ഗ്രെറ്റ ഗെർവിഗിന്റെ 'നാർനിയ'യിൽ 'വൈറ്റ് വിച്ച്' ആയി സെക്സ് എജ്യൂക്കേഷന്‍ താരം എമ്മ മാക്കി

ഹോളിവുഡ് : ബാർബി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായിക ഗ്രെറ്റ ഗെർവിഗിന്റെ പുതിയ ചിത്രം നാർനിയയിൽ പ്രധാന വേഷത്തിൽ ബ്രിട്ടീഷ് നടി എമ്മ മാക്കിയും. നാർനിയയിൽ വൈറ്റ് വിച്ച് എന്ന കഥാപാത്രമായാണ് എമ്മ എത്തുന്നത്. സെക്സ് എജ്യൂക്കേഷൻ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലൂടെ പ്രശസ്തയായ നടിയാണ് എമ്മ മാർഗരറ്റ് മേരി ടാച്ചാർഡ്- മാക്കി. ഗ്രെറ്റയുടെ ബാർബിയിലും എമ്മ പ്രധാന വേഷത്തിലെത്തിയിരുന്നു. സി എസ് ലൂയിസിന്റെ ദ ക്രോണിക്കിൾസ് ഓഫ് നാർനിയ എന്ന ഫാന്റസി നോവലിന്റെ അഡാപ്റ്റേഷനാണ് നാർനിയ.
നാർനിയ പരമ്പരയിലെ ദ ലയൺ, ദ വിച്ച് ആൻ‍് ദ വാർഡ്രോബ് എന്ന സീരീസിലാണ് വൈറ്റ് വിച്ച് പ്രധാനമായി പ്രത്യക്ഷപ്പെടുന്നത്. രാജാക്കൻമാരുടെ രാജാവ് എന്നറിയപ്പെടുന്ന അസ്‍ലാൻ എന്ന സിംഹത്തിന്റെ ശബ്ദരൂപത്തിൽ മെറിൽ സ്ട്രീപ്പും പ്രത്യക്ഷപ്പെടുമെന്ന് വിവരമുണ്ട്. 2005ൽ പുറത്തിറങ്ങിയ നാർനിയയിൽ ടിൽഡ സ്വിൻറ്റൺ ആണ് വൈറ്റ് വിച്ച് ആയി എത്തിയത്. നാർനിയ പുസ്തക പരമ്പരയിലെ ആറാമത്തെ പുസ്തകമായ ദ മജീഷ്യൻസ് നെഫ്യൂ ആണ് ഗ്രെറ്റയുടെ ചിത്രത്തിന് ആധാരമെന്നാണ് റിപ്പോർട്ട്.
2026 അവസാനം രണ്ടാഴ്ചയോളം ഐമാക്സിൽ റിലീസ് ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. സെക്സ് എഡ്യൂക്കേഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട എമ്മ സെഞ്ചുറി സ്റ്റുഡിയോസിന്റെ ഡെത്ത് ഓൺ ദ നൈൽ, എമിലി ബ്രോണ്ടിയുടെ ജീവിതം പറഞ്ഞ എമിലി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എമിലിയിലെ അഭിനയത്തിന് നടിക്ക് ബ്രിട്ടിഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡ് നോമിനേഷനിലും ഇടം ലഭിച്ചിരുന്നു.
നാർനിയ സീരീസിൽ കൂടുതൽ പ്രോജക്ടുകൾ ഒരുക്കുമെന്ന് 2018ലാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. 2020ലാണ് ഗ്രെറ്റ പ്രൊജക്ടിൽ ജോയിൻ ചെയ്യുന്നത്. 2023ൽ പുറത്തിറങ്ങിയ ബാർബിയാണ് ഗ്രെറ്റ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആ വർഷത്തെ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളിലൊന്നായിരുന്നു ബാർബി. ഓസ്കർ പുരസ്കാരവും ചിത്രം നേടിയിരുന്നു.









0 comments