മലയാളികളുടെ 'FaFa'യ്ക്ക് ഇന്ന് 43ാം പിറന്നാൾ

fahad fazil
വെബ് ഡെസ്ക്

Published on Aug 08, 2025, 12:37 PM | 2 min read

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ ഒറ്റ സീനിൽ മാത്രം അഭിനയിച്ച ഒരു കൊച്ചുപയ്യൻ... അന്ന് ഏകദേശം പത്ത് വയസ് പ്രായം. പിന്നെ 20ാം വയസിൽ കയ്യെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഫാസിലിന്റെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ഫഹദ് ഫാസിൽ... സിനിമ വേണ്ടവിധം ക്ലിക്കാകാത്തതിനാൽ സിനിമയിൽ നിന്നും വിട്ടുനിന്നു... അതും ഏകദേശം എട്ട് വർഷം. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ ഒരു പത്രപ്രവർത്തകന്റെ വേഷത്തിൽ തിരിച്ച് മലയാള സിനിമയിലേക്ക്...


തുടർന്ന് അഭിനയിച്ച പ്രമാണി, കോക്ടെയിൽ, ടൂർണമെന്റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കഥാപാത്രങ്ങളെ പോലെ തന്നെ സങ്കീർണതയിലുടെ കടന്നുപോവുകയായിരുന്നു ഫഹദ്. ചാപ്പാ കുരിശിലെ അർജുൻ എന്ന കഥാപാത്രമാണ് വഴിത്തിരിവായത്. നാണയത്തിലെ ചാപ്പയും കുരിശും പോലെ വേറിട്ടു നിന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച അൻസാരി എന്ന കഥാപാത്രവും ഫഹദിന്റെ അർജുനും സമൂഹത്തിന്റെ രണ്ട് തട്ടുകളെ അനുസ്മരിപ്പിച്ചു. ആ സിനിമയിലെ പോലെ തന്നെ കഥാപാത്രങ്ങളോട് പ്രേഷകർക്ക് വെറുപ്പ് തോന്നുന്ന മറ്റ് നിരവധി പരീക്ഷണ ചിത്രങ്ങൾ... 22 ഫീമെയിൽ കോട്ടയത്തിലെ സിറിൽ മാത്യുവും ഇതേ അനുഭവം തന്നെയായിരുന്നു പ്രേഷകർക്ക്.


ഡയമണ്ട് നെക്ലേസിലെ ഡോ. അരുൺ കുമാറിനെ ആദ്യം വെറുക്കുകയും പിന്നീട് സ്നേഹിക്കുകയും ചെയ്തു പ്രേഷകർ. അന്നയും റസൂലിലും ഒരിക്കലും വിവാഹത്തിലേക്കെത്താത്ത ഒരു പ്രണയത്തിൽ കുരുങ്ങിക്കിടക്കുന്ന കഥാപാത്രങ്ങളെ കണ്ടു. ഡിജിറ്റൽ യു​ഗത്തിലേക്കെത്തിയപ്പോൾ അന്നയും റസൂലും റീൽസ് ഇടങ്ങളിൽ തരം​ഗമായി. ആമേനിലെ സോളമനും ശോശന്നയും പ്രണയത്തിന്റെ മറ്റൊരു തലമായിരുന്നു.


റെഡ് വൈൻ, ഇമ്മാനുവൽ, അകം, 5 സുന്ദരികൾ, ഒളിപ്പോര്, ആർട്ടിസ്റ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്ത അനുഭവമാണ് ഫഹദ് പ്രേഷകർക്ക് നൽകിയത്. നോർത്ത് 24 കാതം ഹരികൃഷ്ണനിലെ വൃത്തി രാക്ഷസനെ തങ്ങൾക്ക് പരിചയമുള്ള ആരെയൊക്കെയോ പോലെ പ്രേഷകന് അനുഭവപ്പെട്ടു. നഷ്ടപ്പെടാൻ എന്തെങ്കിലും നേടിയിരുന്നോ എന്ന അവസാന ചോദ്യത്തിലൂടെ പ്രേഷകർക്കുള്ളിലും തിരിച്ചറിവുകളുടെ വിത്തുപാകി. ഇന്ത്യൻ പ്രണയ കഥയിലെ സിദ്ധാർഥൻ അധികാര മോഹികളായ രാഷ്ട്രീയക്കാർക്കുള്ള മറുപടിയായി.


ബാം​ഗ്ലൂർ ഡേയ്സിലൂടെ ഏറ്റവും മികച്ച ഹിറ്റ് സമ്മാനിച്ചു. ഇയ്യോബിന്റെ പുസ്തകം എന്നും ഓർത്തിരിക്കാൻ പ്രേഷകർക്ക് സമ്മാനിച്ച മറ്റൊരേടായി. ഇടുക്കിയുടെ നിഷ്കളങ്കതയിലെ മഹേഷും, തൊണ്ടിമുതലിലെ കള്ളൻ പ്രസാദും അഭിനയ രം​ഗത്തെ ടേക്ക് ഓഫ് ആയിരുന്നു. വരത്തനായ എബിയും സ്വയം പ്രൊമോട്ട് ചെയ്യുന്ന പി ആർ ആകാശും കുമ്പളങ്ങിയിലെ ഷമ്മിയും പ്രേഷകർക്കിടയിൽ അയാളുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.


ജോജിയിലെ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ഫഹദിന്റെ കയ്യിൽ ഭദ്രമായിരുന്നു. അനായാസ മെയ്‍വഴക്കവും കഥാപാത്രങ്ങളോടുള്ള അയാളുടെ ആകാംഷയും പ്രേഷകർക്ക് ഫഹദിനെ പ്രിയങ്കരനാക്കി. മാലിക്ക്, മലയൻകുഞ്ഞ്, പാച്ചുവും അത്ഭുത വിളക്കും, ധൂമം, എന്നിങ്ങനെ ആവേശത്തിരയിലാഴ്ത്തിയ നിരവധി കഥാപാത്രങ്ങൾ. ബോഗയ്ൻവില്ലയാണ് ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.


അതിനിടയ്ക്ക് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശ്രദ്ധേയനായി ഫഹദ്. വേലൈക്കാരൻ, സൂപ്പർ ഡീലക്സ്, വിക്രം, മാമന്നൻ, വേട്ടയ്യൻ, മാരീശൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകം കീഴടക്കി അയാൾ... അല്ലു അർജുന്റെ തെലുങ്ക് ചിത്രം പുഷ്പയിലെ ഭൻവർ സിംഗ് ഷെഖാവത് എന്ന പൊലീസ് കഥാപാത്രവും മികച്ച അഭിപ്രായം നേടി.


ഒരിക്കൽ തോറ്റുമടങ്ങിയ ഇടത്തു നിന്നും കൈവിട്ടു പോയതെല്ലാം തിരികെ പിടിച്ച പരിശ്രമത്തിന്റെ പേരാണ് ഇന്ന് ഫഹദ് ഫാസിൽ. അച്ഛന്റെ ബ്രാൻഡിൽ സിനിമയിലെത്തി ഒന്നുമാകാതെ മടക്കം. ഒടുവിൽ ഇന്ന് പാൻ ഇന്ത്യൻ താരപദവിയിലേക്ക് ഉയർന്ന അതുല്യ പ്രതിഭ... അതെ ഒരേയൊരു ഫഫാ... ഇനിയും മികച്ച കഥാപാത്രങ്ങൾക്കായി പ്രേഷകര്‍ നിങ്ങളെ കാത്തിരിക്കുന്നു. പ്രിയപ്പെട്ട ഫഹദ് ഫാസിലിന് ദേശാഭിമാനിയുടെ പിറന്നാൾ ആശംസകൾ.



deshabhimani section

Related News

View More
0 comments
Sort by

Home