (Dilwale), 2016ൽ ഫാൻ (Fan ), ഡിയർ സിന്ദഗി ( Dear Zindagi), 2017ൽ റയീസ് ( Raees), ജബ് ഹാരി മെറ്റ് സേജൽ ( Jab Harry Met Sejal), 2018ൽ സീറോ ( Zero) എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. ജബ് ഹാരി മെറ്റ് സേജലും സീറോയും ബോക്സോഫീസ് പരാജയങ്ങളായതോടെ ഷാരൂഖ് ചെറിയ ബ്രേക്കെടുത്തു. 2023ലാണ് വീണ്ടും അടുത്ത ചിത്രം പുറത്തിറങ്ങിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത സ്പൈ യൂണിവേഴ്സ് ചിത്രം പത്താൻ ( Pathaan) ആയിരുന്നു എസ്ആർകെയുടെ ബോക്സോഫീസ് തിരിച്ചുവരവ്. ബോക്സോഫീസിലെ പല റെക്കോർഡുകളും പത്താൻ തകർത്തു. തുടർന്ന് ഡങ്കി, ജവാൻ എന്നീ ചിത്രങ്ങളും. നിലവിൽ സിദ്ധാർഥ് ആനന്ദിന്റെ കിങ്ങിലാണ് ഷാരൂഖ് അഭിനയിക്കുന്നത്.

പല തലമുറകളെ വിസ്മയിപ്പിച്ച താരമാണ് ഷാരൂഖ്. 33 വർഷമായി നീണ്ടുനിൽക്കുന്ന അഭിനയ കരിയറിൽ വിജയവും ഉയർച്ച താഴ്ചകളും ഏറെ. 2025ല്‍ തന്റെ ആദ്യ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ഷാരൂഖ് മെറ്റ് ഗാല കാര്‍പ്പറ്റിലും തിളങ്ങി. ഇനി വരുന്ന തലമുറകളെയും തന്റെ ചിത്രങ്ങളിലൂടെ എസ്ആർകെ എന്ന മൂന്നക്ഷരം വിസ്മയിപ്പിക്കുമെന്നാണ് ഒരോ ഷാരൂഖ് ആരാധകരും കരുതുന്നത്.










0 comments