പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ ലക്കി ഭാസ്കർ

കൊച്ചി: ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുൻപ് തീയേറ്ററുകളിൽ നിന്ന് 110 കോടിയോളം ഗ്രോസ് നേടി ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി സിനിമ മാറിയിരുന്നു. ഇപ്പോഴിതാ ഒടിടി സ്ട്രീമിങ് ആരംഭിച്ചു 13 ആഴ്ചകൾ പിന്നിടുമ്പോഴും നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ് ലിസ്റ്റിൽ നിലനിൽക്കുകയാണ് ലക്കി ഭാസ്കർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായും ലക്കി ഭാസ്കർ മാറി.
മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും സ്വന്തമാക്കാനാവാത്ത റെക്കോർഡ് ആണ് ഈ ദുൽഖർ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം ഒടിടിയിൽ റിലീസ് ചെയ്ത സമയം മുതൽ ആഗോള തലത്തിൽ ട്രെൻഡിങ് ആയിരുന്നു. ആ സമയത്ത് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഒന്നാമതായി ട്രെൻഡ് ചെയ്ത ഈ ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്.









0 comments