പുതിയ ഹാരി പോട്ടർ കാസ്റ്റിങ്ങുമായി എച്ച്ബിഒ: സോഷ്യൽ മീഡിയയിൽ രണ്ടുപക്ഷം

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ കെ റൗളിങിന്റെ ഹാരി പോട്ടർ നോവൽ പരമ്പരയ്ക്കും അതിനെ അധികരിച്ചുണ്ടായ ഹാരി പോട്ടർ ചിത്രങ്ങൾക്കും ഏറെ ആരാധകരുണ്ട്. ഹാരി പോട്ടറിനെപ്പറ്റി വരുന്ന പുതിയ വാർത്തകളും വലിയ രീതിയിൽ സ്വീകരിക്കപ്പെടാറുണ്ട്. എന്നാൽ ഹാരി പോട്ടറിന്റെ പുതിയ റീബൂട്ട് പരമ്പര ഒരുക്കുന്ന എച്ച്ബിഒ പുറത്തുവിട്ട പുതിയ വാർത്ത ഹാരി പോട്ടർ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങളും എതിർപ്പും സൃഷ്ടിച്ചിരിക്കുകയാണ്. പരമ്പരയുടെ അഭിനേതാക്കളുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.
ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ കെ റൗളിങ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ് ഹാരി പോട്ടർ. ഈ പുസ്തകങ്ങളെ അധികരിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് നിർമിച്ച് പുറത്തിറങ്ങിയ ഹാരി പോട്ടർ സിനിമകളും ഏറെ പ്രശസ്തമായിരുന്നു. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ചിത്രങ്ങളാണിവ. സിനിമയിൽ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, ഹെർമോയ്ണി ഗ്രേഞ്ചർ, റോൺ വീസ്‍ലി എന്നിവരെ അവതരിപ്പിച്ച ഡാനിയേൽ റാഡ്ക്ലിഫ്, എമ്മ വാട്സൺ, റൂപർട്ട് ഗ്രിന്റ് എന്നിവർക്കും ആരാധക വൃന്ദങ്ങളുണ്ടായി. ഇപ്പോൾ ഹാരി പോട്ടറിന്റെ ടെലിവിഷൻ റീബൂട്ട് പുറത്തിറക്കാനൊരുങ്ങുകയാണ് എച്ച്ബിഒ.
എന്നാൽ പരമ്പരയുടെ കാസ്റ്റിനെ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ രണ്ടുപക്ഷമായി തിരിഞ്ഞുള്ള ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. പുതിയ ടീമിനെ അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ആഗോള വ്യാപകമായി നടത്തിയ കാസ്റ്റിംഗ് കോളിനുപിന്നാലെ 30,000-ത്തിലധികം അപേക്ഷകളാണ് എച്ച്ബിഒയിൽ എത്തിയത്. ഇതിൽ നിന്ന് ഡൊമിനിക് മക്ലാഫ്ലിനെ ഹാരി പോട്ടറായും അരബെല്ല സ്റ്റാന്റണിനെ ഹെർമോയ്ണി ഗ്രേഞ്ചറായും അലസ്റ്റർ സ്റ്റൗട്ടിനെ റോൺ വീസ്‌ലിയായുമാണ് തെരഞ്ഞെടുത്തത്. ഈ വേനൽക്കാലത്ത് പരമ്പരയുടെ ഷൂട്ടിങ് ആരംഭിക്കും. പുതിയ മുഖങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടിയാണ് ഈ കാസ്റ്റിങ് നടത്തിയതെന്നാണ് എച്ച്ബിഒ പറയുന്നത്. എന്നാൽ കാസ്റ്റിനെ പൂർണമായി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ആരാധകരുടെ പക്ഷം. ആരാധകരുടെ എതിർപ്പ് ശക്തമായതിനുപിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയെല്ലാം കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിക്കുകയാണ് എച്ച്ബിഒ. അതേസമയം കുട്ടി അഭിനേതാക്കളെ സപ്പോർട്ട് ചെയ്തു കൊണ്ടും നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.









0 comments