ത്രസിപ്പിച്ച് 'അവതാർ: ഫയർ ആൻഡ് ആഷ്' ട്രെയിലർ; ഡിസംബറിൽ തിയറ്ററുകളിൽ
പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ത്രസിപ്പിക്കുന്ന രംഗങ്ങളൊരുക്കി അവതാർ- 3 എത്തുന്നു. വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂണിന്റെ അവതാർ പരമ്പരയിലെ മൂന്നാം ചിത്രമായ അവതാർ: ഫയർ ആൻഡ് ആഷിന്റെ ട്രെയിലർ പുറത്തിറങ്ങി. ചടുലമായ രംഗങ്ങളോടെയുള്ള ട്രെയിലറിൽ പുതിയൊരു കഥാപരിസരമാണ് കാണുന്നത്. ചിത്രം ഡിസംബർ 19ന് തിയറ്ററുകളിലെത്തും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും.
ബ്ലോക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ കാമറൂണിന്റെ മറ്റൊരു ബ്ലോക്ബസ്റ്റർ തന്നെയാവും അവതാർ 3 എന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തൽ. 2009ലാണ് ആദ്യചിത്രമായ അവതാർ പുറത്തിറങ്ങിയത്. ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമായ അവതാർ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സാണ് വിതരണം ചെയ്തത്. ധാതുക്കളാൽ സമ്പന്നമായ പാൻഡോറ എന്ന അത്ഭുതഗ്രഹത്തിൽ ജീവിക്കുന്ന നാവി എന്ന മനുഷ്യസാദൃശ്യമുള്ള വിഭാഗത്തിന്റെയും അവരിലേക്ക് കടന്നുചെല്ലുന്ന മനുഷ്യരുടെയും കഥ പറഞ്ഞ അവതാർ നിരൂപക- പ്രേക്ഷക പ്രശംസ നേടി ബോക്സോഫീസിൽ ഹിറ്റായി. ആൽഫ സെന്റൗറി നക്ഷത്രവ്യവസ്ഥയിലെ ഉപഗ്രഹമായ പാൻഡോറയിൽ നിന്നും അമൂല്യ ധാതുവായ അനോബ്റ്റാനിയം ഖനനം ചെയ്യാൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻറെ (ആർഡിഎ) നേതൃത്വത്തിൽ സംഘമെത്തുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
![]()
273മില്യൺ ബജറ്റിലൊരുങ്ങിയ ചിത്രം 2.923 ബില്യണാണ് നേടിയത്. ഇതുവരെ ലോകത്ത് ഏറ്റവുമധികം കലക്ഷൻ നേടിയ ചിത്രമാണ് അവതാർ. 16 വർഷമായി അവതാർ ഈ റെക്കോർഡിൽ തുടരുകയാണ്. തുടർന്ന് 2022 ഡിസംബറിൽ രണ്ടാം ഭാഗമായ അവതാർ: ദി വേ ഓഫ് വാട്ടർ റിലീസ് ചെയ്തു. അവതാറിലെ കഥാനായകൻ ജേക്ക് സള്ളിയും നാവി കുടുംബവും പൻഡോറയിൽ നിന്ന് പലായനം ചെയ്യുന്നതും മനുഷ്യരിൽ നിന്ന് ഭീഷണിയുണ്ടാകുമ്പോൾ യുദ്ധത്തിലൂടെ പ്രതിരോധിക്കുന്നതുമാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം. 2.32 ബില്യൺ നേടി ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ അവതാർ: ദി വേ ഓഫ് വാട്ടർ മൂന്നാമതെത്തി. ഈ റെക്കോർഡുകൾ അവതാർ : ഫയർ ആൻഡ് ആഷ് തകർക്കുമോ എന്നാണ് കണ്ടറിയേണ്ടത്.









0 comments