മോഹൻലാലിന്റെ സ്വന്തം '4455'

4455 CAR
വെബ് ഡെസ്ക്

Published on Apr 29, 2025, 08:21 PM | 1 min read

തിരുവനന്തപുരം: തുടരും സിനിമ കണ്ടിറങ്ങിയ എല്ലാവരുടെയും മനസിൽ ഒരു കഥാപാത്രം എന്ന പോലെ സ്ഥാനം നേടിയതാണ് ചിത്രത്തിൽ മോഹൽലാൽ കഥാപാത്രം അവതരിപ്പിച്ച ഷൺമുഖത്തിന്റെ 4455 എന്ന നമ്പറുള്ള കറുത്ത അംബാസിഡർ കാർ. സിനിമയിൽ ഷൺമുഖം അത്രമേൽ പ്രിയപ്പെട്ടതായി കൊണ്ടുനടക്കുന്ന ഈ കാറിനും റിയൽ ലൈഫിലെ മോഹൻലാലിനും മറ്റൊരു കണക്ഷൻ കൂടി ഉണ്ട്. വാഹനത്തിന്റെ നമ്പറായ 4455.


മോഹൻലാലിന്റെ ആദ്യ കാറിന്റെ നമ്പർ തന്നെയാണ് 4455. മോഹൻലാൽ ആദ്യമായി സ്വന്തമാക്കിയ KCT 4455 എന്ന കാർ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലെ കാർഷെഡിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഈ കഥയൊന്നും അറിയാതെയാണ് തങ്ങൾ 4455 നമ്പർ തിരഞ്ഞെടുത്തതെന്നാണ് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞത്. തരുണിന്റെ ആദ്യ കാറായ മാരുതിയുടെ നമ്പർ ഇതേ 4455 ആയിരുന്നു എന്നും അതിനാലാണ് ആ നമ്പർ തിരഞ്ഞെടുത്തത് എന്നുമാണ് തരുൺ ഒരു അഭിമുഖത്തിൽ പറഞ്ഞത്.



മോഹൻലാലിന്റെ മിക്ക വാഹനങ്ങളുടെയും നമ്പർ 2255 ആണെങ്കിലും തന്റെ ആദ്യ കാറിന്റെ നമ്പറായ 4455 ഉം മോഹൻലാലിന് പ്രിയപ്പെട്ടത് തന്നെയാണ്. അതേസമയം തുടരും മികച്ച അഭിപ്രായം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയെന്ന പ്രത്യേകതയുമുണ്ട്. മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home