തുടരും, എആർഎം, സർക്കീട്ട്: മൂന്ന് മലയാള ചിത്രങ്ങൾ IFFI ഇന്ത്യൻ പനോരമയിലേക്ക്

കൊച്ചി: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും', ടൊവിനോ തോമസിന്റെ 'അജയന്റെ രണ്ടാം മോഷണം' (എആർഎം), ആസിഫ് അലി നായകനായി എത്തിയ 'സർക്കീട്ട്', എന്നീ ചിത്രങ്ങൾ 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFI) ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.
പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും.
ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ ചിത്രമാണ് സർക്കീട്ട്. ബാലതാരം ഓര്‍ഹാനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥ പറഞ്ഞ ചിത്രമാണ് ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ ഒരുക്കിയ എആർഎം- അജയന്റെ രണ്ടാം മോഷണം. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്ന് വേഷങ്ങളിൽ ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് ലഭ്യമായത് മികച്ച ദൃശ്യവിസ്മയം ആയിരുന്നു. പൂർണമായും ത്രീഡിയിൽ ആണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്.
ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ആണ് ചിത്രം മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് എആർഎം എന്നതും ശ്രദ്ധേയമാണ്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. 25 ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്.









0 comments