യുകെയിൽ 'ലിയോ'യെ വീഴ്ത്തി 'എമ്പുരാൻ'; ആദ്യ ദിനം റെക്കോർഡ് കളക്ഷൻ

കൊച്ചി: ഇന്ത്യയിലും വിദേശത്തും ഒരുപോലെ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് നേടി എമ്പുരാൻ. യുകെയിൽ ഒരു ഇന്ത്യൻ സിനിമ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റെക്കോർഡ് ഇനി എമ്പുരാന് സ്വന്തം. വിജയ്‍യുടെ തമിഴ് ചിത്രം ലിയോയുടെ മുൻ റെക്കോർഡും എമ്പുരാൻ മറികടന്നു. എമ്പുരാൻ യുകെ ബോക്സ് ഓഫീസിൽ ആദ്യ ദിനം 630,000 പൗണ്ട് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനം 2.45 മില്യണ്‍ ഡോളര്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. അതില്‍ ജിസിസിയില്‍ നിന്ന് മാത്രം ആദ്യ ദിനം 20.93 കോടി രൂപ നേടി.
കേരളത്തിൽ മാത്രം എഴുന്നൂറ്റമ്പതോളം തിയറ്ററുകളിലാണ് ആദ്യ ദിനം ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്. വ്യാഴം രാവിലെ ആറിനായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ചിത്രം ആദ്യദിനത്തിൽ ഇത്രയും വലിയ തുക നേടുന്നത്. 60 കോടിയിലേറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചതായാണ് വിവരം. സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 22 കോടിയാണ്. മലയാളത്തിൽ നിന്ന് മാത്രം 19.45 കോടി രൂപയും തെലുങ്കിൽ നിന്ന് 1.2 കോടി രൂപയും ഹിന്ദിയിൽ നിന്ന് ഏകദേശം 50 ലക്ഷം രൂപയും തമിഴിൽ നിന്ന് ഏകദേശം 80 ലക്ഷം രൂപയും ലഭിച്ചതായാണ് കണക്ക്.
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര കളക്ഷൻ നേടിയ റെക്കോർഡും ചിത്രത്തിനാണ്. അന്താരാഷ്ട്ര തലത്തിൽ ആദ്യ ദിവസം തന്നെ 42 കോടി രൂപ നേടിയാണ് എമ്പുരാൻ റെക്കോർഡിട്ടത്. 2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. സംവിധായകൻ എന്ന നിലയിൽ വൻ കൈയടിയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്. റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.









0 comments