മരണത്തിലേക്കുള്ള വഴിയിൽ സൗഹൃദവെളിച്ചം


സ്വന്തം ലേഖകൻ
Published on Aug 24, 2025, 01:38 AM | 1 min read
തിരുവനന്തപുരം: പതിനേഴാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി– ഹ്രസ്വചിത്രമേളയിൽ കൈരളി തിയറ്ററിനെ നിശ്ചലമാക്കി ‘എ ഫ്ലൈ ഓൺ ദി വാൾ' ഡോക്യുമെന്ററി. സൗഹൃദത്തിന്റെ ആഴവും മരണത്തിന്റെ അന്തസ്സും പ്രമേയമാക്കി നിതീഷ് മണിയാറും ഷോണാലി ബോസും സംവിധാനംചെയ്ത ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണമാണ് മേളയിൽ ലഭിച്ചത്. ‘ലോങ് ഡോക്യുമെന്ററി' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
25 വർഷമായി ഷോണാലി ബോസിന്റെ അടുത്ത സുഹൃത്തായ ചിക കപാഡിയയുടെ അവസാന ദിവസങ്ങളിലെ ജീവിതവും മരണവുമാണ് ചിത്രത്തിലുടനീളം. ഗുരുതര അർബുദ രോഗമായ അനാപ്ലാസ്റ്റിക് തൈറോയ്ഡ് കാർസിനോമ ബാധിച്ച് വേദനയനുഭവിക്കുമ്പോൾ, മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ദുരിത ജീവിതം നയിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ഡോക്ടറുടെ സഹായത്തോടെ മരണം സ്വീകരിക്കാൻ തീരുമാനിക്കുന്നു.
ഈ വിടവാങ്ങൽയാത്രയെ ഡോക്യുമെന്ററിയാക്കി മാറ്റാൻ ചിക തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദൂരമളക്കുകയാണ് നിതീഷ് മണിയാറും ഷോണാലി ബോസും. സ്വിറ്റ്സർലൻഡിലെ ‘ഡിഗ്നിറ്റാസ്’ എന്ന സ്ഥാപനത്തിലെ ഡോക്ടറുടെ സഹായത്തോടെയാണ് ചിക മരണത്തിലേക്ക് സഞ്ചരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചിരിച്ചും സംസാരിച്ചും സന്തോഷിച്ചുമാണ് ചിക തന്റെ അവസാന നിമിഷങ്ങൾ ജീവിച്ചുതീർക്കുന്നത്. ‘ഡിഗ്നിറ്റി ഇൻ ഡെത്ത്' എന്ന ആശയത്തെ ഈ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു.
റോബർട്ട് ഫ്രോസ്റ്റിന്റെ പ്രശസ്തമായ ‘സ്റ്റോപിങ് ബൈ വുഡ്സ് ഓൺ എ സ്നോയി ഇൗവനിങ്' കവിതയിലെ "മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്’ വരികൾ ഉച്ചരിച്ചാണ് ചിക തന്റെ അവസാന യാത്രയിലേക്ക് പോകുന്നത്. ‘ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്' എന്ന അർഥം വരുന്ന കവിതാഭാഗത്തെ പോരാട്ടത്തിന്റെ പ്രതീകമായാണ് ലോകം മനസ്സിലാക്കുന്നത്. എന്നാൽ മരണം വരിക്കുന്ന ചികയുടെ പ്രവൃത്തി ഈ വരികൾക്ക് വിരുദ്ധമാണെന്ന് ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു.









0 comments