ഐഡിഎസ്എഫ്എഫ്കെ: ക്യാമ്പസ് മത്സരവിഭാഗത്തിൽ 10 ചിത്രങ്ങൾ

തിരുവനന്തപുരം: 17–-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ പ്രധാന ആകർഷണമായി ക്യാമ്പസ് മത്സരവിഭാഗത്തിലെ ചിത്രങ്ങൾ. ഈ വിഭാഗത്തിൽ 10 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. അരുൾഘോഷ് സംവിധാനം ചെയ്‌ത ‘എ നൈറ്റ് ഇൻ ദ സിറ്റി' ഒരു ടാക്സി ഡ്രൈവറും അയാൾ രാത്രി കണ്ടുമുട്ടുന്ന പെൺകുട്ടിയുമായുള്ള സൗഹൃദവും അതിനുശേഷം രൂപംകൊള്ളുന്ന സങ്കീർണ സംഭവവികാസങ്ങളും ചിത്രീകരിക്കുന്നു. അർജുൻ ശ്രീകുമാർ, സുബിൻ കെ സുനു, ആസിഫ് മുഹമ്മദ് എന്നിവർ ഒരുക്കുന്ന ‘ചമയപ്പാട്' പ്രളയത്തെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും അതിജീവിച്ച് മുന്നേറുന്ന ചെല്ലാനത്തെ ചവിട്ടുനാടക കലാകാരന്മാരുടെ ജീവിതകഥയാണ് പറയുന്നത്.
അലൻ അലക്സ് അജി സംവിധാനംചെയ്ത ‘കൃദ്ധാർ' ക്യാമ്പസ് സമരത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുന്ന സ്റ്റാലിൻ നേരിടുന്ന പ്രതിസന്ധികളും അവയെ അതിജീവിക്കുന്ന അവന്റെ ജീവിതയാത്രയും സ്‌ക്രീനിലെത്തിക്കുന്നു. സ്നേഹ സംവിധാനം ചെയ്‌ത ‘പൂവ്' സമൂഹത്തിന്റെ സൗന്ദര്യസങ്കൽപ്പങ്ങളെയും മുൻവിധികളെയും ചോദ്യംചെയ്ത് സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും വീണ്ടെടുക്കാനുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്.
കൗമാരത്തിന്റെ സംഘർഷങ്ങളും വ്യാകുലതകളുമാണ് ആനന്ദ് മോഹനന്റെ ‘രഹസ്യം'. വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ച അച്ഛനെ തേടുന്ന മകളുടെ യാത്രയും അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് തേജസ് രാജീവന്റെ ‘സ്റ്റാച്യൂ ഓഫ് സാഡ്നെസ്'. ജാക്സൺ സിറിലിന്റെ ‘ദ എക്കോസ് ഓഫ് സൈലൻസ്' കുടുംബ ബന്ധങ്ങളുടെ വികാരാത്മക വശങ്ങളെ തൊട്ടറിയുന്നു. കൊച്ചൂസ് ബിജിന്റെ ‘ദ ട്വിൻ ഫ്ലയിംസ്' കലയിലൂടെ ലക്ഷ്മിക്കും അനൂഷയ്‌ക്കും ഇടയിൽ വളരുന്ന ബന്ധവും പ്രണയപ്രഖ്യാപനവുമാണ് അവതരിപ്പിക്കുന്നത്. അശ്വിൻ കുമാറിന്റെ ‘ദ അൺകോട്ട് കൾപ്രിറ്റ്' ഒരു ഗ്രാമത്തിന്റെ സമാധാനത്തെ അട്ടിമറിക്കുന്ന നിഗൂഢരൂപത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. സിസ്റ്റർ മരിയയുടെ വരവോടെ വൃദ്ധരായ കന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിലെ സമാധാനാന്തരീക്ഷം തകരുന്നതും കന്യാസ്ത്രീകളുടെ ജീവിതത്തിൽ വൈകാരികവും ആത്മീയവുമായ വെല്ലുവിളികൾ ഉയരുകയുംചെയ്യുന്ന കഥയെയാണ് ശ്രുതിൽ മാത്യു ‘ഉറ'യിലൂടെ അവതരിപ്പിക്കുന്നത്.









0 comments