ലോകയിൽ വാപ്പച്ചിയുമായി ഒരുമിച്ച് അഭിനയിക്കും; സിനിമ തെരഞ്ഞെടുക്കുന്നത് കഥയും ടെക്‌നിക്കൽ ടീമും നോക്കി

ലോകയിലെ വരും ഭാഗങ്ങളിൽ വാപ്പിച്ചിയുമായി ഒരുമിച്ച് അഭിനയിക്കുമെന്നും അതാകും ഒന്നിച്ചുള്ള ആദ്യ ചിത്രമെന്നും ദുൽഖർ. നേരത്തെ പല സിനിമകൾക്കായും ഇവർ ഒരുമിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും നടന്നിരുന്നില്ല. കഥയും ടെക്‌നിക്കൽ ടീമും നോക്കിയാണ് അദ്ദേഹം സിനിമ തെരഞ്ഞെടുക്കുന്നതെന്നും ദുൽഖർ പറഞ്ഞു.
മമ്മൂട്ടിയുമായി ഒരുമിച്ചഭിനനയിക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും അത്തരത്തിൽ പ്ലാനുകൾ ഉണ്ടെന്നും ലോകയ്ക്ക് മുൻപ് മറ്റു ചാൻസ് കാണുന്നില്ലെന്നും ലോകയിലെ കാമിയോ തന്നെ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണെന്നുമായിരുന്നു പ്രതികരണം.

അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ്. ഇതുവരെയുള്ള യക്ഷിക്കഥകളിലും സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ചക്കാർക്ക് മുന്നിലേക്ക് ഒരു പുതിയ സാധ്യത തന്നെ തുറന്നിടുകയാണ്.

നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
സിനിമ ആസ്വാദകരും നിരൂപകരും ഇതിനോടകം തന്നെ ചിത്രത്തെ ഏറ്റടുത്ത് കഴിഞ്ഞു. വ്യത്യസ്തമായ ആശയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സിനിമയുടെ ഒരു പുതിയ ലോകം തുറന്നിരിക്കുകയാണ് ലോക.









0 comments