പകർപ്പവകാശ ലംഘനം: അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യുടെ പ്രദർശനത്തിനും വിതരണത്തിനും വിലക്ക്

ചെന്നൈ: ഇളയരാജയുടെ ഗാനങ്ങൾ അനധികൃതമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഗുഡ് ബാഡ് അഗ്ലി'യുടെ പ്രദർശനം വിലക്കി മദ്രാസ് ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ അരുതെന്നാണ് നിർമാതാക്കളോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അനുമതിയില്ലാതെ തന്റെ സംഗീതം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ സമർപ്പിച്ച പകർപ്പവകാശ ലംഘന ഹർജി തിങ്കളാഴ്ച പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇളയരാജയുടെ മൂന്ന് ഗാനങ്ങളാണ് 'ഗുഡ് ബാഡ് അഗ്ലി'യിലുള്ളത്. നാട്ടുപുര പാട്ടിലെ 'ഒത്ത രൂപ തരേൻ', സകലകല വല്ലവനിലെ 'ഇളമൈ ഇദോ ഇദോ', വിക്രത്തിലെ 'എൻ ജോഡി മഞ്ച കുരുവി' എന്നീ ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുമതി വാങ്ങാതെ ഗാനങ്ങൾ ഉപയോഗിച്ചത് 1957 ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് ഇളയരാജയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
തെലങ്കാന ആസ്ഥാനമായുള്ള മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. പകർപ്പവകാശ വിഷയം സംബന്ധിച്ച് ഇളയരാജ അയച്ച നോട്ടീസിന് പ്രൊഡക്ഷൻ കമ്പനി നൽകിയ മറുപടി അപര്യാപ്തമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എൻ സെന്തിൽകുമാർ പറഞ്ഞു. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ഇളയരാജ നോട്ടിസ് അയച്ചത്. ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ സിനിമയുടെ പ്രദർശന, വിൽപ്പന, വിതരണത്തിന് ഒടിടി ഉൾപ്പെടെയുള്ള മുഴുവൻ പ്ലാറ്റ്‌ഫോമുകളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അജിത്ത് കുമാര്‍ നായകനായ ചിത്രം ആദിക് രവിചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അജിത് കുമാറിനൊപ്പം തൃഷ കൃഷ്ണൻ, അർജുൻ ദാസ്, സുനിൽ, പ്രഭു, പ്രസന്ന, കാർത്തികേയ ദേവ്, പ്രിയ പ്രകാശ് വാര്യർ, ഷൈൻ ടോം ചാക്കോ, ടിനു ആനന്ദ്, ബി എസ് അവിനാശ്, രഘു റാം എന്നിവർ അഭിനയിക്കുന്നുണ്ട്.
നേരത്തെയും നിരവധി സിനിമകളിൽ അനുവാദം കൂടാതെ തന്റെ പാട്ടുകൾ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിരുന്നു. മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിൽ ‘കണ്മണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിന് സമാനരീതിയിൽ അദ്ദേഹം നോട്ടീസ് അയച്ചിരുന്നു.









0 comments