ശ്യാമപ്രസാദും മഞ്ജു വാര്യരും മുഖ്യവേഷത്തിൽ; മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട് ഫിലിം പോസ്റ്റർ പുറത്ത്

കൊച്ചി: കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി കമ്പനി അവരുടെ ആദ്യത്തെ ഷോർട് ഫിലിം പോസ്റ്റർ പുറത്തുവിട്ടത്. ശ്യാമപ്രസാദ്, മഞ്ജു വാര്യർ എന്നിവരെയാണ് പോസ്റ്ററിൽ കാണാനാവുക. പോസ്റ്റർ ഇതിനോടകം പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായി. 'ആരോ' എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കൈയിൽ കട്ടൻ ചായയുമായി മഞ്ജുവാര്യരെ നോക്കി നിൽക്കുന്ന ശ്യാമ പ്രസാദും ദൂരെ നിന്ന് നടന്നു വരുന്ന മഞ്ജു വാര്യരുമാണ് പോസ്റ്ററിൽ.
പഴയ രഞ്ജിത്ത് സിനിമകളുടെ ഫീൽ ഇതിലുമുണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. രഞ്ജിത്തിന്‍റെ ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ആരോ'. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം തയാറാക്കിയിരിക്കുന്നത്.ശ്യാമ പ്രസാദ്, മഞ്ജുവാര്യർ എന്നിവരെക്കൂടാതെ അസീസ് നെടുമങ്ങാടും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷോർട് ഫിലിമിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.









0 comments