14.9 ബില്ല്യൺ നേടി സ്‌കാർലറ്റ്; ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന താരം

PHOTO: Instagram/@fallontonightbts

Entertainment Desk
Published on Jul 08, 2025, 12:42 PM | 1 min read
ലോസ് ആഞ്ചലസ്: ബോക്‌സ് ഓഫീസിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന താരമായി ഹോളിവുഡ് നടി സ്‌കാർലറ്റ് ജൊഹാൻസൺ. ജുറാസിക് വേൾഡ്: ദ റീബർത്ത് റിലീസ് ആയതിനെ തുടർന്നാണ് തീയറ്ററിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന അഭിനേതാവായി സ്‌കാർലറ്റ് മാറിയത്. അന്താരാഷ്‌ട്ര മാധ്യമമായ ദ റാപ് ആണ് ലോകത്ത് ബോക്‌സ് ഓഫീസ് കളക്ഷൻ കൂടുതൽ നേടിയ താരമായി സ്‌കാർലറ്റ് മാറിയ കാര്യം പുറത്തുവിട്ടത്.
14.95 ബില്ല്യൺ ഡോളറാണ് സ്‌കാർലറ്റ് അഭിനയിച്ച സിനിമകൾ തീയറ്ററുകളിൽ നിന്ന് വാരിക്കൂട്ടിയത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ (എംസിയു) തന്റെ സഹതാരങ്ങളായ റോബർട്ട് ഡൗണി ജൂനിയർ, സാമുവൽ എൽ ജാക്‌സൺ തുടങ്ങിയവരുടെ റെക്കോർഡാണ് ജുറാസിക് വേൾഡിന്റെ കളക്ഷനോടെ സ്‌കാർലറ്റ് മറികടന്നത്. ജുറാസിക് വേൾഡ് റീബർത്ത് റിലീസ് ചെയ്ത് എട്ട് ദിവസങ്ങൾ പിന്നിട്ടപ്പോൾ 318 മില്ല്യൺ ഡോളറാണ് ചിത്രം ലോകവ്യാപകമായി തീയറ്ററുകളിൽ നിന്ന് നേടിയത്.
സ്‌കാർലറ്റ് കേന്ദ്ര കഥാപാത്രമായും സഹ താരമായും അഭിനയിച്ച സിനിമകൾ 14.95 ബില്ല്യൺ ഡോളർ തീയറ്ററുകളിൽ നിന്ന് നേടിയപ്പോൾ അതിൽ 8.7 ബില്ല്യണും വന്നത് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ ചിത്രങ്ങളാണ്. ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന നടാഷ റൊമനോവ് എന്ന കഥാപാത്രത്തെയാണ് സ്‌കാർലറ്റ് അവഞ്ചേഴ്‌സ്, ക്യാപ്‌റ്റൻ അമേരിക്ക: സിവിൽ വാർ ഉൾപ്പെടെയുള്ള മാർവൽ ചിത്രങ്ങളിൽ അവതരിപ്പിച്ചത്.
സർവം മാർവൽ മയം
ബോക്‌സ് ഓഫീസ് കളക്ഷനിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന അഞ്ച് പേരും മാർവൽ സിനിമകളിൽ അഭിനയിച്ച താരങ്ങളാണ്. എംസിയുവിലെ നിക്ക് ഫ്യൂരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാമുവൽ എൽ ജാക്‌സൺ ആണ് 14.83 ബില്ല്യൺ നേടി പട്ടികയിൽ സ്‌കാർലറ്റിന് പിറകിലായി രണ്ടാമതുള്ളത്. അയൺ മാൻ എന്ന ടോണി സ്റ്റാർകിനെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂനിയർ 14.35 ബില്ല്യൺ നേടി മൂന്നാമതും നിൽക്കുന്നു. ഗാർഡിയൻസ് ഒവഫ് ദ ഗാലക്‌സിയിൽ അഭിനയിച്ച സോയി സൽഡാന, ക്രിസ് പാറ്റ് എന്നിവരാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ.









0 comments