മേന്മയേറി മലയാളസിനിമ

Malayalam Movies
avatar
പാർവതി ഗിരികുമാർ

Published on Sep 24, 2025, 03:59 PM | 2 min read

മലയാള സിനിമ ഇപ്പോൾ 'ഉന്നതങ്ങളിലാണ്'. രാജ്യത്ത് സിനിമാമേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാൽ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ദേശീയ പുരസ്‌കാര വേദിയിൽ ജൂറിയുടെ പ്രത്യേക പരാമർശം ഉൾപ്പടെ ആറ് പുരസ്‌കാരങ്ങളാണ് കേരളം കരസ്ഥമാക്കിയത്. രാജ്യത്തെയെന്നല്ല ലോകത്തെ തന്നെ ശ്രദ്ധേയമായ ഒരു കലാകേന്ദ്രമായി മലയാളസിനിമാമേഖല മാറുകയാണ്. 2017 മുതൽ 2025 വരെയുള്ള കാലയളവിൽ സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകരിച്ച 18,000 സിനിമകളിൽ ഏറ്റവുമധികം കുടുംബചിത്രങ്ങൾ ഇറങ്ങിയിട്ടുള്ളത് മലയാളത്തിലാണ്. സാധാരണഗതിയിൽ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്ന ചിത്രങ്ങളെല്ലാം ക്രിമിനൽ സംസ്കാരത്തെ ആഘോഷിക്കുമ്പോൾ ആശയം കൊണ്ട് കഥപറയുകയാണ് മലയാള സിനിമ. ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഉള്ളൊഴുക്ക് എന്ന സിനിമ തന്നെയാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം, സാധാരണക്കാരന്റെ ജീവിതത്തെ തെല്ലും കളങ്കമില്ലാത്ത വരച്ചുകാട്ടാൻ മലയാളസിനിമയ്‌ക്കായി.


മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ദി കേരള സ്റ്റോറിയുടെ രാഷ്ട്രീയത്തെ പോലും ചെറുത്ത് തോൽപ്പിച്ചുകൊണ്ട് പുരസ്‌കാര വേദിയിൽ മലയാളസിനിമ തലയുയർത്തി നിൽക്കുകയായിരുന്നു. പലരും തൊടാൻ ഭയക്കുന്ന വിഷയങ്ങളെ ലാഘവത്തോടെ അവതരിപ്പിക്കാൻ എന്നും നമ്മുടെ സിനിമകൾ ശ്രദ്ധിച്ചു. ഗുരു, കിസ്മത്ത്, കാതൽ, നാരായണീന്റെ മൂന്നാണ്മക്കൾ, ആട്ടം, ഉള്ളൊഴുക്ക്, കിഷ്കിന്ദാകാണ്ഡം എന്നിങ്ങനെ സമൂഹത്തിലുള്ള എല്ലാത്തരം മനുഷ്യരുടെയും മനോവ്യാപാരങ്ങളെ വരച്ചുകാട്ടാൻ ഇത്രയധികം മുന്നോട്ടുവരുന്നത് ഒരുപക്ഷെ മലയാള സിനിമ മാത്രമായിരിക്കും. ഗുജറാത്ത് കലാപത്തെ തുറന്നുകാട്ടുന്ന എംപുരാനു നേരെ ഉയർന്ന നാക്കുകളും കൈകളുമൊന്നും ഒരു ജനതയെയാകെ മോശമാക്കി ചിത്രീകരിച്ച ദി കേരള സ്റ്റോറിക്ക് നേരെ ഉയർന്നില്ല. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേരുമാറ്റാൻ ഇറങ്ങിതിരിച്ചവരാരും കേരള സ്റ്റോറിയുടെ ഉള്ളടക്കം മാറ്റാനാവശ്യപ്പെട്ടില്ല. ചിലപ്പോൾ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കലയെ വെട്ടിമുറിക്കാൻ വിട്ടുകൊടുക്കാതെ ഒരേയൊരു ജനത നമ്മളായിരിക്കും. സിനിമ നമുക്ക് ഭരണവർഗ്ഗത്തെ തൃപ്തിപ്പെടുത്താനുള്ള ഉപാധിയല്ല, നമുക്കത് അക്ഷരാർത്ഥത്തിൽ കലയാണ്. കലയ്ക്ക് ഏറ്റവുമാവശ്യം സ്വാതന്ത്ര്യമാണ്. അത് മലയാളസിനിമ ആവശ്യാനുസരണം ഉപയോഗിക്കുന്നുമുണ്ട്. അതേസമയം ബോക്സ് ഓഫീസിൽ ഹിറ്റുകളുടെ കാര്യത്തിലും മലയാള സിനിമ പിന്നിലല്ല. കഴിഞ്ഞ വർഷം മാത്രം മലയാളസിനിമ ആയിരം കോടിയുടെ വരുമാനനേട്ടം കൈവരിച്ചിട്ടുണ്ട്.


തന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ എന്നാണ് പുരസ്‌കാരം സ്വീകരിച്ച ശേഷം മോഹൻലാൽ പറഞ്ഞത്. അത് കേട്ട ഓരോ മലയാളിയും നാളിതുവരെ കണ്ട ചിത്രങ്ങൾ ഓർത്തുകാണണം, നമുക്ക് വീണ്ടും വീണ്ടും കണ്ട് അഭിമാനം തോന്നാൻ ക്ലാസിക്കുകൾ സമ്മാനിച്ച മഹാരഥന്മാരെ ഓർത്തുകാണണം, ഇന്നും സിനിമയ്ക്ക് വേണ്ടി രാപ്പകലില്ലാതെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ കലാകാരനേയും ഓർത്തുകാണണം. മലയാളിക്ക് സിനിമ രണ്ടര മണിക്കൂറിന്റെ നേരമ്പോക്കല്ല. രാഷ്ട്രീയവും സാമൂഹികബോധവുമാണ്, ജീവിതത്തിന്റെ തന്റെ ഗൃഹാതുരത്വമാണ്. ജാതി മത പ്രായ ലിംഗ ബേദമന്യേ മനുഷ്യന് മനസിലാക്കാനും ആസ്വദിക്കാനും ചർച്ചചെയ്യാനും ഉതകുന്നതരത്തിൽ കലയെ ഉപയോഗിക്കാൻ സാധിക്കുന്നു എന്നകാര്യത്തിൽ മലയാസിനിമ മറ്റേതു ഭാഷയെക്കാളും വലിയ വിജയം കൈവരിച്ചു എന്ന് നിസംശയം പറയാം.



deshabhimani section

Related News

View More
0 comments
Sort by

Home