ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് 'ലിലോ & സ്റ്റിച്ച് ': 700 മില്യൺ കടന്നു

lilo and stitch
വെബ് ഡെസ്ക്

Published on Jun 11, 2025, 04:43 PM | 2 min read

ആ​ഗോള ബോക്സോഫീസിൽ സൃഷ്ടിച്ച കുതിപ്പ് തുടർന്ന് ഡിസ്നിയുടെ സയൻസ് ഫിക്ഷൻ കോമഡി ചിത്രം ലിലോ & സ്റ്റിച്ച്. തിയറ്ററിൽ റിലീസ് ചെയ്ത് 17 ദിവസം കൊണ്ട് ചിത്രം 700 മില്യൺ ഡോളർ നേടിയതായി വിവിധ സിനിമ ട്രാക്കിങ് സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 775 മില്യൺ ഡോളറാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയത്. അമേരിക്കയിൽ നിന്ന് മാത്രമായി 339 മില്യണോളം നേടി. നിലവിലെ കുതിപ്പ് തുടർന്നാൽ ചിത്രം ഉടൻ തന്നെ 800 മില്യൺ കടക്കുമെന്നാണ് റിപ്പോർട്ട്.


കണക്കുകൾ പ്രകാരം 2025ൽ പുറത്തിറങ്ങിയതിൽ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ നിലവിൽ മൂന്നാമതാണ് ലിലോ & സ്റ്റിച്ച്. ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പട്ടികയിൽ മൂന്നാമതെത്തിയിരുന്നു.


2002-ൽ പുറത്തിറങ്ങിയ ഡിസ്നിയുടെ ഇതേ പേരിലുള്ള ആനിമേറ്റഡ് സിനിമയുടെ ലൈവ്-ആക്ഷൻ റീമേക്കാണ് പുതിയ ചിത്രം. ഭൂമിയിലേക്ക് രക്ഷപെട്ടെത്തുന്ന ഒരു അന്യഗ്രഹജീവിയുമായി ചങ്ങാത്തത്തിലാകുന്ന ഹവായിയൻ പെൺകുട്ടിയുടെ കഥയാണ് പുതിയ ചിത്രവും പറയുന്നത്. മായ കിയലോഹ, സിഡ്‌നി എലിസബത്ത് അഗുഡോംഗ്, ബില്ലി മാഗ്നുസെൻ, ഹന്ന വാഡിംഗ്ഹാം, കോട്‌നി ബി. വാൻസ്, സാക്ക് ഗലിഫിയാനാക്കിസ്, ടിയ കരേരെ, ആമി ഹിൽ, ജേസൺ സ്കോട്ട് ലീ എന്നിവർക്കൊപ്പം ക്രിസ് സാൻഡേഴ്‌സ് ശബ്ദസാന്നിധ്യമായും എത്തുന്നു.


ചൈനീസ് ആനിമേറ്റഡ് ഫാൻ്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് Ne Zha 2 ആണ് 2025ൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം. 1.8 ബില്യൺ ഡോളറാണ് ചിത്രം നേടിയത്. മൊജാങ് സ്റ്റുഡിയോയുടെ 2011-ലെ വീഡിയോ ഗെയിമായ Minecraft അടിസ്ഥാനമാക്കി 2025-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഫാൻ്റസി അഡ്വഞ്ചർ കോമഡി ചിത്രം എ മൈൻക്രാഫ്റ്റ് മൂവി (951 മില്യൺ ഡോളർ)യാണ് രണ്ടാം സ്ഥാനത്ത്.


ക്രിസ്റ്റഫർ മക്ക്വറി സംവിധാനം ചെയ്ത ആക്ഷൻ സ്പൈ ചിത്രം മിഷൻ: ഇംപോസിബിൾ - ദി ഫൈനൽ റെക്കനിങ് ( 451 മില്യൺ ഡോളർ), മാർവൽ കോമിക്‌സിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ അമേരിക്കൻ ചിത്രം ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ് (415 മില്യൺ ഡോളർ) എന്നിവയാണ് പണം വാരി ചിത്രങ്ങളിൽ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ജോൺ വിക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമായ ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബാലെറീനയും പട്ടികയിലേക്ക് ഉയരുന്നുണ്ട്.


മറ്റ് നിരവധി ഡിസ്നി ലൈവ്-ആക്ഷൻ റീമേക്കുകളുടെ ആകെ ലൈഫ് ടൈം ഗ്രോസിനെയും ചിത്രം മറികടന്നു. 2002-ൽ പുറത്തിറങ്ങിയ ലിലോ & സ്റ്റിച്ച് ആഗോള ബോക്സ് ഓഫീസിൽ 273 മില്യൺ ഡോളറാണ് നേടിയത്. ഡിസ്നിയുടെ ലൈവ്-ആക്ഷൻ റീമേക്കുകൾ ബോക്സ് ഓഫീസിലേക്ക് തിരിച്ചുവരുന്നതിന്റെ കൂടി സൂചനയാണ് ലിലോ & സ്റ്റിച്ചിന്റെ വിജയമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം പുറത്തിറങ്ങിയ സ്നോ വൈറ്റ് ബോക്സോഫീസിൽ പരാജയമായിരുന്നു. 240–270 മില്യൺ ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സോഫീസിൽ 205 മില്യൺ ഡോളർ മാത്രമാണ് നേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home