ഇളയ സഹോദരനെന്ന് കമൽ ഹാസൻ; റോബോ ശങ്കറിന്റെ വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം

ചെന്നൈ: തമിഴ് സിനിമ നടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം. വ്യാഴാഴ്ച ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് താരം കുഴഞ്ഞുവീണത്. തുടർന്ന് രാത്രി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നടനും സംവിധായകനുമായ ധനുഷ് അടക്കം നിരവധി പേരാണ് മരണവാർത്തയറിഞ്ഞ് റോബോ ശങ്കറിന്റെ വീട്ടിലേക്കെത്തിയത്.
സുഹൃത്തിന്റെ വേർപാടിൽ കണ്ണുകലങ്ങിയ ധനുഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജ ധനുഷിനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ആണ് പ്രചരിച്ചത്. ധനുഷ് നായകനായ മാരി സിനിമയിലെ രണ്ട് ഭാഗങ്ങളിലും ശ്രദ്ധേയമായ വേഷമാണ് റോബോ ശങ്കര്‍ അവതരിപ്പിച്ചത്.
എന്റെ ഇളയ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നാണ് നടൻ കമൽ ഹാസൻ എക്സിൽ കുറിച്ചത്. 'റോബോ ശങ്കർ, റോബോ എന്ന് ഒരു വിളിപ്പേര് മാത്രമാണ്. എൻ്റെ നിഘണ്ടുവിൽ നീ ഒരു മനുഷ്യനാണ്. നീ എന്റെ ഇളയ സഹോദരനാണ്. നീ എന്നെ ഉപേക്ഷിച്ച് പോകുകയാണോ? നിന്റെ ജോലി കഴിഞ്ഞു നീ മടങ്ങി. എന്റേത് ഇനിയും ബാക്കിയുണ്ട്'- കമൽ ഹാസൻ എക്സിൽ കുറിച്ചു.
ചില മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നെന്ന് നടൻ കാർത്തി എക്സിൽ കുറിച്ചു. ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയെന്നും റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നെന്നും കാർത്തി പറഞ്ഞു.
വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് താരത്തിന്‍റെ മരണകാരണമെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്. ടെലിവിഷൻ താരം പ്രിയങ്കയാണ് ഭാര്യ. മകൾ ഇന്ദ്രജ ഏതാനും സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധേയാനായത്.









0 comments