അനശ്വരം നടികർ തിലകം... ശിവാജി ഗണേശൻ അരങ്ങൊഴിഞ്ഞിട്ട് 24 വർഷം


Entertainment Desk
Published on Jul 21, 2025, 01:13 PM | 2 min read
ബാല്യത്തിൽ തെരുവു നാടകം കണ്ട് അഭിനയമോഹിയായി, അനാഥനെന്ന് പറഞ്ഞ് നാടകസമിതിയിൽ ചേർന്നു. ദേശിയ വാദിയായ അച്ഛൻ അറസ്റ്റിലായതോടെ അത് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപജീവനമാർഗമായി. ഒടുവിൽ നാടകത്തിൽ നിന്ന് സിനിമയിലേക്ക് അപ്രീക്ഷിത അരങ്ങേറ്റം. ആദ്യ സിനിമയിലെ ആദ്യ ഡയലോഗ് 'സക്സസ്'. പിന്നീട് നടന്നതെല്ലാം ചരിത്രം. ആദ്യ ഡയലോഗ് പൊലെ തന്നെ തുടർന്ന് അഭിനയിച്ച സിനിമയെല്ലാം വമ്പൻ ഹിറ്റ്. അയാളുടെ ഓരോ വാക്കിനും പ്രേഷകർ കൈ തട്ടി. ഓരോ നടിപ്പിനും ആർപ്പുവിളിച്ചു. അവസാന നിമിഷം വരെയും അരങ്ങിൽ തളരാത്ത ഒരേ ഒരു നടികർ തിലകം. തമിഴകത്തിന്റെ സ്വന്തം ശിവാജി ഗണേശൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 24 വർഷം.
1928 ഒക്ടോബർ ഒന്നിനാണ് വില്ലുപുരം ചിന്നയ്യ മൺറയാർ ഗണേശമൂർത്തി എന്ന ശിവാജി ഗണേശന്റെ ജനനം. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന പകുതിയിൽ തമിഴ് സിനിമയുടെ നെടുംതൂണുകളിൽ ഒരാൾ. നടൻ എന്നതിലുപരി ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. തമിഴ് സിനിമയുടെ അതികായന്മാരായ എം ജി ആർ എന്ന എം ജി രാമചന്ദ്രനും ജെമിനി ഗണേശനുമൊപ്പം കിടപിടിക്കുന്ന മറ്റൊരു നടനെ തമിഴകം അന്നുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. മറ്റ് നടന്മാർ ഇത്രയധികം അനുകരിച്ചിട്ടുള്ള വേരെയൊരു നടൻ ഉണ്ടോ എന്നതും സംശയമാണ്. കൃത്യനിഷ്ഠ, വിനയം, ഏതു മേക്കപ്പിനും ചേരുന്ന മുഖം, ശരീരഘടന, സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിലുള്ള സവിശേഷത ഇതെല്ലാമാണ് ശിവാജിയെ ലോകമറിയുന്ന നായക നടനാക്കിയത്.
നാടകങ്ങളിൽ പെൺവേഷം കെട്ടിയാണ് തുടക്കം. തമിഴ്നാട്ടിലെ തെക്കൻ ആർക്കോട്ട് ജില്ലയിൽ വില്ലുപുരത്ത് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി ചിന്നയ്യാ മന്ത്രായരുടെയും രാജമണി അമ്മാളുടെയും മകനായ ഗണേശൻ ‘ശിവാജി കണ്ട ഹിന്ദുരാജ്യം’ എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനുശേഷം ‘ശിവാജി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1952 ലെ പരാശക്തി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങറ്റം. തമിഴിലെ ആദ്യത്തെ പാട്ടുകളില്ലത്ത പടമായിരുന്ന അന്തനാളിൽ നായകൻ ശിവാജിയായിരുന്നു.
പരാശക്തി, പാലും പഴവും, വീരപാണ്ഡ്യ കട്ടബൊമ്മൻ, പതിഭക്തി, തില്ലാനാ മോഹനാംബാൾ, തിരുവിളയാടൽ, മുതൽ മര്യാദൈ, തേവർ മകൻ, പടയപ്പ, തങ്കപ്പതക്കം, എൻ മകൻ, രാജരാജ ചോഴൻ, കപ്പലോട്ടിയ തമിഴൻ, നവരാത്രി, മോട്ടോർ സുന്ദരം പിള്ളൈ, തെന്നാലി രാമൻ, മനോഹര, പാശമലർ, ഗൌരവം, ഉയർന്ത മനിതൻ, അന്തമാൻ കാതലി തുടങ്ങി 288 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 250 ഓളം ചിത്രങ്ങളിൽ നായക വേഷം ചെയ്ത ഏക തമിഴ് നടനാണ് ശിവാജി ഗണേശൻ. തമിഴിൽ മാത്രമല്ല മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളിലും ശിവാജി വേഷമിട്ടു. മലയാളത്തിൽ പ്രേംനസീറിനോപ്പം തച്ചോളി അമ്പു എന്ന ചിത്രത്തിലും മോഹൻലാലിനോപ്പം യാത്രാമൊഴിയിലും അഭിനയിച്ചിട്ടുണ്ട്.
1960-ൽ ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ നടനായിരുന്നു അദ്ദേഹം. ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സിൻ്റെ ഷെവലിയർ പദവി ലഭിച്ച ആദ്യ ഇന്ത്യൻ നടായി. 1997-ൽ ഇന്ത്യൻ സിനമ പ്രവർത്തകർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി), നാല് ഫിലിംഫെയർ അവാർഡുകൾ (സൗത്ത്), മൂന്ന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ആ അഭിനയ പ്രതിഭയെ തേടിയെത്തി. ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ 'മർലോൺ ബ്രാൻഡോ' എന്നാണ് ലോസ് ഏഞ്ചൽസ് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
2001 ജൂലൈ 21 ആ അതുല്യ പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ചെന്നൈയിലായിരുന്നു അന്ത്യം. കമല ഗണേശനാണ് ഭാര്യ. പ്രശസ്ത തമിഴ് നടൻ പ്രഭു, രാംകുമാർ, ശാന്തി, തേൻമൊഴി എന്നിവരാണ് മക്കൾ.









0 comments